“പീഡനം കടന്നു വരികയാണെങ്കിൽ പെന്തക്കോസ്തു സഭകൾ തമ്മിലുള്ള ഐക്യതയ്ക്ക് സാദ്ധ്യതയുണ്ട്“, പാ. ലിജോ ജോസഫ് തടിയൂർ (വൈസ് പ്രസിഡണ്ട്, YPCA കേരള സ്റ്റേറ്റ്)
ന്യൂ ഇന്ത്യ ദൈവസഭയുടെ യുവജന വിഭാഗമായ Young People Christian Association (YPCA) ൻറെ സംസ്ഥാന ഉപാദ്ധ്യക്ഷൻ പാ. ലിജോ ജോസഫ് തടിയൂരുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം
? YPCA നേത്രുത്വത്തിൽ ചെയ്തെടുക്കുവാൻ കഴിഞ്ഞ കാര്യങ്ങൾ
ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയാണ് YPCA. ന്യൂ ഇന്ത്യ ദൈവസഭ ആരംഭിച്ചിട്ട് ഏകദേശം അര നൂറ്റാണ്ട് കഴിയുന്നു. ആ അര നൂറ്റാണ്ടിന്റെ പാരമ്പര്യം YPCA യ്ക്കും ഉണ്ട്. ലോകരാജ്യങ്ങളിൽ YPCA യുടെ പ്രവർത്തനങ്ങൾ ഇന്ന് ദൈവകൃപയാൽ വ്യാപിച്ചിരിക്കുന്നു. കേരളത്തിലുള്ള 375 സഭകളിലും, ഇന്ത്യയിൽ മാത്രം 3800 ചർച്ചും, ലോകത്താകമാനമുള്ള സഭകളിലും YPCA യുടെ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നു. ഭരണ സൗകര്യത്തിനായി ലോക്കൽ, സെൻട്രൽ, റീജണൽ, സ്റ്റേറ്റ്, നാഷണൽ കമ്മറ്റികൾ എന്നീ നിലകളിലായി തിരിച്ച്, വിവിധ ഡിപ്പാർട്മെന്ററുകൾ ഇതിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സമൂഹത്തിനും, സഭയ്ക്കും നന്മ ലക്ഷ്യമായി അനേക കാര്യങ്ങൾ YPCA ചെയ്തു വരുന്നു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ നാഷണൽ കമ്മറ്റി മാത്രം 40 ലക്ഷം രൂപയും, അങ്ങനെ ലോക്കൽ മുതൽ സ്റ്റേറ്റ് തലങ്ങൾ വരെ മറ്റു പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും ചെയ്യുന്നു. സ്റ്റേറ്റ് തലങ്ങളിൽ യൂത്ത് ക്യാമ്പ് നടത്തി അനേക യൗനക്കാരെ സുവിശേഷ വേലയ്ക്കായി വേർതിരിക്കുവാനും, സമൂഹം വിവിധ ദിനങ്ങൾ വേർതിരിച്ചു ആചരിക്കുമ്പോൾ, ഉദ്ദാഹരണത്തിന്, പരിസ്ഥിതി ദിനാചരണം, ആത്മഹത്യ വിരുദ്ധ ദിനാചരണം തുടങ്ങിയ വിഷയങ്ങളിൽ YPCA സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്നു. ഔട്ട് റീച്ച് പ്രവർത്തനങ്ങളിൽ കൂടിയും യൗനക്കാരെ ക്രിസ്തുവിൽ ശക്തരായി നിർത്തുവാൻ YPCA യ്ക്ക് ഇടയായി കൊണ്ടിരിക്കുന്നു.
? YPCA നേരിടുന്ന പ്രധാന വെല്ലുവിളികൾ
വെല്ലുവിളികൾ ഉണ്ടെങ്കിൽ മാത്രമേ ഒരു പ്രവർത്തനം വിജയത്തിലേക്ക് പോകുകയുള്ളൂ. സുവിശേഷ വേലയ്ക്കു പൂർണ്ണ സമർപ്പണമുള്ള വ്യക്തികളുടെ എണ്ണത്തിലുള്ള കുറവാണ് പ്രധാന വെല്ലുവിളി. പ്രവർത്തനങ്ങൾക്ക് സഭയ്ക്കകത്തു നിന്ന് ഒരു വെല്ലുവിളിയും ഇല്ല, എന്നാൽ പുറത്തു നിന്നുമുള്ള വെല്ലുവിളിയെ തള്ളിക്കളയുന്നുമില്ല.
