‘സങ്കീർത്തന ധ്യാനം’ – 133
പാ. കെ. സി. തോമസ്
എന്റെ കണ്ണുനീർ തുരുത്തിയിലാക്കി വയ്ക്കണമേ, സങ്കീ : 56:8
ദുഃഖവും മുറവിളിയും കഷ്ടതയും കണ്ണുനീരും ഈ താഴ്ചയുള്ള ശരീരത്തിലിരിക്കുന്ന എല്ലാ മനുഷ്യർക്കും ഉണ്ട്. പൗലോസ് കൊരിന്ത്യ ലേഖനത്തിൽ എഴുതി, ഞങ്ങൾ ഈ കൂടാരത്തിലിരിക്കുന്നിടത്തോളം ഭാരപ്പെട്ട് ഞരങ്ങുന്നു (2 കോരി :5:4). ലോക മനുഷ്യർ എല്ലാവരും ഈ ഭൂമിയിൽ പ്ലേ വിഷയത്തിന്റെ മുമ്പിൽ ഭാരപ്പെട്ട് കഴിയുന്ന അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനുമാകുന്നു. തീപ്പൊരി ഉയരെ പറക്കും പോലെ അവർ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നുവെന്ന് ഇയ്യോബിന്റെ പുസ്തകത്തിൽ കാണുന്നു. തീ കത്തുന്ന സ്ഥലത്ത് നിന്നും ഒന്നിന് പുറകെ ഒന്നായി തീപ്പൊരി ഉയരത്തിൽ പറക്കുകയും അണയുകയും ചെയ്യുന്നത് പോലെ മനുഷ്യജീവിതത്തിൽ ഒരു കഷ്ടത കഴിയുമ്പോൾ മറ്റൊരു കഷ്ടത ഒരു രോഗം മാറുമ്പോൾ മറ്റൊരു രോഗം, ഒരു പരിശോധന കഴിയുമ്പോൾ മറ്റൊരു പരിശോധന, ഒരു പ്രശ്നം കഴിയുമ്പോൾ മറ്റൊരു പ്രശ്നം. ഇങ്ങനെ ജീവിതകാലം മുഴുവൻ ഒന്നിന് പുറകെ ഒന്നായി കഷ്ടങ്ങളാൽ അനേക വിഷയങ്ങൾ ജീവിതയാത്രയിലുണ്ട്. മനഃപൂർവ്വം കരയിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളുമുണ്ട്. ലോക മനുഷ്യർ മാത്രമല്ല പൗലോസിനെപ്പോലെ ഉള്ള അപ്പോസ്തോലന്മാരും, ആത്മാവ് എന്ന ആദ്യദാനം ലഭിച്ചവർ പോലും ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന് വേണ്ടി കാത്ത് കൊണ്ട് ഭാരപ്പെട്ട് ഞരങ്ങി ഈ ഭൂമിയിൽ ജീവിക്കുന്നുയെന്നാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. (റോമാ : 8:23). മനുഷ്യരുടെ കരച്ചിലിന് കാരണം ഒരു വിഷയമല്ല. പലർക്കും പല വിഷയങ്ങളാണ് കാരണം.
