മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (14)
പാ. വീയപുരം ജോർജ്കുട്ടി
4) ന്യായവിധി വാതില്ക്കൽ നിൽക്കുന്നു
യാക്കോബ് 5:9 – “സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങി പോകരുത്; ഇതാ, ന്യായാധിപതി വാതില്കൽ നില്ക്കുന്നു”
എബ്രായ : 9:27 – “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു” എന്നുള്ളത് നിശ്ചയമായ കാര്യമാണ്. എന്നാൽ ഭൂമിയിൽ വച്ച് തന്നെ ചിലരെല്ലാം തങ്ങൾ ചെയ്തതിന് തക്ക തിരിച്ചടികൾ പ്രാപിച്ചിട്ടുണ്ട്. മിസ്രയേമ്യർ യിസ്രായേല്യ ആൺകുഞ്ഞുങ്ങളെ കൊന്ന് മുടിച്ചപ്പോൾ, ദൈവം മിസ്രയേമ്യ ആദ്യ ജാതന്മാരെയെല്ലാം കൊന്ന് കളഞ്ഞു. മിസ്രയേമ്യർ യിസ്രായേല്യ ആൺകുഞ്ഞുങ്ങളെ വെള്ളം കുടിപ്പിച്ചു കൊന്ന് കളഞ്ഞപ്പോൾ, ദൈവം ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ വെള്ളം കുടിപ്പിച്ചു കൊന്നു കളഞ്ഞു.
ദൈവത്തിന്റെ പ്രിയ പുരുഷനായ ദാനിയേലിനെ സിംഹഗുഹയിൽ ഇടുവാൻ പദ്ധതിയിട്ടവരെ അതെ സിംഹഗുഹയിൽ ഇട്ടു. സിംഹം അവരെ കൊന്നു കളഞ്ഞു. ദൈവജനത്തിന്റെ ഗുണകാംക്ഷിയായ മൊർദെഖായിയെ നശിപ്പിക്കേണ്ടതിനായി വൈരിയായ ഹാമാൻ ഉണ്ടാക്കിയ 50 മുഴം ഉയരമുള്ള കഴുമരത്തിൽ അവനെതന്നെ തൂക്കിക്കൊന്നു ദൈവം നീതി നടത്തുകയുണ്ടായി (എസ്ഥേർ : 7:9,10)
പിതാക്കന്മാരുടെ അവകാശം കൈമാറ്റം ചെയ്യാതെ പ്രമാണത്തിൽ ഉറച്ചു നിന്ന പ്രാർത്ഥനാമനുഷ്യനായ നാബോത്തിനെ കൊന്ന് കളയുകയും, നാബോത്തിന്റെ മുന്തിരിത്തോട്ടം ചീരത്തോട്ടമാക്കുവാൻ ശ്രമിക്കുകയും ചെയ്ത ആഹാബിനോടും കുതന്ത്രങ്ങൾ മെനഞ്ഞ ഇസബേലിനോടും ദൈവം അതെ നാണയത്തിൽ തന്നെ തിരിച്ചടിച്ചു. (1 രാജ : 21:1-29, 22:34-38, 2 രാജ : 9:29-37)
അനേകം ഭാര്യമാർ ദാവീദിന് ഉണ്ടായിരുന്നിട്ടും, ഏകഭാര്യയുള്ള രാജ്യസ്നേഹിയായ ഊരിയാവിന്റെ ഭാര്യയെ മോഹിച്ചു ഉപായത്തിൽ അവളോട് കൂടെ ശയിക്കുകയും, ഊരിയാവിനെ പടയുടെ മുൻപിൽ നിർത്തി ചതിവിൽ കൊല്ലിക്കുകയും, മറ്റാരും ഇത് അറിഞ്ഞില്ല എന്ന ഭാവത്തിൽ രഹസ്യമാക്കിവയ്ക്കുകയും ചെയ്തു. എന്നാൽ സകല രഹസ്യങ്ങളെയും അറിയുന്ന ദൈവം ഇതിന് പകരം കൊടുക്കുകയും, തന്റെ മകൻ അബ്ശാലോം എല്ലാ യിസ്രായേലും കാൺകെ ദാവീദിന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെല്ലുകയും ചെയ്തു. (2 സാമുവേൽ : 11:2-27; 16:21,22)
അദോനീ-ബെസെക്ക് എന്ന രാജാവ് തന്റെ ശത്രുക്കളായ 70 രാജാക്കന്മാരുടെ കൈകാലുകളിലെ പെരുവിരൽ മുറിച്ചു കളഞ്ഞിരുന്നു. ഒടുവിൽ താൻ ശത്രുക്കളുടെ കൈയിൽ അകപെട്ടപ്പോൾ തന്റെ കൈകാലുകളുടെ പെരുവിരലും അവർ മുറിച്ചു കളഞ്ഞു. അപ്പോൾ താൻ പറഞ്ഞത്, ‘ഞാൻ ചെയ്തത് പോലെ തന്നെ ദൈവം എനിക്ക് പകരം ചെയ്‌തിരിക്കുന്നു’ (ന്യായ : 1:6,7)