96 – മത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് പാ. ഡോ. വത്സൻ എബ്രഹാം ഉത്ഘാടനം ചെയ്തു
(‘വിശുദ്ധനായ ദൈവത്തിങ്കലേക്ക് ദൈവസഭ മടങ്ങി വന്ന്, മാനസാന്തരമുണ്ടാകുമ്പോൾ ദൈവം സൗഖ്യം കല്പിക്കും’ : പാ. ഡോ. വത്സൻ എബ്രഹാം, ഐപിസി ജനറൽ പ്രസിഡന്റ്)
(‘അധാർമ്മികതയ്ക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് താഴ്മയുടെ ലക്ഷണമല്ല’ : പാ. രാജു ആനിക്കാട്)
കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 96 – മത് ജനറൽ കൺവൻഷൻ, ഇന്ന് (ജനുവരി 12 ന്) കുമ്പനാട് ഹെബ്രോൻപുരത്ത് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്ഘാടനം ചെയ്തു. ‘വിശുദ്ധനായ ദൈവത്തിങ്കലേക്ക് ദൈവസഭ മടങ്ങി വന്ന്, മാനസാന്തരം ഉണ്ടാകുമ്പോൾ ദൈവം സൗഖ്യം കല്പിക്കും. നമ്മുടെ താഴ്മയിൽ നിന്ന് ദൈവം അത്ഭുതം പ്രവർത്തിക്കും. വിശുദ്ധിയോട് കൂടി ദൈവത്തോട് അടുക്കുമ്പോൾ ദേശത്തു ഉണർവ്വ് ആരംഭിക്കും’, ഉത്ഘാടന സന്ദേശത്തിൽ പാ. വത്സൻ എബ്രഹാം ഉത്ബോധിപ്പിച്ചു.
ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്ഘാടന സമ്മേളനത്തിൽ, പാ. വിൽസൺ ജോസഫ് സ്വാഗതം അറിയിച്ചു. പാസ്റ്റർമാരായ എം. പി. ജോർജ്കുട്ടി, കെ. കോശി, കേണൽ വി. ഐ. ലൂക്ക് എന്നിവർ വിവിധ ഭാഷകളിൽ സങ്കീർത്തനം വായിച്ചു. പാ. രാജു ആനിക്കാട് മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ ടി. എ. ചെറിയാൻ, സി. സി. എബ്രഹാം എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ആറന്മുള MLA, വീണ ജോർജ് സന്നിഹിതയായിരുന്നു.
ഭാരതത്തിലെ പെന്തക്കോസ്ത് ആത്മീയ സംഗമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷന്റെ ഈ വർഷത്തെ ചിന്താവിഷയം ‘താഴ്മ, വിശുദ്ധി, സൗഖ്യം’ (2 ദിന : 7:14-16) എന്നതാണ്. ജനുവരി 19 ന് നടത്തപ്പെടുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി മഹായോഗങ്ങൾക്ക് തിരശീല വീഴും.
മിഷനറി സമ്മേളനം, ഹെബ്രോൻ ബൈബിൾ കോളജ് ബിരുദദാനം, യൂത്ത് അഡ്വാൻസ്, സോദരി സമാജം സമ്മേളനം, വിദേശ മലയാളി വിശ്വാസികളുടെ (എൻ.ആർ.ഐ) സംഗമം, സ്നാനം, ഐ.പി.സി ഗ്ലോബൽ മീഡിയ മീറ്റ്, സൺഡേസ്ക്കൂൾ – പി.വൈ.പി.എ സമ്മേളനങ്ങൾ തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ചു നടത്തപ്പെടും. ദിവസവും രാവിലെ 5.30ന് പ്രഭാതധ്യാനം, എട്ടിന് ബൈബിൾ ക്ലാസ്, രാവിലെ 10 ന് പൊതുയോഗവും, കുട്ടികളുടെ പ്രോഗ്രാം, 2:00 ന് മിഷണറി സമ്മേളനം, 4:00 യൂത്ത് അഡ്വാൻസ് വൈകിട്ട് 5.30 ന് സുവിശേഷ സമ്മേളനം എന്നിങ്ങനെയാണ് പ്രതിദിന പരിപാടികൾ.
പാസ്റ്റർമാരായ ഡോ. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), വിൽസൺ ജോസഫ് (വൈസ് പ്രസിഡന്റ്), സാം ജോർജ് (ജനറൽ സെക്രട്ടറി), എം. പി. ജോർജ്കുട്ടി (ജോയിന്റ് സെക്രട്ടറി), സണ്ണി മുളമൂട്ടിൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
(വാർത്ത : പാ. ബ്ലെസ്സൻ എബ്രഹാം)