? ന്യൂ ഇന്ത്യ ദൈവസഭ നേതൃത്വം YPCA യുടെ പ്രവർത്തനങ്ങളിൽ ഉള്ള പങ്കാളിത്വം
ന്യൂ ഇന്ത്യ ദൈവസഭ നേതൃത്വം YPCA യുടെ പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. ഇന്നിത് മൂന്നാം തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്. ന്യൂ ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിലുള്ള പ്രായമുള്ള ശുശ്രുഷകന്മാർ, YPCA യുടെ രക്ഷാധികാരിയായും ന്യൂ ഇന്ത്യ ചർച്ചിലെ ഒട്ടുമിക്ക ദൈവദാസൻമാരും YPCA യിൽ കൂടി ശ്രുശ്രൂഷയിൽ വന്നവരുമാണ്. അവരുടെ ശക്തമായ പ്രോത്സാഹനമാണ് YPCA യുടെ മുതൽക്കൂട്ട്.
? ഭാരത സുവിശേഷീകരണത്തിൽ പെന്തക്കോസ്തു സഭകൾ നേരിടുന്ന വെല്ലുവിളികൾ
രാഷ്ട്രീയമായും, സാമൂഹികമായും നമുക്ക് ഭാരത സുവിശേഷീകരണത്തിൽ വെല്ലുവിളികൾ ഉണ്ട്. സാമ്പത്തികമായും സഭ ചിലപ്പോൾ വെല്ലുവിളികൾ നേരിടാറുണ്ടെങ്കിലും, വെല്ലുവിളികൾ സുവിശേഷീകരണത്തിന് ഒരു തടസ്സവും അല്ല. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും YPCA യുടെ പ്രവർത്തനങ്ങൾ ഇന്ന് സജീവമായി ഉണ്ട്.
? കഴിഞ്ഞ കാലങ്ങളിലും, നിലവിലും വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ
ഇപ്പോൾ, പെരുന്ന ന്യൂ ഇന്ത്യ ദൈവസഭ ടൗൺ ചർച്ചിന്റെ ശുശ്രുഷകനായും, YPCA ചങ്ങനാശ്ശേരി സെന്ററിന്റെ പ്രസിഡന്റ്, YPCA സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, സൺഡേ സ്കൂളിന്റെ സ്റ്റേറ്റ് ട്രഷറർ, ബോർഡ് മെമ്പർ, എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. അപ്പോൾ തന്നെ PYC സംസ്ഥാന പ്രസിഡന്റായും, PCI യുടെ ചങ്ങനാശ്ശേരി യൂണിറ്റ് സെക്രെട്ടറിയായും ചുമതല വഹിക്കുന്നു. സൺഡേ സ്കൂൾ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ബൈബിൾ സ്കൂൾ അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിക്കുവാൻ ദൈവം അവസരം നൽകി.
? കേരളത്തിൽ പെന്തക്കോസ്തു സഭകളുടെ ഐക്യത സാദ്ധ്യമോ
ഇന്നത്തെ നിലയിൽ പെന്തെകൊസ്തു സഭകൾ തമ്മിൽ ഒരു ഐക്യതയ്ക്കുള്ള സാധ്യത കുറവാണ്. കാരണം സഭകൾക്കകത്തു തന്നെ ഐക്യം ഇല്ല. എന്നാൽ ദൈവരാജ്യത്തിന്റെ പ്രവർത്തിയിൽ നാം ഒന്നാകുന്നു എന്ന് ചിന്തിക്കാതെ സ്വന്തം പ്രസ്ഥാനം എന്ന് കാണുമ്പോൾ സഭകൾ തമ്മിൽ തന്നെ വെല്ലുവിളികൾ ഉയരാറുണ്ട്. പീഡനം കടന്നു വരികയാണെങ്കിൽ സഭകൾ തമ്മിലുള്ള ഐക്യതയ്ക്ക് സാധ്യത ഉണ്ട്. ഇതിന് വേണ്ടിയാണ് PCI യും, യുവജന വിഭാഗമായ PYC യും നിലകൊള്ളുന്നത്. നാളെ ഒരു പൊതു വേദി അനിവാര്യമായി വരുന്നതിനു മുന്നോടിയായിട്ടാണ് ഇപ്പോൾ PYC യുടെ പ്രവർത്തനങ്ങൾ നിലകൊള്ളുന്നത്. ഇതിനായി സഭാ നേതൃത്വങ്ങൾ മുന്നിട്ട് ഇറങ്ങി തിരിക്കണം.
? മാതാപിതാക്കൾ
ഞാൻ പെന്തക്കോസ്തു അനുഭവത്തിന്റെ മൂന്നാം തലമുറക്കാരനാണ്. തടിയൂർ കാരുവേലിൽ കണ നിൽക്കും കാലായിൽ, പാ. ജോസഫ് കെ. ജോസഫിന്റെയും ലീലാമ്മ ജോസഫിന്റെയും മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.
