‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 49
പാ. വി. പി. ഫിലിപ്പ്
രണ്ട് ശ്രദ്ധേയമായ പ്രത്യേകതകൾ ആയിരുന്നു ജോൺ വിക്ലിഫിന്റെ ജീവിതത്തിലുണ്ടായിരുന്നത്. ഒന്ന് പാപ്പാധിപത്യത്തെയും സത്യവിരുദ്ധ ഉപദേശങ്ങളെയും അദ്ദേഹം എതിർത്തു. രണ്ട് വേദപുസ്തക സത്യങ്ങൾ ജനങ്ങളിൽ എത്തിക്കുകയും സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. തികഞ്ഞ മാതൃക ക്രിസ്തുശിഷ്യനായിരുന്നു ജോൺ വിക്ലിഫ്.
ജിം എലിയട്ടും സംഘവും
ഇക്വഡോറിലെ ‘ഔക്ക’ എന്ന ഗോത്രത്തിന് വേണ്ടി ജീവൻ വിതറിയ അഞ്ച് മിഷനറിമാരിൽ ഒരാളാണ് ജിം എലിയട്ട്. പീറ്റ് ഫ്ലെമിംഗ്, നെയിറ്റ് സെയിന്റ്, റോജർ യുടോറിയൻ, എഡ്മാക്കള്ളി എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. ക്രിസ്ത്യൻ മിഷൻസ് ഇൻ മെനിലാന്റ്സിലെ പ്രവർത്തകർ ആയിരുന്നു ജിം എലിയട്ടും പീറ്റും എഡ്മാക്കള്ളിയും.
1949 ൽ വീറ്റൺ കോളേജിൽ നിന്നും ബിരുദം നേടി ഇക്വഡോറിലെ സുവിശേഷകരണത്തിന് വേണ്ടി ജിം തന്നെ സമർപ്പിച്ചു. ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് വന്ന പീറ്റ് ഫ്ലെമിങും ജിം എലിയട്ടും 1952 ൽ സുവിശേഷവേലയ്ക്ക് വേണ്ടി ഒരുമിച്ചിറങ്ങി.
1955 ന്റെ അവസാനത്തിൽ ഇക്വഡോറിൽ വനത്തിൽ ‘ഓപ്പറേഷൻ ഔക്ക’ എന്ന പരിപാടിക്ക് തുടക്കമിട്ടു. തെക്കേ അമേരിക്കയിലെ ഒരു ഗോത്രവും എല്ലാവരുടെയും പേടിസ്വപ്നവുമായിരുന്ന ഔക്കളുടെ അമ്പേറ്റ് മരിച്ചവർ നിരവധിയായിരുന്നു. ഔക്കകളെ സുവിശേഷീകരിക്കുന്ന പരിപാടി മിഷനറിമാർക്ക് സ്വപ്ന സമാനമായിരുന്നു.
ഒരു പൈലറ്റായിരുന്ന നയറ്റ് സെയിന്റ് 1955 സെപ്റ്റംബർ 19 ന് തന്റെ ഒറ്റ എൻജിൻ പെപ്പർ ക്രൂയിസറിൽ പറന്ന് ഔക്കകളുടെ പ്രദേശത്തെത്തി. ആദ്യമായി ഔക്കകളുടെ ഒരു ഗ്രാമം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്നുള്ള ആഴ്ചകളിൽ മിഷനറിമാർ ഔക്കകളുടെ മുകളിലൂടെ പറക്കുകയും അവർക്ക് ഇഷ്ട്ടപെട്ട കത്തി, തുണികൾ തുടങ്ങിയവ സമ്മാനമായി കൊടുക്കുകയും ചെയ്തു.
വളരെ തിടുക്കത്തിലായിരുന്നു മിഷനറിമാരുടെ പ്രവർത്തനങ്ങൾ. ഔക്കകളെ സുവിശേഷീകരിക്കുക എന്ന ലക്ഷ്യം അവർ എല്ലാം വേഗത്തിൽ ചെയ്തു. പുറത്ത് നിന്നും മറ്റ് തടസ്സങ്ങൾ ഉണ്ടാകാതെയിരിക്കാൻ അവർ രഹസ്യത്തിലായിരുന്നു പ്രവർത്തനങ്ങൾ ചെയ്തത്. ജിം എലിയട്ട് ഔക്കൾക്ക് വേണ്ടി മരിക്കുവാനും തയ്യാറായിരുന്നു.
