‘സങ്കീർത്തന ധ്യാനം’ – 132
പാ. കെ. സി. തോമസ്
നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും, സങ്കീ : 55:22
എല്ലാകാലത്തും ഭക്തന്മാർക്ക് വളരെ ധൈര്യവും ആശ്വാസവും നൽകുന്ന വളരെ അനുഗ്രഹിക്കപ്പെട്ട വാക്യമാണ് നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക എന്നത്. നമ്മുടെ ഭാരം ഇറക്കി വയ്ക്കാൻ ഒരു സ്ഥലം ഉണ്ട്. ലോകത്തിൽ അനേകരും അവരുടെ ഭാരങ്ങൾ അവർ തന്നെ ചുമന്ന് തളർന്ന് പോയ്കൊണ്ടിരിക്കുകയാണ്. ഭാരവും പ്രയാസവും ഇല്ലാത്ത ഒരു മനുഷ്യൻ ലോകത്തിൽ ഇല്ല. സ്വന്തമായ ഭാരങ്ങൾ വളരെ ഉള്ളപ്പോൾ തന്നെ അവരെ കൂടുതൽ ഭാരപ്പെടുത്തുന്ന ആളുകൾ ഉണ്ട്. സ്വയം ഭാരങ്ങൾ എല്ലാം ചുമന്ന് നിരാശിതരായി ജീവിതത്തോട് തന്നെ വെറുപ്പ് തോന്നി കഴിയുന്നവർ ധാരാളം ഉണ്ട്. പൂർവ്വകാലങ്ങളിൽ മാർക്കറ്റിൽ നിന്നും വാങ്ങിക്കൊണ്ട് പോകുന്ന സാധനങ്ങൾ ഇന്നത്തെ പോലെ കൊണ്ട് പോകാൻ വാഹന സൗകര്യങ്ങളില്ലായിരുന്നു. ദീർഘദൂരം തലയിൽ ചുമന്ന് കൊണ്ട് പോകണമായിരുന്നു. അന്ന് അവർക്ക് ആശ്വാസത്തിനായി വഴിയരികിൽ ചുമട് താങ്ങികൾ ഉണ്ടായിരുന്നു. അതിൽ ഭാരം ഇറക്കി വച്ച് അല്പസമയം വിശ്രമിച്ച ശേഷം വീണ്ടും അവർ ചുമടും ചുമന്ന് ദീർഘദൂരം നടക്കുമായിരുന്നു. ഭാരമിറക്കി വയ്ക്കാൻ സ്ഥാപിച്ചിരുന്ന ചുമട് താങ്ങികളായിരുന്നു അവർക്ക് അത്താണിയായുണ്ടായിരുന്നത്. എന്നാൽ ഇന്ന് അക്ഷരീയ ഭാരങ്ങൾ വഹിച്ചു കൊണ്ട് പോകാൻ വാഹന സൗകര്യങ്ങൾ ഉണ്ട്. എന്നാൽ മനുഷ്യൻ യഥാർത്ഥത്തിൽ ചുമന്ന് നടക്കുന്ന ജീവിത ഭാരങ്ങൾ ഇറക്കി വയ്ക്കാൻ ഒരിടം ഉണ്ട്. അത് സർവ്വ ശക്തനായ ദൈവസാന്നിധ്യമാണ്. നിന്റെ ഭാരം യഹോവയുടെ മേൽ വച്ച് കൊൾക. യേശു വിളിച്ചു പറഞ്ഞു, അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോവേ നിങ്ങൾ എന്റെ അടുക്കൽ വരിക. ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. നരയ്ക്കുവോളം ചുമക്കാമെന്ന് പറഞ്ഞവൻ നമ്മുടെ ഭാരങ്ങളും ചുമക്കുന്നവനാണ്. നാം ഭാരം ചുമന്ന് കൊണ്ടിരിക്കേണ്ട. ഒരിയ്ക്കൽ ഒരു മനുഷ്യൻ വലിയ ചുമട് ചുമന്ന് തളർന്ന് നടക്കുന്ന കാഴ്ച കണ്ട് ഒരു കാളവണ്ടിക്കാരൻ വണ്ടി നിറുത്തി അയാളെ വണ്ടിയിൽ കയറ്റി. കുറച്ച് കഴിഞ്ഞ് വണ്ടിയിൽ കയറിയ ആളിനെ തിരിഞ്ഞ് നോക്കിയപ്പോൾ തലയിൽ ചുമട് വച്ച് വണ്ടിയിൽ ഇരിക്കുന്ന മനുഷ്യനെയാണ് കണ്ടത്. ഇത് പലരുടെയും അനുഭവമാണ്. ദൈവം