“സുവിശേഷീകരണത്തിൽ, നമ്മൾ പങ്ക് വയ്ക്കുന്ന വാക്കുകളേക്കാൾ വ്യക്തിയെയാണ് സമൂഹം വീക്ഷിക്കുന്നത്“, – പാ. റെജി. കെ. തോമസ് (Director – Indian Evangelical Mission, Mavelikara)
ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷന്റെ സംസ്ഥാന ഡയറക്ടറും, ‘സ്നേഹനാദം’ മാസികയുടെ ചീഫ് എഡിറ്ററും, I.E.M. ചിൽഡ്രൻസ് ഹോം മാനേജറുമായ റെജി കൊമ്പാടി കിഴക്കേതിൽ തോമസ് എന്ന പാ. റെജി. കെ. തോമസുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.
? I.E.M. ആരംഭിക്കുവാനുള്ള സാഹചര്യം
സുവിശേഷം മറ്റുള്ളവരുമായി പങ്ക് വയ്ക്കുവാൻ യുവതീയുവാക്കളെ ഒരുക്കിയെടുക്കുവാനായി പാ. G. U. മത്തായി സ്ഥാപക പ്രസിഡന്റായി ആരംഭിച്ച സ്ഥാപനമാണ് മാവേലിക്കരയിലുള്ള ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ (I.E.M.). ഗവൺമെന്റ് അംഗീകരിച്ച 7 ബോർഡ് മെമ്പറുമാർ അടങ്ങുന്ന മിഷൻ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് ഐ.ഇ.എം. I.E.M. ചിൽഡ്രൻസ് ഹോം, I.E.M. ബൈബിൾ കോളേജ്, I.E.M. ക്രിസ്ത്യൻ ബിലീവേഴ്സ് അസംബ്ലി, ഓഡിറ്റോറിയം, ക്യാമ്പുകൾ, കൺവൻഷനുകൾ, സംഗീത കൂടിവരവുകൾ തുടങ്ങിയ പ്രവർത്തങ്ങൾ ഇതിനോടനുബന്ധമായി ഈ ക്യാമ്പസിൽ നടന്നു വരുന്നു.
? IEM ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ
ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ (I.E.M.), ഒരു മിഷൻ ഓറിയന്റഡ് ഓർഗനൈസേഷൻ ആണ്. സുവിശേഷം മറ്റുള്ളവരുമായി പങ്ക് വയ്ക്കുവാൻ യുവതീയുവാക്കളെ ഈ സ്ഥാപനം പരിശീലിപ്പിക്കുന്നു. കർത്താവിന്റെ വേലയിൽ വിവിധ നിലയിൽ പ്രയോജനപ്പെടുവാൻ വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. പ്രധാനമായും ഭാരത സുവിശേഷീകരണത്തിനായി ധാരാളം പേരെ ഒരുക്കിയെടുക്കുന്ന ഒരു പരിശീലന കളരിയാണ് ഈ ക്യാമ്പസ്. എല്ലാ വർഷവും നടത്തപെടുന്ന I.E.M. ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പ്രോഗ്രാമിൽ കൂടി ധാരാളം സഹോദരി സഹോദരന്മാർ ആത്മീക സന്തോഷം പ്രാപിച്ചു വരുന്നു. മറ്റ് പെന്തക്കോസ്തു സഭകൾ പ്രാദേശിക സഭകൾ സ്ഥാപിച്ചു സുവിശേഷീകരണത്തിൽ സജീവമായി പങ്കെടുക്കുമ്പോൾ, ഭാവിയിൽ ഭാരതത്തിന്റെ സ്ഥിതിഗതികൾക്ക് അനുസരിച്ചു സുവിശേഷം പങ്ക് വയ്ക്കുവാനുള്ള ക്രമീകരണമാണ് ഈ സ്ഥാപനം മുഖാന്തരം നടത്തി വരുന്നത്.
?) ഈ പ്രവർത്തനോടനുബന്ധമായി നിലവിൽ വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ എന്തെല്ലാം
I.E.M. പ്രവർത്തനങ്ങളുടെ ഡയറക്ടർ, I.E.M. ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, I.E.M. സെമിനാരി അദ്ധ്യാപകൻ, ചിൽഡ്രൻസ് ഹോമിന്റെ ലോക്കൽ മാനേജർ, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകൃത അംഗം, ഇവാൻജലിക്കൽ മിഷൻ ബോർഡ് മെമ്പർ, കഴിഞ്ഞ 20 ൽ പരം വർഷങ്ങളായി നടന്ന് വരുന്ന I.E.M. ക്രിസ്ത്യൻ ബിലീവേഴ്സ് അസംബ്ലിയുടെ സഭാശുശ്രുഷകനായും, പ്രവർത്തിച്ചു വരുന്നു.