? ബാല്യം
ചെറുപ്രായത്തിൽ തന്നെ വൃക്ക സംബന്ധമായ രോഗത്തിൽ നീണ്ട വർഷങ്ങൾ ഞാൻ ചികിത്സയിൽ ആയിരുന്നു, എല്ലാം നഷ്ട്ടമായി, ഒടുവിൽ ഞങ്ങൾ കുടുംബമായി പൂർണ്ണമായി സമർപ്പിച്ചു, നൂറു കണക്കിന് വ്യക്തികൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു, യേശു കർത്താവിന്റെ രോഗസംഖ്യം എനിക്ക് ലഭിച്ചു. അങ്ങനെ ആരംഭിച്ച ചെറിയ പ്രാർത്ഥന കൂടിവരവാണ് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കടയാർ സഭയായി പിന്നീട് മാറിയത്. പെന്തക്കോസ്ത് വിശ്വാസത്തിൽ ആയിരുന്നെങ്കിലും യൗവനത്തിൽ ദൈവം ഇല്ലാത്തവനായി കുറച്ചു നാൾ യാത്ര ചെയ്തു. രാഷ്ട്രിയ പ്രസ്ഥാനങ്ങളിലും, സാമൂഹിക പ്രവർത്തനങ്ങളിലും ഇടപഴുകി, പിന്നീട് മസ്ക്കറ്റിൽ ജോലിക്ക് പോയി. അവിടെ നിന്നും പൂർണ്ണ സമയ ശുശ്രുഷയ്ക്കു വേണ്ടി സമർപ്പിക്കുകയും, നാട്ടിൽ വന്നു GBC യിൽ 4 വർഷം ദൈവവചനം പഠിച്ചു. ആദ്യം വടക്കേ ഇന്ത്യയിലും, പിന്നീട് കേരളത്തിലും നാട്ടിൽ വന്നു കർത്താവിന്റെ സാക്ഷ്യം വഹിക്കുന്നു. ഒറ്റ കാര്യം, ജീവിച്ചാൽ ക്രിസ്തുവിനായി, മരിച്ചാൽ ക്രിസ്തുവിനായി.
? കുടുംബം
ഭാര്യ ഫേബ. ആൻ ഒലിവിയ, നെഹെമിയ എന്നിവരാണ് മക്കൾ.
? YPCA നേതൃത്വത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
ക്രിസ്തുവിന് വേണ്ടി പല പ്രോഗ്രാമുകളിൽ സാക്ഷിയാകുവാൻ ലജ്ജ കൂടാതെ ലഭിച്ച അവസരങ്ങളാണ് ഏറ്റവും സന്തോഷിച്ച സന്ദർഭം
? പുതു തലമുറയോടുള്ള ഉപദേശം
യേശുക്രിസ്തുവിനെ ഉയർത്തുക, ലോകത്തോടും പാപത്തോടും ഒരു അനുരഞ്ജനത്തിനും പോകാതെ കർത്താവിന്റെ വരവിനായി ഒരുങ്ങുക. യൗവന രക്തവും, തീക്ഷണതയും, ആഗ്രഹവും, ആവേശവും, യേശുവിന് വേണ്ടി കൊടുക്കുവാനും സുവിശേഷത്തിന്റെ ആദർശം ഉള്ളിൽ തീജ്വാല പോലെ കത്തുവാൻ ഈ ദിവസങ്ങളിൽ യുവജനങ്ങൾ സമർപ്പിതരാകണം.
? YPCA യോട് ബന്ധപ്പെട്ടുള്ള സ്വപ്ന പദ്ധതികൾ എന്തെല്ലാം
സാമൂഹിക പ്രവർത്തനങ്ങൾ, സമൂഹ തിന്മകൾക്കെതിരെ നടത്തുവാനാണ് YPCA ലക്ഷ്യം വയ്ക്കുന്നത്. യുവജനങ്ങളെ ആത്മികമായി വളർത്തിയെടുക്കുവാനും, സുവിശേഷ പ്രവർത്തങ്ങൾ, ഭവനരഹിതർക്ക് ഭവനം നിർമിച്ചു നല്കുക, ആതുര സേവനങ്ങൾ, ബൈക്ക് റാലികൾ, കൗൺസിലിംഗുകൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ, കായിക ഇനങ്ങൾ ഇവയെല്ലാം സ്വപ്ന പദ്ധതികളാണ്.
യുവജങ്ങളുടെ മദ്ധ്യത്തിൽ ശക്തമായ സുവിശേഷ പ്രവർത്തനം നടത്തുന്നതിനോടൊപ്പം പെന്തക്കോസ്തു സമൂഹത്തിന്റെ ഐക്യതയ്ക്കു നിസ്വാർത്ഥമായി നിലകൊള്ളുന്ന പാ. ലിജോ ജോസഫ് തടിയൂരിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.