മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (76)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (76)
പാ. വീയപുരം ജോർജ്കുട്ടി

സിലു : അത്ഭുത സൗഖ്യത്തിന്റെ ജീവിക്കുന്ന സാക്ഷി
(2013 ആഗസ്ററ് 19 ന് ഗുഡ്‌ന്യൂസിൽ വെസ്‌ലി മാത്യുവും, സി. വി. മാത്യുവും ചേർന്ന് നൽകിയ ലേഖനം)

ജൂലൈ 8 തിങ്കൾ
ആ സംഭവത്തിന്റെ നടുക്കുന്ന ഓർമ്മകളുമായി ഡോ. ജോൺസണും സിലുവും. നാലാമത്തെ കുഞ്ഞിന് ജന്മം നൽകാനാണ് സിലു പ്രസ്ബറ്റീരിയൻ ആശുപത്രിയിൽ അഡ്മിറ്റായത്. ഞാറാഴ്ച പതിവ് പോലെ ജോൺസൺ മറ്റ് കുടുംബാംഗങ്ങളുമായി സഭായോഗത്തിൽ സംബന്ധിച്ചു. പ്രസവത്തീയതി അടുത്തതിനാൽ സിസ്റ്റർ സിലു വീട്ടിലിരുന്ന് പ്രാർത്ഥിച്ചു. യോഗത്തിൽ സിലുവിനായി പ്രാർത്ഥിക്കുവാൻ പാ. വീയപുരം ജോർജ്കുട്ടി പ്രത്യേകം സമയം കണ്ടെത്തി.
ജൂലൈ 14 ആയിരുന്നു ഡോക്ടർമാർ നിർദേശിച്ചിരുന്ന പ്രസവ തീയതി. പക്ഷെ, കുഞ്ഞിന് പൂർണ്ണവളർച്ചയായതിനാൽ അതുവരെ നീട്ടിയാൽ ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്ന നിഗമനത്തിലാണ് ഏഴാം തിയതി അഡ്മിറ്റായത്. ഞാറാഴ്ച വൈകിട്ട് തന്നെ വേദന ആരംഭിക്കാനുള്ള മരുന്ന് നൽകി. തീർത്തും സാധാരണ ഗതിയിൽ കാര്യങ്ങൾ നീങ്ങി. കുഞ്ഞ് നാലഞ്ച് ഇഞ്ചോളം താഴോട്ട് ചലിച്ചത് നല്ല ലക്ഷണമായിരുന്നു.

തിങ്കളാഴ്ച രാവിലെ 9:45
പെട്ടെന്നായിരുന്നു കാര്യങ്ങൾ തകിടം മറിഞ്ഞത്. സിലു പെട്ടെന്ന് ഓക്കാനിച്ചു. മൂത്ത കുഞ്ഞിന്റെ പ്രസവസമയത്തും ഛർദ്ദിയുണ്ടായതിനാൽ ഉടനെ പ്രസവം ‌നടക്കുമെന്ന് ഡോക്ടറും വിലയിരുത്തി. ചെറുതായൊന്ന് ചുമച്ച സിലുവിന്റെ തല പെട്ടെന്ന് ഒരു വശത്തേക്ക് ചരിഞ്ഞു. താൻ അബോധാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു.
ഡോക്ടർ ഓടിയെത്തി. ശ്വസനം നിലച്ചിരിക്കുന്നു. നാഡിമിടിപ്പും ഏതാണ്ട് നിശ്ചലമായി കൊണ്ടിരിക്കുന്നു. ഹൃദയസ്പന്ദനം അതിവേഗം കുറയുന്നതായി മോണിറ്ററിൽ കാണാം. അമ്മ മരണത്തിന് കീഴടങ്ങുന്നതായി ഡോക്ടർ തീർച്ചപ്പെടുത്തി. അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഡോക്ടർ പെട്ടെന്ന് കുഞ്ഞിനെ ശ്രദ്ധിച്ചു. 140-160 നിലനിർത്തേണ്ട കുഞ്ഞിന്റെ ഹൃദയസ്പന്ദനം 40 ലേക്ക് താണു. നിമിഷങ്ങൾക്കകം കുഞ്ഞും മരിക്കാം.

