കൊറോണ കാലത്തെ കണ്ണീർകണങ്ങൾ …
അപ്രതീക്ഷിത വാർത്തകളുമായി ദിനങ്ങൾ പുലരുമ്പോൾ, സൂര്യൻ ഉദിക്കാതിരുന്നാൽ മതിയായിരുന്നു എന്നാശിക്കാറുണ്ട്. അസ്തമിക്കാത്ത പ്രതീക്ഷകളും, അനേകായിരം സ്വപ്നങ്ങളുമായാണ് ലോകം 2020 നെ വരവേറ്റത്. എന്നാൽ പ്രതീക്ഷകൾ തെറ്റി, നല്ല നാളെയ്ക്കുള്ള പുതുവർഷ സ്വപ്‌നങ്ങൾ വെറും മരീചികകളായിരുന്നുവെന്ന് വിശ്വസിക്കാനാണ് മനുഷ്യന് ഇന്ന് ഇഷ്ട്ടം. ഈ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് ചരിത്രം എന്ത് വിശേഷിപ്പിച്ചാലും ആശ്ചര്യപ്പെടാനില്ല. അത്രയ്ക്ക് ഭീകരമായിരുന്നു കൊറോണ ദിനങ്ങൾ.
വിശ്വാസി സമൂഹത്തിനും ഈ ദിനങ്ങൾ കണ്ണുനീർ സമ്മാനിക്കാതിരുന്നില്ല. എന്നാൽ ദുഃഖത്തിന്റെ നടുവിലും പ്രത്യാശയുമായി ജീവിക്കുന്ന ശേഷം മനുഷ്യരുണ്ടെങ്കിൽ, അത് ദൈവമക്കൾ ഒന്ന് മാത്രമാണ്.
2020 ൽ മലയാളി വിശ്വാസ സമൂഹത്തിന് ഭൂമിയിൽ നഷ്ടമായതും സ്വർഗ്ഗത്തിന് ലാഭവുമായ ചില വിലയേറിയ വ്യക്തിത്വങ്ങളെ sabhavarthakal.com സ്മരിക്കുന്നു.
Ravi Zacharias (May 19th)
പ്രശസ്ത അപ്പോളോജിസ്റ്റും, രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് സ്ഥാപകനുമായ രവി സക്കറിയാസ് (74) മെയ് 19 ന് നിത്യതയിൽ ചേർക്കപ്പെട്ടു. മാർച്ചിൽ തനിക്ക് ക്യാൻസർ രോഗം സ്ഥിരീകരിക്കപ്പെടുകയും, ടെക്സസ്സിൽ ചികത്സയിലിരിക്കയാണ് രവി സക്കറിയാസ് നിത്യവിശ്രമത്തിനായി ചേർക്കപെട്ടത്.
1946 മാർച്ച് 26 ന് മദ്രാസിൽ ജനിച്ച രവി, 1966 ൽ കാനഡയിലേക്ക് കുടിയേറിയത്തോട് കൂടിയാണ് വേദശാസ്ത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ‘ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും’, (യോഹ: 14:19) എന്ന ക്രിസ്തുവചനമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചത്. രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് 1984 ലാണ് താൻ സ്ഥാപിച്ചത്. അറ്റ്ലാൻറ്റ ആസ്ഥാനമായ സംഘടന ഇന്ന് ലോകമെമ്പാടും പ്രവർത്തിക്കുന്നു.
ഏകദേശം 30 പുസ്തകങ്ങൾ താൻ രചിച്ചു. വിവിധ റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിച്ചു വരികയായിരുന്നു. മാര്ഗരറ് റെയ്നോൾഡ്സാണ് ഭാര്യ. മക്കൾ : സാറ, നഥാൻ, നവോമി
Pr. Thomas Thonnackal (March 29th)
തനതായ ശൈലി കൊണ്ട് ക്രൈസ്തവ മാധ്യമ ലോകത്ത് പ്രസിദ്ധി നേടിയ പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ പാ. തോമസ് തോന്നയ്ക്കൽ മാർച്ച് 29 ന് നിര്യാതനായി. അനേക ആത്മകഥകൾ, ക്രൈസ്തവ നോവലുകൾ, കവിതകൾ എന്നിവയാൽ അക്ഷര സമ്പുഷ്ടമായിരുന്നു പാ. തോമസ് തോന്നയ്ക്കലിന്റെ സാഹിത്യ ജീവിതം. ഭാര്യ ലത തോമസ്; മക്കൾ : ബ്ലെസി തോമസ്, ബ്ലെസ്സൺ തോമസ്. സംസ്കാരം മാർച്ച് 30 ന് നടത്തപ്പെട്ടു.