അവരുടെ ഭാരങ്ങളുമായി തന്റെ അടുക്കൽ ചെല്ലുവാൻ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ചെന്ന പലരും ഭാരം അവന്റെ സന്നിധിയിൽ ഇറക്കി വയ്ക്കാതെ സ്വയം ചുമന്ന് യേശുവിനോട് കൂടെ ആയിരിക്കുന്ന അനുഭവമാണ് കാണുന്നത്. സ്നേഹിതാ, ലോകത്തിലുള്ള സകല മനുഷ്യരുടെയും ഭാരങ്ങൾ ചുമക്കാൻ യേശുവിന്റെ തോളിന് ബലമുണ്ട്. ദാവീദ് അനുഭവത്തിൽ എഴുതിയ പ്രബോധന വാക്കുകളാണിത്. ഇത് ദൈവം തന്നോട് സംസാരിച്ച വാക്കുകകളായിരുന്നു. രാജ്യഭാരം വഹിക്കുന്ന രാജാവിന് വഹിക്കാൻ കഴിയുന്നതിനേക്കാൾ അധികം ഭാരങ്ങൾ ഉണ്ടായിരുന്നു. അപ്പോഴാണ് സ്വന്ത മകൻ അബ്ശാലോം തനിക്കെതിരെ കൂട്ട്കെട്ടുണ്ടാക്കി പോരാടാൻ തുടങ്ങിയത്. അവനോടൊപ്പം തന്റെ ഉറ്റമിത്രം അഹീതോഫെഹേലും കൂടിയിരിക്കുന്നുവെന്ന വാർത്ത തന്റെ ഭാരം വളരെ മടങ്ങ് വർദ്ധിപ്പിച്ചു. നാളെ എന്താകും ? ആര് സഹായിക്കും ? ആര് സംരക്ഷിക്കും ? ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത്. തന്റെ ഭാവി എന്താകും ? എന്ത്കൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് തുടങ്ങിയ അനേക ചിന്താകുലങ്ങൾ തന്റെ ഹൃദയത്തിന്റെ ഭാരവും വേദനയും ഉളവാക്കി. ദാവീദേ, നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും, നീ കുലുങ്ങി പോകാൻ അവൻ ഒരുനാളും സമ്മതിക്കുകയില്ല. ഈ വാക്കുകൾ ദാവീദിന് വലിയ ധൈര്യവും ഉത്തേജനവും നൽകി. അത് കൊണ്ട് താൻ സങ്കീർത്തനത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കിട്ടപ്പോൾ വായനക്കാർക്ക് നൽകിയ ശക്തമായ ഒരു സന്ദേശമാണ് സ്നേഹിതാ, നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും. നീതിമാൻ കുലുങ്ങി പോകുവാൻ യഹോവ ഒരുനാളും സമ്മതിക്കുകയില്ല. നിന്റെ ഭാരം വർദ്ധിപ്പിച്ച ശത്രു ചിന്തിച്ചത് നീ കുലുങ്ങിപ്പോകും. നീ തളർന്ന പോകും. നീ ക്ഷീണിച്ചു പോകും, ഭാരവുമായി വീണ് പോകുമെന്നാണ്. എന്നാൽ ഞാനും നിങ്ങളും കുലുങ്ങി പോകാൻ ദൈവം ഒരുനാളും സമ്മതിക്കുകയില്ല. നാം അവന്റെ നീതിമാന്മാരാണ്. നാം അവന്റെ സ്വന്ത ജനമാണ്. സ്വന്ത മക്കളാണ്. നമ്മുടെ കാര്യത്തിൽ നമ്മുടെ ദൈവത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. നാം യേശുവിന്റെ രക്തത്തിന്റെ വിലകളാണ്. ഓമനപ്പേർ ചൊല്ലിവിളിക്കപെട്ടവരാണ്. അധൈര്യപ്പെടാതെ തളരാതെ, ഭാരം അവന്റെ മേൽ വച്ചു കൊൾക.