‘സഫലമീ യാത്ര …’ – (144)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
യേശു അറിയുന്നു
“താൻ (യേശു) എന്ത് ചെയ്വാൻ പോകുന്നു എന്ന് താൻ അറിഞ്ഞിരുന്നു” യോഹ : 6:6
ജോർജ് മുള്ളർ എന്ന വിശ്വാസ വീരനായ ദൈവദാസന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും തന്റെ ഈ വചന വെളിപ്പാട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ എന്ന സ്ഥലത്ത് രണ്ടായിരത്തിലേറെ കുട്ടികളുള്ള ഒരു അനാഥശാല താൻ നടത്തിക്കൊണ്ടിരുന്നു. സ്ഥിരമായ വരുമാന മാർഗ്ഗം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ആരോടും പണം താൻ ചോദിച്ചിരുന്നുമില്ല. എങ്കിലും ആവശ്യമായ പണം അദ്ദേഹത്തിന് ലഭിച്ചു കൊണ്ടിരുന്നു. അതും വലിയ നന്മകൾ.
തന്നോട് ചേർന്ന് മേഖലകളിൽ ഏർപ്പെട്ടിരുന്നവർ മിക്കപ്പോഴും നിരാശയുടെ നെല്ലിപ്പലക കാണുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ജോർജ് മുള്ളർ എപ്പോഴും പറയുന്ന ഒരു വസ്തുത ഉണ്ടായിരുന്നു. “കർത്താവ് നമ്മെ പരീക്ഷിക്കുകയാണ്. നാം എന്ത് ചെയ്യണമെന്ന് എനിക്ക് അറിഞ്ഞു കൂടാ. എന്നാൽ എന്റെ കർത്താവ് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയുന്നു. അത് ധാരാളം മതി.” എന്നാൽ ഓരോ സന്ദർഭത്തിലും അതിശയകരമായി തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നു.
തരണം ചെയ്വാൻ കഴിയാത്ത പ്രതിസന്ധികൾ ജീവിത യാത്രകളിൽ ഉണ്ടാകാറുണ്ട്. ജനത്തിന് ആഹാരം കൊടുക്കുന്നതിന് തടസ്സമായി ശിഷ്യന്മാരുടെ മുൻപിൽ ഒരു നിര പ്രതിസന്ധികളുണ്ട്. എല്ലാം യാഥാർഥ്യം. എന്നാൽ ഏത് വലിയ പ്രശ്നത്തിനും തിരുഹിതപ്രകാരം മറുപടിയും, നീക്കുപോക്കും യേശുവിന്റെ കരങ്ങളിലുണ്ട്. സംശയിക്കാതെ ആ പാദത്തിൽ വീഴുക. ആ കരം ഒട്ടും കുറുതായിട്ടില്ല. അവിടുന്ന് അല്ലലിൽ തള്ളുകയില്ല.