96 – മത് കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി
(IPC അന്തർദേശീയ 97 – മത് കൺവൻഷൻ 2021, ജനുവരി 17 – 24 വരെ)
കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 96 – മത് ജനറൽ കൺവൻഷന് ഹെബ്രോൻപുരത്ത് അനുഗ്രഹീതമായ സമാപ്തി. ജനുവരി 12 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് ആരംഭിച്ച കൺവൻഷൻ, ഇന്ന് (ജനുവരി 19 ന്) നടത്തപ്പെട്ട സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി തിരശീല വീണു. പാ. ജോസഫ് വില്യംസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സംയുക്ത ആരാധനയിൽ പാ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാ. ഡോ. ടി. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), പാ. ജേക്കബ് ജോൺ എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു. പാ. എം. പി. ജോർജ്കുട്ടി (ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി) നന്ദി അറിയിച്ചു.
രാവിലെ നടത്തപ്പെട്ട കർത്തൃമേശയിൽ പതിനായിരങ്ങൾ പങ്കെടുത്തു. കർത്തൃമേശയ്ക്ക് പാ. എം. വി. വർഗീസ്, പാ. കെ. എം. ജോസഫ് എന്നിവർ നേതൃത്വം നൽകി.
ഭാരതത്തിലെ പെന്തക്കോസ്ത് ആത്മീയ സംഗമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷന്റെ ഈ വർഷത്തെ ചിന്താവിഷയം ‘താഴ്മ, വിശുദ്ധി, സൗഖ്യം’ (2 ദിന : 7:14-16) എന്നതായിരുന്നു.
പാസ്റ്റർമാരായ രാജു ആനിക്കാട്, എം. പി. ജോർജ്കുട്ടി, കെ. ജോയി, ബേബി വർഗീസ്, ടി. ഡി. ബാബു, ഷിബു നെടുവേലിൽ, തോമസ് ഫിലിപ്പ്, കെ. ജെ. തോമസ്, കെ. സി. തോമസ്, വർഗീസ് എബ്രഹാം, സാബു വർഗീസ്, സണ്ണി കുര്യൻ, ഫിലിപ്പ് പി. തോമസ്, എം. എസ്. സാമുവേൽ, ഷിബു തോമസ്, കെ. സി. ജോൺ, ബാബു ചെറിയാൻ, വിൽസൺ ജോസഫ് എന്നിവർ രാത്രിയോഗങ്ങളിൽ മുഖ്യ പ്രസംഗകരായിരുന്നു.
മിഷനറി സമ്മേളനം, ഹെബ്രോൻ ബൈബിൾ കോളജ് ബിരുദദാനം, യൂത്ത് അഡ്വാൻസ്, സോദരി സമാജം സമ്മേളനം, വിദേശ മലയാളി വിശ്വാസികളുടെ (എൻ.ആർ.ഐ) സംഗമം, സ്നാനം, ഐ.പി.സി ഗ്ലോബൽ മീഡിയ മീറ്റ്, സൺഡേസ്ക്കൂൾ – പി.വൈ.പി.എ സമ്മേളനങ്ങൾ തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ചു നടത്തപ്പെട്ടു. ദിവസവും രാവിലെ 5.30ന് പ്രഭാതധ്യാനം, എട്ടിന് ബൈബിൾ ക്ലാസ്, രാവിലെ 10 ന് പൊതുയോഗവും, കുട്ടികളുടെ പ്രോഗ്രാം, 2:00 ന് മിഷണറി സമ്മേളനം, 4:00 യൂത്ത് അഡ്വാൻസ് വൈകിട്ട് 5.30 ന് സുവിശേഷ സമ്മേളനം എന്നിങ്ങനെ പ്രതിദിന പരിപാടികൾ മഹായോഗത്തിൽ നടത്തപ്പെട്ടു.
പാസ്റ്റർമാരായ ഡോ. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), വിൽസൺ ജോസഫ് (വൈസ് പ്രസിഡന്റ്), സാം ജോർജ് (ജനറൽ സെക്രട്ടറി), എം. പി. ജോർജ്കുട്ടി (ജോയിന്റ് സെക്രട്ടറി), സണ്ണി മുളമൂട്ടിൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ കൺവൻഷന് നേതൃത്വം നൽകി. ഐപിസി അന്തർദേശീയ 97 – മത് കൺവൻഷൻ 2021, ജനുവരി 17 – 24 വരെ ഹെബ്രോൻപുരത്ത് നടത്തപ്പെടും.