‘സഫലമീ യാത്ര…’ – (31)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സുരക്ഷിത കരങ്ങൾ
മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ലോകോത്തര ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും വലിയ ഗോൾ കീപ്പർ ആയിരുന്നു എഡ്വിൻ വാൻഡെസെർ. സുരക്ഷിതമായ ഒരു ജോഡി കരങ്ങൾ എന്നായിരുന്നു മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അതുല്യമായ ഒരു ലോക റെക്കാർഡ് തന്നെ തന്റെ പേരിലുണ്ടായിരുന്നു. ഒരു ഗോൾ പോലും വഴങ്ങാതെ 1302 മിനിറ്റുകൾ അയാൾ ഗോൾ വലയം കാത്തു. 15 കളികളിലായി ഒരു ഗോൾ പോലും താൻ വഴങ്ങിയില്ല.
പക്ഷെ പതിനാറാം കളിയിൽ ഗോൾ വഴങ്ങേണ്ടി വന്നു. എഡ്വിന്റെ കരത്തിന്റെ കരുത്ത് ഭേദിക്കുവാൻ കഴിയുമെന്ന് എല്ലാവരും അറിഞ്ഞു.
ഒരിക്കലും സുരക്ഷിത്വത്വം കൈവിടാത്ത ഒരു കരം മാത്രമേയുള്ളൂ. ദാവീദ് പറയുന്നത് ശ്രദ്ധിക്കുക, ‘ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും, നീ എന്നെ ജീവിപ്പിക്കും. എന്റെ ശത്രുക്കളുടെ ക്രോധത്തിന് നേരെ നീ കൈ നീട്ടും. നിന്റെ വലങ്കൈ എന്നെ രക്ഷിക്കും’. (സങ്കീ : 138 : 7) ദാവീദിനോട് ചേർന്ന് ഒരിക്കലും പരാജയപെടാത്ത, തളരാത്ത കരങ്ങളിലേക്ക് നോക്കാം. അതത്രേ അത്യുന്നതനായ ദൈവത്തിന്റെ കരം. വീഴാത്തവണ്ണം നമ്മെ സൂക്ഷിച്ചു, ആനന്ദത്തോടെ കളങ്കമറ്റവരായി തന്റെ മഹിമസന്നിധിയിൽ ആനന്ദത്തോടെ നിറുത്തുവാൻ കഴിയുന്ന കരങ്ങൾ. (യൂദാ : 24)
ഇതിനർത്ഥം നാം ഒരിക്കലും ഇടറുകയില്ല എന്നല്ല. ശത്രു വീഴുവാൻ തക്കവണ്ണം നമ്മെ തള്ളിയാലും, നാം ഇടറിപോയാലും, ഉയർത്തുവാൻ കഴിയുന്ന കരങ്ങൾ നമുക്ക് വേണ്ടി ചലിക്കും. അവിടുത്തെ കരങ്ങളെക്കാൾ സുരക്ഷിതമായ മറ്റൊരു ഇടവുമില്ല.