മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (66)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (66)
പാ. വീയപുരം ജോർജ്കുട്ടി

2) യാക്കോബ് : മരിച്ചുപോയി എന്ന് താൻ കരുതിയ തന്റെ മകൻ യോസേഫ് ജീവിച്ചിരിക്കുന്നുവെന്ന് യാക്കോബ് അറിഞ്ഞപ്പോൾ താൻ പറഞ്ഞത് (ഉല്പത്തി : 45:28), “മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പേ അവനെ പോയി കാണും എന്ന് യിസ്രായേൽ പറഞ്ഞു”
എല്ലാവരുടെയും ഒരാഗ്രഹമാണ് മരിക്കുന്നതിന് മുൻപ് പ്രിയപെട്ടവരെ എല്ലാവരെയും ഒന്ന് കണ്ടിട്ട് കടന്ന് പോകുക എന്നുള്ളത്. വിദേശത്തുള്ള ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, മാതാപിതാക്കൾ നാട്ടിൽ അത്യാസന്ന നിലയിൽ ആയിരിക്കുന്നു എന്ന് അറിയുമ്പോൾ എന്തെങ്കിലും സംഭവിച്ചിട്ട് (മരിച്ചിട്ട്) പോകുവാൻ പ്ലാൻ ചെയ്തിരിക്കുകയാണെന്ന്. എന്നാൽ മരണത്തിന് മുൻപ് ചെന്ന് അവരോട് കൂടെ സമയം ചിലവഴിക്കുകയും, അവരെ ശുശ്രുഷിക്കുകയും ചെയ്യുന്നത് ഒരു ഭാഗ്യമാണ്. നമ്മുടെ മാതാപിതാക്കളോ ബന്ധുമിത്രാദികളോ അത്യാസന്ന നിലയിൽ കിടക്കുന്നു എന്ന് അറിഞ്ഞാൽ, കഴിവുണ്ടെങ്കിൽ അവരെ പോയി കാണുന്നതും പ്രാർത്ഥിക്കുന്നതും നല്ലതായിരിക്കും.

3) യോസേഫ് : താൻ മരിക്കും മുൻപ് തന്റെ സഹോദരന്മാരോട് പറഞ്ഞത് (ഉല്പത്തി : 50:24,25; എബ്രാ :11:22). “യോസേഫ് തന്റെ സഹോദരന്മാരോട് : ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തു നിന്ന് താൻ അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക് കൊണ്ട് പോകുകയും ചെയ്യും എന്ന് പറഞ്ഞു. ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെ നിന്ന് കൊണ്ട് പോകണം എന്ന് പറഞ്ഞു യോസേഫ് യിസ്രായേൽമക്കളെ കൊണ്ട് സത്യം ചെയ്യിച്ചു.”
മിസ്രയെമിലെ പിരമിഡിനകത്ത് താൻ ഒതുങ്ങേണ്ടുന്നവൻ അല്ലെന്നും, പിതാക്കന്മാർക്ക് ദൈവം കൊടുത്ത വാഗ്ദത്തനാടാണ് തന്റെയും പ്രതീക്ഷ എന്നും, ദൈവം നിങ്ങളെ സന്ദർശിക്കുമെന്നും, എല്ലാവരും മടങ്ങി വാഗ്ദത്തനാട്ടിൽ പോകുവാൻ ഒരുങ്ങണമെന്നുള്ള വലിയ സന്ദേശം നല്കുകയും അവരുടെ പ്രത്യാശയെ ഓർപ്പിച്ചു ഉണർത്തുകയും ചെയ്തു.
നാമും നമ്മുടെ പിൻതലമുറയെ ദൈവം നമുക്ക് ഒരുക്കികൊണ്ടിരിക്കുന്ന വാസസ്ഥലത്തെക്കുറിച്ച് ഓർപ്പിക്കുകയും അവരെ അതിൽ ബോധവാന്മാരാക്കുകയും വേണം.

Leave a Comment

Your email address will not be published. Required fields are marked *

three × five =

error: Content is protected !!