മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (95)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (95)
പാ. വീയപുരം ജോർജ്കുട്ടി

29
മരിച്ചവരുടെ ഉയിർപ്പും വിശുദ്ധന്മാരുടെ രൂപാന്തരവും

പ്പോസ്തോലനായ വിശുദ്ധ പൗലോസ് വിശുദ്ധന്മാരുടെ ഉയിർപ്പിനെപ്പറ്റി വിശദീകരിക്കുമ്പോൾ, “ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം : നാം എല്ലാവരും നിദ്ര കൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും … ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ ‘മരണം നീങ്ങി ജയം വന്നിരിക്കുന്നു’ എന്ന് എഴുതിയ വചനം നിവൃത്തിയാകും” (1 കോരി :15:51-54)
വീണ്ടും വിശുദ്ധന്മാരുടെ ഉയിർപ്പിന്റെയും രൂപാന്തരത്തിന്റെയും ക്രമവും രീതിയും വിവരിക്കുമ്പോൾ, “കർത്താവ് താൻ ഗംഭീര നാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോട് കൂടെ ഇരിക്കും” (1 തെസ്സ :4:16,17)
യാഗം കഴിച്ച് തന്നോട് നിയമം ചെയ്ത പഴയനിയമ വിശുദ്ധന്മാരെയും, യേശുക്രിസ്തുവിന്റെ പരമയാഗത്തിലൂടെ വിശ്വാസത്താൽ നീതികരണവും വീണ്ടെടുപ്പും പുത്രത്വവും പ്രാപിച്ച പുതിയനിയമ വിശുദ്ധൻമാരെയും ചേർക്കേണ്ടതിനായി യേശുക്രിസ്തു സ്വർഗ്ഗസ്ഥലങ്ങളിൽ നിന്ന് മദ്ധ്യാകാശത്തിലേക്ക് ഇറങ്ങി വരും. തദവസരം കർത്താവിന്റെ ഗംഭീരനാദവും, പ്രധാനദൂതന്റെ ശബ്ദവും, ദൈവത്തിന്റെ കാഹളവും മുഴങ്ങുന്നതായിരിക്കും. ഈ മൂന്ന് ശബ്ദത്തിനും പ്രത്യേകം പ്രത്യേകം ഉദ്ദേശങ്ങളായിരിക്കും ഉള്ളത്.

1) കർത്താവ് താൻ ഗംഭീര നാദത്തോടെ മടങ്ങി വരുന്നു
കർത്താവിന്റെ ഗംഭീരനാദത്തിന് വലിയ ശക്തിയാണുള്ളത്. യേശു ക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ ബെഥാന്യയിൽ മാർത്തയുടെയും മറിയയുടെയും സഹോദരനായ ലാസർ മരിച്ച ശേഷം നാലാം നാൾ നാറ്റം വമിക്കുന്ന കല്ലറയുടെ അടുക്കൽ നിന്ന് കൊണ്ട് “ലാസറേ, പുറത്തു വരുക” എന്ന് ഗംഭീരശബ്ദത്തിൽ ആജ്ഞാപിച്ചപ്പോൾ അവൻ ഉയിർത്തെഴുന്നേറ്റവനായി പുറത്ത് വന്നു.
ഈ ഭാഗം ശ്രദ്ധയോട് കൂടി പഠിച്ചാൽ, ലാസറിന്റെ ആത്മാവ് അധോലോക പറുദീസയിൽ അബ്രഹാമിന്റെ മടി എന്നറിയപ്പെടുന്ന സ്ഥലത്താണെന്ന് മനസ്സിലാകും. കല്ലറയിൽ പ്രതികരണശേഷി നഷ്‌ടമായ ലാസറിന്റെ മൃതശരീരം മാത്രമാണ്. അപ്പോൾ കർത്താവിന്റെ ഗംഭീരനാദം മുഴങ്ങിച്ചെന്നത് കല്ലറയിലല്ല, പിന്നെയോ കല്ലറയെ കീറിമുറിച്ച് കൊണ്ട് അധോലോക പറുദീസയിലാണ് ഈ ശബ്ദം മുഴങ്ങിയത്. അധോലോക പറുദീസയിൽ യേശുക്രിസ്തുവിന്റെ ശബ്ദം കേൾക്കേണ്ടതിന് വേണ്ടി കാതോർത്ത് കോടികണക്കിന് വിശുദ്ധന്മാർ ആകാംഷയോടെ കാത്തിരിക്കുന്ന വേളയിലാണ് ‘ലാസറേ, പുറത്തു വരുക’ എന്ന ശബ്ദം മുഴങ്ങിയത്. എന്റെ അഭിപ്രായം, ആ വിളിയിൽ പാതാള ലോകം പ്രകമ്പനം കൊണ്ട് കാണും. ‘മരിച്ചവരെ, പുറത്തു വരുവിൻ’ എന്ന് യേശു പറഞ്ഞിരുന്നുവെങ്കിൽ പാതാളത്തിൽ കിടക്കുന്ന എല്ലാ മനുഷ്യരും ഉയിർത്തെഴുനേൽക്കുമായിരുന്നു. അതിന്റെ സമയം ആകാത്തത് കൊണ്ടാണ് യേശു ലാസറിനെ മാത്രം വിളിച്ചത്. (യോഹ :11:1-44)

Leave a Comment

Your email address will not be published. Required fields are marked *

13 + 1 =

error: Content is protected !!