“വിശുദ്ധന്മാർ ലോകത്തെ അതിജീവിക്കണം“, – പാ. ബെനിസൺ മത്തായി (Overseer, Central West Region – Church of God (Full Gospel) in India)
ഭാരത സുവിശേഷീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ദൈവസഭയുടെ സെൻട്രൽ വെസ്റ്റ് റീജിയന്റെ ഓവർസിയർ പാ. ബെനിസൺ മത്തായിയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം
? സുവിശേഷവേലയുടെ തട്ടകമായി വടക്കേ ഇന്ത്യയെ തിരഞ്ഞെടുക്കുവാനുള്ള കാരണം
എന്റെ പിതാവ് അനേക ദശകങ്ങൾ വടക്കേ ഇന്ത്യയിൽ സുവിശേഷം അറിയിക്കുന്ന സാഹചര്യങ്ങൾ എന്നെ വളരെയധികം സ്വാധീനിക്കുകയും, അത് നിമിത്തമായി ആ മേഖലയിൽ തന്നെ ഞാൻ ശ്രദ്ധ പതിപ്പിക്കുവാനും ഇടയായി.
? ദൈവസഭയുടെ സെൻട്രൽ വെസ്റ്റ് റീജിയനിൽ നിലവിൽ എത്ര സഭകൾ / എത്ര ശുശ്രുഷകന്മാർ
നിലവിൽ ദൈവസഭയുടെ സെൻട്രൽ വെസ്റ്റ് റീജിയനിൽ 240 ശുശ്രുഷകന്മാരും, 300 സഭകൾ അല്ലെങ്കിൽ മിഷൻ പ്രവർത്തനങ്ങളും നടന്നു വരുന്നു.
? ഭാരത സുവിശേഷീകരണത്തിൽ ദൈവസഭ നേരിടുന്ന വെല്ലുവിളികൾ
സമർപ്പിതരായ സുവിശേഷകന്മാരുടെ ദൗർലഭ്യം, രാഷ്ട്രീയ സാമുദായിക എതിർപ്പുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയാണ് മുഖ്യമായും ഭാരത സുവിശേഷീകരണത്തിൽ ദൈവസഭ നേരിടുന്ന വെല്ലുവിളികൾ
? മാതാപിതാക്കൾ
പത്തനംതിട്ട ജില്ലയിൽ ഓമലൂർ അമ്പാട്ടുപറമ്പിൽ പാ. എ. മത്തായിയുടെയും, കുഞ്ഞുമോൾ മത്തായിയുടെയും മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി. കഴിഞ്ഞ 16 വർഷങ്ങൾ പിതാവ് ദൈവസഭയുടെ സെൻട്രൽ വെസ്റ്റ് റീജിയന്റെ ഓവർസിയാറായിരുന്നു.
? ദൈവസഭയുടെ കേരള ഘടകവുമായി സഹകരിക്കുന്ന മേഖലകൾ ഏതെല്ലാം
കേരളത്തിലെ നേതൃത്വം, ശുശ്രുഷകന്മാർ, കൂട്ടുവിശ്വാസികൾ എന്നിവരെല്ലാമായി നല്ല ബന്ധമാണുള്ളത്. ജനറൽ കൺവൻഷനിലും മറ്റ് പൊതു സമ്മേളനങ്ങളിലും പങ്കെടുക്കുവാൻ ദൈവം അവസരം നൽകി വരുന്നു. മാത്രമല്ല ദേശിയ തലത്തിൽ ഭരണപരമായ വിഷയങ്ങളിലും സഹകരിക്കുന്നു.
? രക്ഷകനെ കണ്ടുമുട്ടുവാനിടയായ സാഹചര്യം
ഒരു പെന്തക്കോസ്തു കുടുംബത്തിൽ വിശേഷാൽ ഒരു പാസ്റ്ററുടെ മകനായി ജനിച്ചു വളർത്തപ്പെട്ടതിനാൽ എന്റെ ചെറു പ്രായത്തിൽ തന്നെ യേശുക്രിസ്തുവിന്റെ രക്ഷാനിർണ്ണയത്തിന്റെ മുൻപാകെ ജീവിതത്തെ സമർപ്പിക്കുവാൻ രക്ഷകൻ അവസരം നൽകിതന്നു.
