‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 56
പാ. വി. പി. ഫിലിപ്പ്
മണവാട്ടിയായ സഭയെ ചേർക്കുവാൻ വരുന്ന മണവാളനായ ക്രിസ്തുവിന്റെ രഹസ്യവരവിനെ (1 തെസ്സ :4:17) മേഘ പ്രത്യക്ഷതയായി നാം മനസിലാക്കുന്നു. രാജാവായി വാഴുവാൻ പോകുന്ന യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയെ (വെളി : 1:7; യെശ :32:1) മഹത്വ പ്രത്യക്ഷതയായും പഠിക്കാം.
യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ പ്രത്യേകതകളെ കുറിച്ചല്ല ഇവിടെ വിശദീകരിക്കുവാൻ ആഗ്രഹിക്കുന്നത്. പ്രത്യുത “പറുസ്സിയ” നൽകുന്ന മുന്നറിയിപ്പിലേക്കാണ്.
ഒന്നാമതായി, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ പശ്ചാത്തലത്തിൽ തെറ്റായ ഉപദേശങ്ങൾ പ്രചരിക്കപ്പെടുവാൻ സാധ്യതയുണ്ട്. തെറ്റായ സന്ദേശങ്ങൾ വിശ്വാസ സമൂഹത്തെ ഇളക്കുവാനും ഞെട്ടിപ്പിക്കുവാനും സാധ്യതയുള്ളതാണ്. അത് കൊണ്ട് നാം സുബോധം ഉള്ളവരാകണം. ലോകാവസാനത്തെക്കുറിച്ചും യേശുവിന്റെ മടങ്ങിവരവിനെ സംബന്ധിച്ചും കള്ളപ്രവചനങ്ങൾ നടത്തുന്ന കള്ളപ്രവാചകന്മാരെ തിരിച്ചറിയേണം. അവയ്കെതിരെ ശക്തമായ പ്രബോധനങ്ങൾ സഭ നടത്തണം.
രണ്ടാമതായി, സഭ ദൗത്യ ദർശനത്തിൽ ശക്തികരിക്കപ്പെടേണ്ട സമയമാണിത്. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും”, മത്തായി : 24:14. സുവിശേഷം പ്രസംഗിക്കുക എന്നത് സഭയുടെ ദൗത്യമാണ്. സംഘടനാ പ്രവർത്തനങ്ങളിലും സ്വാർത്ഥ താല്പര്യങ്ങളിലും അധികം ശ്രദ്ധിക്കുന്ന സഭ ദൗത്യത്തിലേക്ക് മടങ്ങി വരണം. നാം ക്രിസ്തു കേന്ദ്രീകൃതമാകുമ്പോൾ ദൗത്യത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കും.
മൂന്നാമതായി, വിശുദ്ധീകരണത്തിന്റെ സന്ദേശമാണ് ഇവിടെ പ്രസക്തം. “അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ”, വെളി : 22:11. യേശുക്രിസ്തുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നവർ വിശുദ്ധിയിൽ തങ്ങളെ സൂക്ഷിക്കട്ടെ. ഉത്തരാധുനിക സംസ്കാരത്തിന്റെ തിന്മ നമ്മുടെ ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ. ലോകം നമ്മെ സ്വാധീനിക്കരുത്. നാം ലോകത്തെ സ്വാധീനിക്കണം. “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക”, 2 കോരി :7:1.
യേശുക്രിസ്തുവിന്റെ മടങ്ങിവരവ് നമ്മുടെ ഭാഗ്യകരമായ പ്രത്യാശയാണ്. ദൗത്യത്തിനും വിശുദ്ധീകരണത്തിനും അത് പ്രേരക ശക്തിയായി തീരട്ടെ.