“ലോക്കൽ സൺഡേ സ്കൂൾ പ്രവർത്തകർക്ക്, സൺഡേ സ്കൂൾ അസോസിയേഷൻ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകണം“, ബ്രദർ റോഷി തോമസ് (ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ അസോസിയേഷൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്)
ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ 2017-’19 വർഷത്തെ ജനറൽ സെക്രട്ടറിയും, കോളേജ് അദ്ധ്യാപകനുമായ ബ്രദർ റോഷി തോമസുമായി ‘സഭാവാർത്തകൾ. കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.
? ശാരോൻ സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി എന്ന പുതിയ ഉത്തരവാദിത്വം എങ്ങനെ നോക്കി കാണുന്നു
ദൈവം എനിക്ക് തന്ന വലിയ ഒരു നിയോഗമാണ് ഈ സ്ഥാനം എന്ന് ഞാൻ മനസ്സിലാക്കുന്നു. കുഞ്ഞുങ്ങളുടെ ഇടയിൽ പ്രവർത്തിക്കുവാൻ ദൈവം എന്നെ ഏല്പിച്ച ഈ ഉത്തരവാദിത്വം വളരെ വിശ്വസ്തതയോടെ ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു.
? കേരള സുവിശേഷീകരണത്തിൽ ശാരോൻ പ്രസ്ഥാനത്തിന്റെ പ്രസക്തി
വളർന്ന് കൊണ്ടിരിക്കുന്ന മുഖ്യധാരാ പെന്തെക്കൊസ്തു സഭകളിൽ ഒന്നാണ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്. കേരള സുവിശേഷീകരണത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു പ്രസ്ഥാനമാണ് ഇത്. കേരളത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും ശാരോൻ പ്രസ്ഥാനത്തിന് സഭകളുണ്ട്. പലയിടത്തും പുതിയ വേലസ്ഥലങ്ങൾ ആരംഭിച്ചു കൊണ്ടിരിക്കുന്നു. ദർശനമുള്ള ഒരു നേതൃത്വ നിരയും, ആത്മാർത്ഥതയും, ഉത്സാഹവുമുള്ള സഭാ പ്രവർത്തകരും ഈ പ്രസ്ഥാനത്തിനുണ്ട്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ CEM, സൺഡേ സ്കൂൾ അസോസിയേഷൻ, വനിതാ സമാജം, എന്നിവയും സുവിശേഷീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു.
? നിലവിൽ എത്ര ലോക്കൽ സൺഡേ സ്കൂളുകൾ / അംഗങ്ങൾ
നിലവിൽ 500 ലധികം ലോക്കൽ സൺഡേ സ്കൂളുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ശാരോൻ സൺഡേ സ്കൂളുകളെ ഒരുമിപ്പിച്ചു രജിസ്ട്രേഷൻ, പരീക്ഷ എന്നിവ നടപ്പിലാക്കുവാൻ ഈ വർഷം ആഗ്രഹിക്കുന്നു.
? കഴിഞ്ഞ കാലങ്ങളിലും നിലവിലും വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ CEM ലും, സൺഡേ സ്കൂളുകളിലും, 2000 മുതൽ വിവിധ ചുമതലകൾ, ലോക്കൽ, സെക്ഷൻ, സോണൽ, സെന്റർ, റീജിയൻ, സ്റ്റേറ്റ് തലങ്ങളിൽ വഹിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ CEM മണക്കാല സെക്ഷൻ സെക്രട്ടറി, CEM അടൂർ റീജിയൻ സെക്രട്ടറി, CEM കേന്ദ്ര താലന്ത് പരിശോധന സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നു. കഴിഞ്ഞ 2 വർഷമായി സൺഡേ സ്കൂൾ ജനറൽ കമ്മിറ്റിയിൽ പ്രവർത്തിപ്പാനും ദൈവം അവസരം നൽകി.
? മാതാപിതാക്കൾ
പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം പരുത്തപ്പാറയിൽ ഗിൽഗാൽ ഭവനിൽ എം. ജെ. തോമസിന്റെയും ലീലാമ്മ തോമസിന്റെയും മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.