സമയം 9:49

കുഞ്ഞിനെയെങ്കിലും രക്ഷിക്കാമോ എന്ന് നോക്കാനുറച്ച് ഡോക്ടർ ഉറക്കെ വിളിച്ചു പറഞ്ഞു, “നൈഫ്, നൈഫ്” ലേബർ റൂമിൽ കയറുവാനോ ശസ്ത്രക്രിയക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുവാനോ സമയമില്ല. എല്ലാം ശ്രദ്ധിച്ചു കൊണ്ട് അടുത്ത് നിൽക്കുകയായിരുന്ന ഭർത്താവ് ഡോ. ജോൺസന്റെ വാക്കാലുള്ള സമ്മതത്തോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. വളരെ തിടുക്കത്തിലുള്ള ആ പ്രവർത്തി ഏറെ അപകടസാദ്ധ്യതയുള്ളതായിരുന്നു.
കുഞ്ഞിന്റെ ഹൃദയ സ്പന്ദനം 40 ൽ തന്നെ നിൽക്കുന്നു. ഉടനെ കുഞ്ഞു കരയുകയോ ശ്വാസം എടുക്കുകയോ ചെയ്തില്ലെങ്കിൽ അംഗവൈകില്യമോ മരണമോ ഉറപ്പ്. കൃതിമ ശ്വാസം നല്കാൻ ഒരുങ്ങിയപ്പോഴേക്കും കുഞ്ഞു കരഞ്ഞു ശ്വാസമെടുത്തു. ഏതായാലും അമ്മ നഷ്ടപ്പെടും; കുഞ്ഞിനെയെങ്കിലും രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ആ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് ഡോക്ടർ പിന്നീട് ജോൺസനോട് പറഞ്ഞു.
സിലുവിന്റെ ശരീരം നിശ്ചലമാണ്. ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഒരു വെയ്ൻ പോലും കിട്ടുന്നില്ല. ഒടുവിൽ സെൻട്രൽ ലൈൻ ചെയ്തു (കഴുത്തിലെ ഞരമ്പ് മുറിച്ച് മെഷീൻ ഘടിപ്പിച്ചു)
ശരീരത്തിനകത്തും പുറത്തും ശക്തിയായ രക്തപ്രവാഹം, ഗർഭാശയത്തിലെ ദ്രാവകവും രക്തവും കുട്ടികലർന്ന് 80,000 രോഗികളിൽ ഒരാൾക്ക് മാത്രം സംഭവിക്കാവുന്ന പ്രശ്നമാണ് ശീലുവിനുണ്ടായത് (amniotic fluid embolism). “ഗർഭപാത്രം മുറിച്ചു മാറ്റട്ടെ”, ഡോക്ടർ ചോദിച്ചു. ജോൺസൺ തലയാട്ടി സമ്മതിച്ചു. “ഓവറി കൂടെ നീക്കം ചെയ്ത് നോക്കട്ടെ”. അതിനും മൗനസമ്മതം നൽകി. രക്തത്തിന്റെ അളവ് നിലനിർത്താൻ 12 ബാഗ് രക്തം ശരീരത്തിൽ കയറ്റി. നാലഞ്ച് മണിക്കൂർ കഠിനാധ്വാനത്തിലൂടെ ഡോക്ടർമാർ ചെയ്യാവുന്നതെല്ലാം ചെയ്തു ശസ്ത്രക്രിയ അവസാനിപ്പിച്ചു. മൂന്ന് മണിയോടെ സിലുവിനെ ICU ലേക്ക് മാറ്റി. ‘ജീവൻ തിരികെ കിട്ടിയേക്കാം. പക്ഷെ, അവയവങ്ങൾ തളർന്ന് പോകുകയോ ഞരമ്പുകൾക്ക് തകരാറ് സംഭവിക്കുകയോ തീർച്ച. തുടർസർജറികളും വേണ്ടി വന്നേക്കാം. അതിനായി മറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറ്റേണ്ടി വരും. ശരീരം കുറെയെങ്കിലും പ്രതികരിക്കാൻ നാലഞ്ച് മാസം കാത്തിരിക്കേണ്ടി വരും’, ജോൺസനെ ബോധവത്കരിക്കുവാൻ ഡോക്ടർമാർ ശ്രമിച്ചു. ജീവനെങ്കിലും തിരികെ കിട്ടിയല്ലോ എന്ന ആശ്വാസമായിരുന്നു ജോൺസന്.

Leave a Comment

Your email address will not be published. Required fields are marked *

three × five =

error: Content is protected !!