EDITORIAL (Blesson Daniel) : 20th May 2020
യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും. യാത്രയിൽ ജനത്തിന് പകൽ മേഘസ്തംഭവും, രാത്രി അഗ്നിസ്തംഭവും, വഴികാട്ടിയായി. മേഘം പൊങ്ങി കാണുമ്പോൾ പുറപ്പാടിന്റെ സമയമായി എന്ന് ജനത്തിന് മനസ്സിലാകും.
അവർ പാർത്തിരുന്ന മിസ്രയെമിൽ ഒന്ന് മാറി ഒന്നൊന്നായി ബാധകൾ ആരംഭിച്ചപ്പോൾ, തന്റെ സ്വന്ത ജനത്തിന് ദൈവം സർവ്വ സംരക്ഷണം നൽകി.
അന്ന് വരെ ആർക്കും അനുഭവമില്ലാത്ത മഹാമാരിക്ക് സാക്ഷ്യം വഹിച്ച ഈജിറ്റിന്റെ സമാനമായ സാമൂഹിക സാഹചര്യമാണ്, ഇന്ന് അവസാന പുറപ്പാടിന്റെ വാതിൽക്കൽ നില്ക്കുന്ന മനുഷ്യൻ സാക്ഷിയായി കൊണ്ടിരിക്കുന്നത്.
ലോകമെമ്പാടും നടമാടുന്ന അസാധാരണമായ സംഭവങ്ങൾ ചരിത്രത്തിന്റെ ആവർത്തനമോ ?
“നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവനെ അത്ഭുതങ്ങൾ കാണിക്കും”, മീഖാ : 7:15
നായീച്ച :
‘മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ച കൊണ്ടു നിറയും’, പുറ : 8:21
ഫറവോനും ജനവും, നായീച്ചയാൽ വളരെ ബാധിക്കപെട്ടു. ദേശം മുഴുവൻ നായീച്ചയെ കൊണ്ട് നിറഞ്ഞു.
ജീവികളെ കൊണ്ട് സസ്യലോകത്തിന് നേട്ടമുണ്ടാകേണ്ടതിന് വിവിധ സസ്യ വൈറസുകളെ ശാസ്ത്രജ്ഞന്മാർ ജീവികളിൽ നിക്ഷേപിക്കുവാൻ 2016 ൽ തന്നെ ആരംഭിച്ചിരുന്നു. ഒരു ഭക്ഷണക്ഷാമം ഉണ്ടാകുന്ന പക്ഷം, ഈ വിധത്തിൽ അതിന് പ്രതിവിധി ഉണ്ടാക്കാമെന്ന് ശാസ്ത്രലോകം കണക്കൂട്ടുന്നു.
എന്നാൽ മറ്റ് ചില വിദഗ്ധർ, ഈ സാധ്യത മനുഷ്യരാശിക്ക് വിനയാകുമെന്ന് പ്രവചിക്കുന്നു. ഇങ്ങനെ ജീവികളിൽ നിക്ഷേപിക്കപ്പെടുന്ന വൈറസുകൾ ഭാവിയിൽ ജൈവായുധമായി പരിണമിച്ച്, ശത്രുപക്ഷത്തെ കാർഷികമേഖലയെ പൂർണ്ണമായി തകർക്കാമെന്ന് അവർ അഭിപ്രായപ്പെടുന്നു. ചില വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ തെങ്ങ് കൃഷിയെ ബാധിച്ച മണ്ഡരി രോഗം ഇതിന്റെ ഒരു ചെറു പതിപ്പ് മാത്രമാണ്. കൊറോണ വൈറസും ജന്തുലോകത്തിൽ നിന്നുമാണ് ഉത്ഭവിച്ചത് എന്ന വാദം വൈദ്യശാസ്ത്രം ഇതുവരെ പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല.
കല്മഴ :
‘യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു’, പുറ : 9:24
മിസ്രയീംദേശത്തുള്ള എല്ലാ മനുഷ്യരെയും മൃഗങ്ങളെയും, വയലിലും, പറമ്പിലുമുള്ള സകലസസ്യത്തെയും കല്മഴ നശിപ്പിച്ചു. അസാധാരണമാം വിധം 2020 ൽ വിവിധ രാജ്യങ്ങൾ കല്മഴയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. മഴയോടൊപ്പം അഗ്നിയും പെയ്തിറങ്ങിയത് ഭീതിയോട് കൂടിയാണ് നാം കണ്ടത്. ചില രാജ്യങ്ങളിൽ ചെറു പന്തിന്റെ വലിപ്പമുള്ള ആലിപ്പഴങ്ങളാണ് വീണ് നാശനഷ്ടമുണ്ടാക്കിയത്. ഓസ്ട്രേലിയയിലും, അമേരിക്കയിലും, മറ്റ് അനേക രാജ്യങ്ങളിലും ഉണ്ടായ കാട്ട്തീ മുഖാന്തരം ദശലക്ഷം ഏക്കർ കാടും, ആയിരക്കണക്കിന് വീടുകളുമാണ് നശിക്കുവാനും ഇടയായത്. നൂറ് കോടിയോളം ജന്തുക്കൾ ചത്തുവെനാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വെട്ടിക്കിളി :
‘വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിർക്കകത്തു ഒക്കെയും അനവധിയായി വീണു; മിസ്രയീംദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല’, പുറ: 10:14,15
2019 ൽ കിഴക്കൻ ആഫ്രിക്കയിൽ വീശിയടിച്ച വെട്ടിക്കിളി ആക്രമണം, 70 വർഷങ്ങളിലേക്കും വച്ച് ഭീകരമായ സംഭവമായിരുന്നു. ഈ വർഷം ആഫ്രിക്കയിൽ നിന്നും കിഴക്കൻ ഭൂഖണ്ഡങ്ങളിലേക്ക് ലക്ഷക്കണക്കിന് വെട്ടുകിളികളുടെ ആക്രമണം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധ പ്രവചനം.