? സുവിശേഷ വേല നിമിത്തം ഏറ്റവും സന്തോഷിച്ച സന്ദർഭം
ഒരിക്കൽ ഒരു സഹോദരനെ കണ്ടു മുട്ടുവാൻ വേണ്ടി കർത്താവ് എന്റെ വഴി തിരിച്ചു വിട്ടു. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താൻ തന്റെ തലയിണയുടെ കീഴിൽ നിന്നും ഒരുപിടി ഉറക്കഗുളിക എടുത്ത് പുറത്തു കളയുവാൻ ഇടയായി. എന്നിട്ട് ഇപ്രകാരം പറഞ്ഞു, ‘നാം തമ്മിൽ ഇപ്പോൾ കണ്ടില്ലായിരുന്നെങ്കിൽ, ഇവ കഴിച്ചു ഞാൻ ആത്മഹത്യാ ചെയുവാൻ തുടങ്ങുകയായിരുന്നു’. ഇപ്രകാരമുള്ള അനേകം സാക്ഷ്യങ്ങൾ എന്റെ വിശ്വാസ ജീവിതത്തിൽ രേഖപ്പെടുത്തുവാൻ ഉണ്ട്.
? പെന്തക്കോസ്തു സഭകൾക്കിടയിൽ കടന്നു കൂടിയ രാഷ്ട്രീയത്തെ കുറിച്ച്
ലോകമനുഷ്യന്റെ ജീവിതഭാഗമായ രാഷ്ട്രീയം ഇന്ന് സഭയ്ക്കുള്ളിൽ പ്രവേശിച്ചിരിക്കുന്നു. ഇപ്രകാരം ദൈവസഭകൾക്കുള്ളിൽ പ്രവേശിക്കുന്ന ലോകത്തെ വിശുദ്ധന്മാർ അതിജീവിക്കണം.
? അടുത്ത തലമുറയോടുള്ള ഉപദേശം
പിതാക്കന്മാരിൽ നിന്നും സത്യത്തിന്റെ ദീപം നമ്മുടെ കൈകളിൽ ഏന്തുവാൻ നാം ഭാഗ്യം ചെയ്തവരാണ്. വിശ്വസ്തതയോടെ അത് കൈകാര്യം ചെയ്ത് കർത്താവിന്റെ വരവ് താമസമെങ്കിൽ അടുത്ത തലമുറയ്ക്ക് കൈമാറണം. ഈ വഷളത നിറഞ്ഞ തലമുറയിൽ നിങ്ങൾ ലോകത്തിന്റെ ഉപ്പും വെളിച്ചവും ആയിത്തീരണം. നിങ്ങളുടെ താലന്തുകളും സാഹചര്യങ്ങളും ദൈവനാമ മഹത്വത്തിനായി ഉപയോഗപ്പെടുത്തണം.
? ദൈവസഭയിൽ ചെയ്തെടുക്കുവാൻ ആഗ്രഹിക്കുന്ന സ്വപ്ന പദ്ധതികൾ എന്തെല്ലാം
നേതൃത്വത്തെ ഒരുക്കുക, സഭകളെ ശുദ്ധീകരിക്കുക, മിഷൻ പ്രവർത്തനങ്ങൾ വിശാലമാക്കുക, സഭകൾ സ്ഥാപിക്കുക. മാത്രമല്ല അടുത്ത 5 വർഷത്തിനുള്ളിൽ ദൈവസഭയിൽ 500 ശുശ്രുഷകന്മാരും, 600 പ്രവർത്തനങ്ങളുമാണ് പ്രധാനമായും പ്രാർത്ഥിക്കുന്ന ലക്ഷ്യം.
? കുടുംബം
മിനിയാണ് ഭാര്യ. ഫ്ലോറെൻസ് ബെനിസൺ, ശാരോൺ ബെനിസൺ എന്നിവരാണ് മക്കൾ.
? കുവൈറ്റിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഐക്യപെന്തെക്കോസ്ത് മഹായോഗങ്ങളെ കുറിച്ചുള്ള പ്രതീക്ഷ
അനേക തവണ ഞാൻ കുവൈറ്റിൽ വന്ന് സഭകളിലും, പൊതുയോഗങ്ങളിലും ശുശ്രുഷിച്ചപ്പോൾ സുവിശേഷത്തോട് പ്രതികരിക്കുന്ന അനുഗ്രഹിക്കപ്പെട്ട, ഒരു ജനക്കൂട്ടത്തെ കാണുവാൻ കഴിഞ്ഞിട്ടുണ്ട്. ആയതിനാൽ ദൈവമക്കളെ ഒരു വിശുദ്ധ ജീവിതത്തിനും, സേവനത്തിനുമായി പ്രചോദിപ്പിക്കുന്ന, പ്രകാശിപ്പിക്കുന്ന, ഉത്ബോധിപ്പിക്കുന്ന സ്വാതന്ത്ര്യത്തോടുള്ള ശുശ്രുഷ, ആത്മ പകർച്ച, എന്നിവ ഞാൻ കർത്താവിൽ പ്രത്യാശിക്കുന്നു.
ഈ നശിച്ചു പോകുന്ന തലമുറയിൽ, ലോകമെമ്പാടും ജീവന്റെ വചനവുമായി ശക്തമായി തുടർന്നും അടരാടുവാൻ പാ. ബെൻസൺ മത്തായിക്ക് ദൈവം കൃപ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയുന്നു.