44 – മത് ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2020 ന് അനുഗ്രഹീത സമാപനം
ചിങ്ങവനം : 44 – മത് ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2020, ചിങ്ങവനത്ത് സമാപിച്ചു. ജനുവരി 8 ന്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പി ഉത്ഘാടനം ചെയ്ത മഹായോഗം ഇന്ന്, ജനുവരി 12 ന് നടത്തപ്പെട്ട സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി തിരശീല വീണു. സംയുക്ത ആരാധനയ്ക്കും കർത്തൃമേശയ്ക്കും പാ. വി. എ. തമ്പി നേതൃത്വം നൽകി. പാ. ബിജു തമ്പിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ പാ. ബോബൻ തോമസ് സങ്കീർത്തന ശുശ്രുഷ നിർവഹിച്ചു. പാ. ടി. എം. കുരുവിളയും പാ. ആർ. എബ്രഹാമും വചന ശുശ്രുഷ നിർവഹിച്ചു. ‘വിശ്വാസത്തിൽ ആരോഗ്യമുള്ളവരാകുക’ (തീത്തോസ് : 1:13) എന്നതായിരുന്നു ഈ വർഷത്തെ ചിന്താ വിഷയം.
പാസ്റ്റർമാരായ ബിജു സി. എക്സ്., ആർ. എബ്രഹാം, വൈ. യോഹന്നാൻ, ടിനു ജോർജ്, ബിനു തമ്പി, അനീഷ് തോമസ്, സ്റ്റീഫൻ ജേക്കബ്, പ്രിൻസ് തോമസ് റാന്നി, റെജി കുര്യൻ (ദോഹ), ടി. എം. കുരുവിള, ബിജു തമ്പി, ഡോ. എബി പി. മാത്യു എന്നിവരായിരുന്നു മുഖ്യ പ്രസംഗകർ.
പൊതുയോഗം, സഹോദരി സമ്മേളനം, ശുശ്രുഷക സമ്മേളനം, മിഷൻ ചലഞ്ചു, സൺഡേ സ്കൂൾ / YPCA വാർഷികം, ജനറൽ ബോഡി മീറ്റിങ് എന്നിവ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിക്കപ്പെട്ടു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന YPCA യുടെ നേതൃത്വത്തിൽ പവർ കോൺഫറൻസ് നടത്തപ്പെട്ടു.
ലോർഡ്സൺ ആന്റണി, ഇമ്മാനുവേൽ കെ. ബി., പാ. ബിജു വർഗീസ് എന്നിവരോടൊപ്പം ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ആരാധനയ്ക്ക് നേതൃത്വം നൽകി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് വിശ്വാസികൾ മഹാസമ്മേളനത്തിൽ പങ്കെടുത്തു.
(വാർത്ത : പാ. ലിജോ ജോസഫ് തടിയൂർ )