കൂരിരുട്ട് :
‘മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല’, പുറ : 10:23
മനുഷ്യന്റെ സമസ്ത മേഖലകളിലും ഇത് പോലെ ഇരുട്ട് ബാധിച്ച ഒരു കാലഘട്ടം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഡീൻ കോൺസ് എന്ന നോവലിസ്റ്റ് 1981 ൽ വുഹാൻ-400 എന്ന വൈറസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച തന്റെ നോവലിന് ‘The Eyes of Darkness’ എന്നായിരുന്നു പേരിട്ടത്. അതേ, ഇരുട്ട് ഇപ്പോഴേ വ്യാപിച്ചു തുടങ്ങിയിരിക്കുന്നു.
കടിഞ്ഞൂൽ സംഹാരം :
‘അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻ വരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂൽ ഒക്കെയും മൃഗങ്ങളുടെ എല്ലാ കടിഞ്ഞൂലും ചത്തുപോകും’, പുറ : 11:5
പുറപ്പാടിന്റെ മുൻപ് ആചരിച്ചിരുന്ന പെസഹാ, ഇസ്രായേൽ ജനം ഇതുവരെ സ്നേഹിതരും ബന്ധുക്കളും എല്ലാവരും ചേർന്നാണ് ആചരിച്ചിരുന്നത്. എന്നാൽ പൂർണ്ണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് പകരം രോഗഭീതിയുടെ ആശങ്കയിലും അവധിയുടെ ആലസ്യത്തിലായിരുന്നു ഇസ്രായേൽ ജനത. അടച്ചിട്ട വീടുകളിൽ ഈ വർഷം അവർ പെസഹാ ആചരിച്ചു.
ദൈവീക കല്പനയായ ‘നിങ്ങൾ വർദ്ധിച്ചു പെരുകുക’ എന്നതിന് വിരോധമായിട്ടാണ് രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ ഫറവോൻ നൈൽ നദിയിൽ മുക്കി കൊന്നത്. എന്നാൽ യഹോവ ഫറവോന്റെ കൊട്ടാരം മുതൽ കുടിൽ വരെയും, കന്നുകാലികളിൽ ആദ്യ ഫലത്തെ വരെ തൊട്ടു.
ചൈന ഗവൺമെന്റിന്റെ ‘ഒരു കുടുംബം, ഒരു കുട്ടി’ എന്ന പദ്ധതി 1980 ലാണ് നിലവിൽ വന്നത്. ഏകദേശം 400 ദശലക്ഷം പിറവികളാണ് ഇത് കാരണം തടയാനായത്. ഇന്ന് ചൈനയിൽ ഒരു മരണം നടന്നാൽ അത് കുടുംബങ്ങളിൽ മിക്കവാറും ആദ്യജാതൻ തന്നെയായിരിക്കും ഇരയാകുക.
ഭൂകമ്പം :
റിക്ടർ സ്കയിലിൽ 6.0 ന് മുകളിലുള്ള 38 ഭൂകമ്പങ്ങളാണ് നാല് മാസത്തിനുള്ളിൽ ഇതുവരെ ഈ വർഷം ഉണ്ടായത്. തുർക്കി, റഷ്യ, ഇറാൻ, ജമൈക്ക തുടങ്ങി അനേക രാജ്യങ്ങൾ ഭൂകമ്പത്തിനിരയായി.
ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ട്ടങ്ങളിൽ കൂടിയാണ് നമ്മുടെ തലമുറ കടന്ന് പോകുന്നത്. മനുഷ്യന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയ സാഹചര്യത്തിൽ, തന്റെ നിസ്സാരത മനുഷ്യന് ഇന്ന് ബോധ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. യിസ്രായേൽ ജനത തങ്ങൾ അനുഭവിച്ചിരുന്ന അടിമത്വത്തിൽ നിന്നും ഒരു മോചനത്തിന് വേണ്ടി നൂറ്റാണ്ടുകൾ കാത്തിരുന്നു. യാത്രയിൽ കൂടാരങ്ങൾ മാറ്റി മാറ്റി അടിച്ചു. എന്നാൽ മിസ്രയെമിൽ ബാധ ആരംഭിച്ചപ്പോൾ അവർ ചിന്തിച്ചു കാണും, രക്ഷപ്പെടുവാൻ എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നു എങ്കിൽ അത് കൂടി ഇപ്പോൾ അസ്തമിച്ചുവെന്ന്. വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രയിൽ ഈ കഷ്ടതകൾ ദൈവം കല്പിച്ചാക്കിയതാണ്. നമ്മുടെ പിതാക്കന്മാരേക്കാൾ പ്രവചന ശബ്ദങ്ങളുടെ നിവൃത്തിയുടെ സാക്ഷികളാകുവാൻ നമുക്ക് ഭാഗ്യം ലഭിച്ചു.
താത്കാലിക കൂടാരങ്ങളിൽ മാറി മാറി പാർത്ത ഭക്തന്, തന്റെ നിത്യ കൂടാരത്തിലേക്കുള്ള പുറപ്പാടിൻറെ സമയമായി. നീതിസൂര്യനായ ക്രിസ്തുവിനോടൊപ്പം, മരിച്ചു പോയ അസംഖ്യം വിശുദ്ധന്മാരോടും, ദൂത സഞ്ചയത്തോടൊപ്പം, വിൺ കൂടാരത്തിൽ ചേരുവാൻ കാലമായി ; കാരണം
മേഘം പൊങ്ങി കാണുന്നു !!! അതെ, കാലഘട്ടം അത് വിളിച്ചറിയിക്കുന്നു.