അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ’20 ന്, അനുഗ്രഹീത സമാപ്തി
“തിരെഞ്ഞെടുപ്പിൽ സമ്മർദ്ദ തന്ത്രം പ്രയോഗിക്കാത്ത പെന്തെക്കോസ്ത് സഭ, ജനാധിപത്യത്തിന് മാതൃകയാണ്”, ശ്രീ പിണറായി വിജയൻ (ബഹു. കേരള മുഖ്യമന്ത്രി)
അടൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ, അടൂർ പറന്തലിൽ പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന് (ഫെബ്രു. 9 ന്) അനുഗ്രഹീതമായി സമാപിച്ചു. പുതുതായി ലഭിച്ച കൺവൻഷൻ സെന്ററിൽ നടത്തപ്പെട്ട സംയുക്ത ആരാധനയ്ക്ക് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് നേതൃത്വം നൽകി. മുഖ്യാതിഥിയായിരുന്ന കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തു. ‘ഭരണഘടന നൽകുന്ന എല്ലാ സുരക്ഷയും വിശ്വാസ സമൂഹത്തിന് സർക്കാർ ഉറപ്പ് വരുത്തും’, അദ്ദേഹം അറിയിച്ചു.ഡിസ്ട്രിക്ട് സെക്രട്ടറി, പാ. ടി. വി. പൗലോസ് സങ്കീർത്തന ശുശ്രുഷ നിർവഹിച്ചു. പാ. ജോർജ് പി. ചാക്കോ മുഖ്യ സന്ദേശം നൽകി. കർത്തൃമേശയ്ക്ക് പാ. ഡോ. പി. എസ്. ഫിലിപ്പ് നേതൃത്വം നൽകി. പാ. ഐസക്ക് വി. മാത്യു കർത്തൃമേശയോടനുബന്ധിച്ച് സന്ദേശം നൽകി. ജനപ്രതിനിധികളായ കൊടുക്കുന്നേൽ സുരേഷ് M.P., വീണാ ജോർജ് MLA, രാജു എബ്രഹാം MLA, എന്നിവർ ആശംസകളറിയിച്ചു.ഫെബ്രുവരി 4 ന് ആരംഭിച്ച മഹായോഗത്തിന്റെ ഉത്ഘാടന സമ്മേളനത്തിൽ, പുതിയ കൺവൻഷൻ ഗ്രൗണ്ടിന്റെ ഉത്ഘാടനവും നടത്തപ്പെട്ടു. പാസ്റ്റർമാരായ പാ. ഡോ. വി. ടി. എബ്രഹാം (സൂപ്രണ്ട്, SIAG), ടി. ജെ. സാമുവേൽ, ഡോ. ഡി. മോഹൻ, കെ. ജെ. മാത്യു, എബ്രഹാം തോമസ്, ജോൺസൺ വർഗീസ്, ജോർജ് പി. ചാക്കോ, ഡോ. ഐസ്സക് വി. മാത്യു, എന്നിവരായിരുന്നു മുഖ്യ പ്രസംഗകർ. കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സെമിനാർ, മിഷൻസ് സമ്മേളനം, ഓർഡിനേഷൻ ശുശ്രുഷ, സൺഡേ സ്കൂൾ / സി. എ. പൊതുസമ്മേളനം എന്നിവ ക്രമീകരിക്കപ്പെട്ടു. ഏ. ജി. കൺവൻഷൻ ക്വയറിനോടൊപ്പം ഡോ. ബ്ലെസ്സൻ മേമന ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.
വിവിധ മാധ്യമങ്ങളോടൊപ്പം ‘sabhavarthakal.com’ നും മഹാസമ്മേളനം തത്സമയം പ്രക്ഷേപണം ചെയ്യുവാൻ ഇടയായി.
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)