1956 ജനുവരി 3 ന് ഔക്കകളെ നേടുവാൻ അഞ്ച് മിഷനറിമാരും പാം ബീച്ചിലെത്തി. (നദീ തീരത്തിലെ ഒരു പ്രത്യേക സ്ഥലത്തിന് മിഷനറിമാർ നൽകിയ പേരായിരുന്നു ‘പാം’) അല്പം സാധനങ്ങളും അവർ കരുതിയിരുന്നു. മൂന്ന് പേർ ഒരു കുടിൽ കെട്ടി ആ രാത്രി അവിടെ പാർത്തു. രണ്ട് പേർ ബേസ് ക്യാമ്പിലേക്ക് പറന്ന് ആ രാത്രി അവിടെ താങ്ങി. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൂന്ന് ഔക്കകൾ (രണ്ട് സ്ത്രീകളും ഒരു പുരുഷനും) നദി കടന്ന് മിഷനറിമാരുടെ അടുക്കൽ വന്നത്. ജിം എലിയട്ട് അവരെ അഭിവാദ്യം ചെയ്യുകയും പരിചയഭാവം കാണിക്കുകയും ചെയ്തു. കൊടുത്ത സമ്മാനങ്ങൾ സ്വീകരിച്ച ഔക്കകൾ വളരെ സന്തോഷിച്ചതായി മിഷനറിമാർക്ക് മനസ്സിലായി. മടങ്ങിപ്പോയ ഔക്കകളിൽ നിന്ന് അടുത്ത ദിവസം ഒരു പ്രതികരണവും ഉണ്ടായില്ല.
രണ്ടാം ദിവസം ഔക്കകൾ മിഷനറിമാരുടെ കുടിലിന് നേരെ നടന്ന് നീങ്ങുന്നത് ഔക്ക ഗ്രാമത്തിന് മുകളിലൂടെ പറന്ന് നിരീക്ഷിച്ച നെയ്റ്റ് കണ്ടു. താനും പാം ബീച്ചിലിറങ്ങി.
പിന്നീട് എന്തുണ്ടായി എന്നതിന് ദൃഘ്സാക്ഷികൾ ഇല്ല. കണ്ടെത്തിയത് തകർന്ന വിമാനം ആയിരുന്നു. നാല് മിഷനറിമാരുടെ ശവശരീരങ്ങൾ ലഭിച്ചു. ഒരു മിഷനറിയുടെ ശരീരം ഒഴുകിപോയി എന്ന് അനുമാനിക്കപെട്ടു. ജിം എലിയട്ടിന്റെ ഭാര്യ എലിസബത്ത് ധൈര്യപ്പെട്ടു : “കർത്താവിന് ഒരു ഉദ്ദേശമുണ്ടെന്ന്” അവർ എഴുതി.
അഞ്ച് മിഷനറിമാരുടെ ജീവരക്തം ഔക്കകൾക്ക് പുതുജീവൻ നൽകി. മിഷനറിമാർ വീണ്ടും ഔക്കകളെ തേടിച്ചെന്നു. അവരിൽ എലിസബത്ത് എലിയട്ടും റേച്ചൽ സെയ്ന്റും ഉണ്ടായിരുന്നു. മിഷനറിമാരെ വധിച്ച ഔക്കകളും ജിം എലിയട്ട്, നയറ്റ് സെയിന്റ് എന്നിവരുടെ മക്കളും ഒരുമിച്ച് സ്നാനമേറ്റു. എവിടെ അഞ്ച് മിഷനറിമാർ കർത്താവിന് വേണ്ടി തങ്ങളുടെ രക്തം ചിന്തിയോ അവിടെ വിശ്വാസത്തിന്റെ വിത്തുകൾ മുളച്ചു വന്നു. ഔക്കകൾ പ്രാർത്ഥനയ്ക്കായി കൂടി വന്നു.