കടഭാരം, പാപഭാരം, ജീവിതഭാരം, കുടുംബത്തിൽ സമാധാനമില്ലാത്തത്, മാരക രോഗങ്ങൾ, വഴിവിട്ട് ജീവിക്കുന്ന മക്കൾ, അനുഭവിക്കേണ്ടി വരുന്ന അപമാനങ്ങളും ആരോപണങ്ങളും, പഴികളും, ദുഷികളും, എല്ലാം കണ്ണുനീരിന് കാരണമാകുന്നു. എന്നാൽ ദൈവമനുഷ്യന്റെ പ്രത്യാശയാണ് ദാവീദ് ഈ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ലോക മനുഷ്യരുടെ കരച്ചിലും, ദൈവമനുഷ്യരുടെ കരച്ചിലും, തമ്മിൽ വ്യത്യാസമുണ്ട്. ലോകമനുഷ്യന്റെ കരച്ചിൽ ഈ ലോകം കൊണ്ട് തീരുന്നില്ല. അവർ കരച്ചിലും പല്ല് കടിയുമായി നിത്യകാലങ്ങൾ നിത്യ നരകത്തിൽ കഴിയേണ്ടി വരും. എന്നാൽ ദൈവമനുഷ്യന്റെ കരച്ചിൽ ഈ ലോകജീവിതം കഴിയുന്നതോടെ അവസാനിക്കുന്നു. ‘യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും’, യെശ : 51:11. ലോകമനുഷ്യന്റെ ഉഴൽച്ചകളെ ദൈവം എണ്ണുന്നില്ല. അവന്റെ കണ്ണുനീർ ദൈവത്തിന്റെ തുരുത്തിയിൽ ആക്കി വയ്ക്കുന്നില്ല. എന്നാൽ ദാവീദ് വിശ്വസിച്ചു എന്റെ ഉഴൽച്ചകളെ കാണുന്ന ദൈവം ഉണ്ട്. എന്റെ സങ്കടത്തിൽ ചൊരിയുന്ന ഓരോ തുള്ളി കണ്ണുനീരും ഈ ഭൂമിയിൽ വീണ് ഉണങ്ങി പോകുന്നില്ല. അത് ദൈവത്തിന്റെ ഓർമ്മയുടെ പുസ്തകത്തിൽ കുറിച്ച് വയ്ക്കും. കാരണം ആ കാലത്ത് മരണവീടുകളിൽ വിലപിക്കാൻ ആളുകളെ കൂലിക്ക് ആക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അവർ ഓരോരുത്തരുടെയും കണ്ണുനീർ ഓരോ പാത്രത്തിൽ ശേഖരിക്കുമായിരുന്നു. കണ്ണുനീരിന്റെ അളവിനനുസരിച്ചായിരുന്നു വീട്ടുകാർ പ്രതിഫലം കൊടുത്തിരുന്നത്. അത് പോലെ താൻ ചിന്തിയ കണ്ണുനീർ തുള്ളികൾ എല്ലാം ദൈവത്തിന്റെ തുരുത്തിയിൽ ഉള്ളതിനാൽ തനിക്ക് പ്രതിഫലം നൽകി ദൈവത്തിന് മാനിക്കാതിരിക്കാൻ കഴിയുകയില്ലയെന്ന് ദാവീദ് വിശ്വസിച്ചു. ജീവിതകാലത്ത് വളരെ കരയേണ്ടി വന്ന ഒരു ദൈവഭക്തനായിരുന്നു ദാവീദ്. എന്നാൽ താൻ വിശ്വസിച്ചത് പോലെ തന്റെ കണ്ണുനീർ ദൈവസന്നിധിയിൽ ഉണ്ടായിരുന്നതിനാൽ എത്രയും അധികം പ്രതിഫലം നൽകി മാനിക്കപ്പെടാനും ആദരിക്കപ്പെടാനും ദാവീദിന് കഴിഞ്ഞു. ദൈവജനമേ ഇവിടെ കരച്ചിലും ദുഃഖങ്ങളും കണ്ണുനീർ താഴ്വരയുടെ അനുഭവം നമുക്കുണ്ടെങ്കിലും അധൈര്യപ്പെടരുത്. നിരാശപ്പെടരുത്, ഓരോ തുള്ളി കരച്ചിലിനും പ്രതിഫലം നൽകുന്ന ദൈവം നമുക്കുണ്ട്. അനീതി ഉള്ള മനുഷ്യർ കരയുന്നവർക്ക് കണ്ണുനീർ അളന്ന് പ്രതിഫലം നല്കുമെങ്കിൽ നീതിമാനായ ദൈവമോ രാപ്പകൽ തന്നോട് നിലവിളിക്കുന്ന തന്റെ ഭക്തന്മാരുടെ കാര്യത്തിൽ വേഗത്തിൽ പ്രതിക്രിയ നടത്തി രക്ഷിക്കും. ആദരിക്കും.