? ശാരോൻ സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ നേരിടുന്ന വെല്ലുവിളികൾ
ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ വിലമതിക്കുവാനാവാത്ത ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെങ്കിലും, അതിനാവശ്യമായ സാമ്പത്തിക സഹായത്തിന്റെ അപര്യാപ്തത പ്രവർത്തനങ്ങൾക്ക് ഒരു വലിയ വെല്ലുവിളിയാണ്. ലോക്കൽ സൺഡേ സ്കൂൾ പ്രവർത്തകർക്ക് അതിനെ പറ്റി വ്യക്തമായ കാഴ്ചപ്പാടില്ലാത്തതും, ഒരു വെല്ലുവിളിയാണ്. എല്ലാ സ്ഥലങ്ങളിലും ഏരിയ സമ്മേളനങ്ങൾ നടത്തി കാര്യങ്ങൾ വിശദീകരിക്കുവാൻ ആഗ്രഹിക്കുന്നു.
? ശാരോൻ സൺഡേ സ്കൂൾ പ്രവർത്തനങ്ങൾക്ക് സഭാ നേതൃത്വം നൽകുന്ന പിന്തുണ എത്രത്തോളം
സഭാ നേതൃത്വം ഈ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയും, പ്രവർത്തന വിശാലതയ്ക്കായി എല്ലാവിധ സ്വാതന്ത്ര്യവും, നൽകുന്നു എന്നത് എടുത്ത് പറയേണ്ട കാര്യങ്ങളാണ്.
? ശാരോൻ സൺഡേ സ്കൂൾ പ്രവർത്തനങ്ങളിൽ നടപ്പാക്കുവാൻ ആഗ്രഹിക്കുന്ന സ്വപ്ന പദ്ധതികൾ എന്തെല്ലാം
ഭാവി പ്രവർത്തനങ്ങൾ ചിന്തിക്കുവാൻ ഞങ്ങൾ കമ്മിറ്റിയായി കൂടുവാൻ പോകുന്നതേയുള്ളൂ എങ്കിലും, pre-school മുതൽ 12 – ആം ക്ലാസ്സ് വരെ പാഠപുസ്തകങ്ങൾ തയാറാക്കിയിട്ടുണ്ടെങ്കിലും, സീനിയർ വിദ്യാർത്ഥികൾക്കായി ഒരു പുസ്തകവും, അധ്യാപകർക്കായി ഒരു പരിശീലന പുസ്തകവും പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു. പല സ്ഥലങ്ങളിലും pre-marital counselling ക്ലാസുകളും, VBS ഉം നടത്തുവാൻ ആഗ്രഹിക്കുന്നു.
? സുവിശേഷ ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സന്ദർഭം
എന്റെ മാതാവിന്റെ സഹോദരീ ഭർത്താവ് K. V. Varghese Sir ന്റെ പെട്ടെന്നുള്ള മരണം എന്നെ ഒരുപാട് വേദനിപ്പിച്ചു. ഒരു ബൈബിൾ സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം അനുകരിക്കാൻ കഴിയുന്ന ഒട്ടനവധി ആത്മീക സ്വഭാവ വിശേഷണങ്ങളുടെ ഉടമയായിരുന്നു.
? പ്രവർത്തനങ്ങളിൽ മറ്റ് പെന്തക്കോസ്തു യുവജന പ്രസ്ഥാനങ്ങളുടെ സഹകരണം
ഇതര പെന്തക്കോസ്തു സഭകളുമായി നല്ല സഹകരണത്തിലാണ് സൺഡേ സ്കൂൾ അസോസിയേഷൻ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. അവരുമായി കൂടുതൽ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ചെയുവാൻ ആഗ്രഹിക്കുന്നു.
? കുടുംബം
ബിൻസിയാണ് ഭാര്യ, റൊവിന റോഷി യാണ് ഏക മകൾ.
കുഞ്ഞുങ്ങളുടെ ഇടയിൽ മാത്രമല്ല, സമൂഹത്തിനും സഭയ്ക്കും ഇടയിൽ അതിശക്തമായി പ്രവർത്തിക്കുവാൻ ബ്രദർ റോഷി തോമസിന് ദൈവം ഇടയാക്കട്ടെ, എന്ന് പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയുന്നു.