? സുവിശേഷീകരണത്തിൽ I.E.M. നേരിടുന്ന വെല്ലുവിളികൾ
വ്യത്യസ്തരായ മതസ്ഥർ പാർക്കുന്ന സമൂഹത്തിൽ സുവിശേഷീകരണം ഒരു വെല്ലുവിളിയാണ്. നമ്മൾ പങ്ക് വയ്ക്കുന്ന വാക്കുകളേക്കാൾ വ്യക്തിയെയാണ് അവർ വീക്ഷിക്കുന്നത്. സുവിശേഷീകരണത്തിൽ ദൈവസഭകൾ, അവരുടെ കൂടെ നിൽക്കുന്നവരെ ഈ മനോഭാവത്തിലേക്ക് നയിക്കുക എന്ന വലിയ ദൗത്യം ഏറ്റെടുക്കുവാൻ തയാറാകണം.
? ‘സ്നേഹനാദം’ മാസികയെ കുറിച്ച്
കഴിഞ്ഞ 30 ൽ പരം വർഷങ്ങളായി പ്രസിദ്ധീകരിക്കുന്ന മനോഹരമായ മാസികയാണ് ‘സ്നേഹനാദം’. ഈടുറ്റ ലേഖനങ്ങൾ, പംക്തികൾ, തുടങ്ങിയവ ഉൾകൊള്ളുന്ന ക്രൈസ്തവ കൈരളിക്ക് അഭിമാനിക്കുവാൻ തക്ക പ്രസിദ്ധീകരണമാണ് ഇത്. ഈ മാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിക്കുവാൻ ദൈവം കൃപ തരുന്നു.
? I.E.M. പ്രവർത്തനം കൂടാതെ പാസ്റ്റർ ഉൾപ്പെട്ടിരിക്കുന്ന മറ്റ് സുവിശേഷ പ്രവർത്തനങ്ങൾ
വിവിധ ടീം പ്രവർത്തങ്ങൾ, അനേക മിഷൻ പ്രവർത്തനങ്ങളുടെ അഡ്വൈസറി ബോർഡ് ചെയർമാനായും പ്രവർത്തിച്ചു വരുന്നു.
? മാതാപിതാക്കൾ
പത്തനംതിട്ട ജില്ലയിൽ മഞ്ഞാടി കൊമ്പാടി കിഴക്കേതിൽ പരേതനായ കെ. കെ. തോമസിന്റെയും, ലീലാമ്മ തോമസിന്റെയും മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി. കഴിഞ്ഞ 25 വർഷമായി ഇപ്പോൾ മാവേലിക്കരയിൽ താമസിക്കുന്നു.
? ഈ പ്രവർത്തനത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
I.E.M. ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന 2007 ൽ ആരംഭിച്ച സുവിശേഷീകരണ പഠന സംവിധാനത്തിൽ ഇപ്പോൾ ഏകദേശം 1830 ലീഡേഴ്സിനെ പരിശീലിപ്പിക്കുവാൻ സാധിച്ചു. അവരിൽ നല്ല പങ്കും ഇന്ന് കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന വസ്തുത.
? I.E.M. ന്റെ സ്വപ്ന പദ്ധതികൾ എന്തെല്ലാം
ഇപ്പോൾ I.E.M. ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം എല്ലാ വർഷമാണ് നടത്തപ്പെടുന്നത്. അത് എല്ലാ മാസവും നടത്തപ്പെടേണം എന്നാണ് പ്രാർത്ഥനയും, ആഗ്രഹവും.
? കുടുംബം
ഈരേഴ സ്കൂൾ അദ്ധ്യാപകയായ ബ്യൂള റെജിയാണ് ഭാര്യ. ബ്ലസ്സൻ ഡാനിയൽ, ബെൻ ജോയൽ റെജി എന്നിവരാണ് മക്കൾ.
മികച്ച സംഘാടകനും, പ്രഭാഷകനുമായ പാ. റെജിയെ ദൈവം ഇനിയും ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.