Pr. Thomas Varghese [Thalavady Kunjumon] (May 7th)
ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി (CFA) സ്ഥാപകനും, ശുശ്രുഷകനുമായ പാ. തോമസ് വർഗീസ് (71) (തലവടി കുഞ്ഞുമോൻ) മെയ് 7 ന് നിത്യതയിൽ ചേർക്കപ്പെട്ടു. തലവടി ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക പ്രവർത്തകരിൽ ഒരാളാണ് പാ. തലവടി കുഞ്ഞുമോൻ. ചത്തീസ്ഗഡ് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അനാഥാലയവും സഭകളും CFA യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ഭാര്യ : മറിയാമ്മ തോമസ്. മക്കൾ : ബ്ലസി, ബെറ്റ്സി, ബിനോയ്. സംസ്കാരം മെയ് 14 ന് മസ്കറ്റിൽ നടത്തപ്പെട്ടു.
Johnykutty & Mercy [s/o Capt. Sajan John] (March 4th)
‘കണ്ണീർ വീണാലും ഒപ്പിയെടുത്ത് …’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ് സാജൻ അയ്യയുടെ മാതാപിതാക്കൾ ജോണിക്കുട്ടി (60), മേഴ്സി (56) എന്നിവർ മാർച്ച് 4 ന് തിരുവനന്തപുരം വെള്ളനാടിനടുത്തുണ്ടായ ബൈക്കപകടത്തിൽ മരണമടഞ്ഞു. കൂവപ്പടിയിൽ ലോറിയുമായി ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. മുണ്ടനാട് മണ്ണാറത്തലയ്ക്കൽ സ്വദേശികളായ ഇവരുടെ സംസ്കാരം മാർച്ച് 5 ന് മീനഞ്ചിറയിൽ നടത്തപ്പെട്ടു.
Renju Cyriac & Kunjumol Cyriac (March 28th)
കുവൈറ്റിലുള്ള മകന്റെ മരണവാർത്തയറിഞ്ഞ മാതാവ്, മണിക്കൂറുകൾക്കുള്ളിൽ തന്നെ കേരളത്തിൽ മരിച്ചത് സമൂഹത്തിൽ ഞെട്ടലുളവാക്കി. ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗവും, ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയുമായ രെഞ്ചു സിറിയക്ക് (38) മാർച്ച് 28 നാണ് കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചത്. മകൻ രെഞ്ചുവിന്റെ മരണവാർത്തയറിഞ്ഞ കുഞ്ഞുമോൾ സിറിയക്ക്, ചെങ്ങന്നൂർ കൊല്ലകടവിൽ അന്നേ ദിനം നിത്യതയിൽ ചേർക്കപ്പെടുകയായിരുന്നു. രെഞ്ചു സിറിയക്കിന്റെ ഭാര്യ ജീന. ഏക മകൾ ഇവാൻജെലിൻ എൽസ രെഞ്ചു.
രെഞ്ചുവിന്റെ സംസ്കാര ശുശ്രുഷ മാർച്ച് 31 ന് കുവൈറ്റിലും, കുഞ്ഞുമോൾ സിറിയക്കിന്റെ സംസ്കാര ശുശ്രുഷ കൊല്ലകടവിലും നടത്തപ്പെട്ടു.
Raju Mathew [Goodnews Raju] (January 23rd)
ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (ഗുഡ്ന്യൂസ് രാജു – 66) ജനുവരി 23 ന് അക്കരനാട്ടിൽ പ്രവേശിച്ചു. ഗുഡ്ന്യൂസ് മുൻ ചെയർമാൻ പരേതനായ വി. എം. മാത്യുവിന്റെ മൂത്ത മകനായ രാജു, നിലവിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, ശാലേം ട്രാക്ട് സൊസൈറ്റി സെക്രട്ടറിയുമായിരുന്നു. കോട്ടയം ഞാലിയാകുഴി പോളച്ചിറയിൽ കുടുംബാംഗമായ രാജു മാത്യു, ഭാര്യ ഡെയ്സി ദമ്പതികൾക്ക് രണ്ട് മക്കൾ : ബ്ലെസ്സൻ മാത്യു, ബ്ലെസ്സി അഭിലാഷ്. ഫെബ്രുവരി 1 ന് സംസ്കാരം നടത്തപ്പെട്ടു.
Pr. George John (March 8th)
ശാരോൻ ഫെലോഷിപ്പ് ചർച്ച് ശൂരനാട് റീജിയൻ അസ്സോസിയേറ്റ് മിനിസ്റ്റർ പാ. ജോർജ് ജോൺ (75) മാർച്ച് 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സാറാമ്മ ജോണാണ് ഭാര്യ. മകൻ : സാം ജോൺ. സംസ്കാര ശുശ്രുഷ മാർച്ച് 12 ന് മണക്കാലയിൽ നടത്തപ്പെട്ടു.
P. C. Thomas [Ranny Achayan] (March 7th)
ഐപിസി നെല്ലിയ്ക്കമൺ സഭാംഗവും, 90 കളിൽ മദ്ധ്യ തിരുവാൻകൂറിലെ കാൽപന്ത് കളിയിൽ ഗാലറിയുടെ ഹരവുമായിരുന്ന റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്-82) മാർച്ച് 7 ന് ഡാളസ്സിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. പരേതയായ മേരികുട്ടിയാണ് ഭാര്യ. മക്കൾ : അനി, മിനി, മനു, ബിനു. സംസ്കാരം മാർച്ച് 14 ന് ഡാളസ്സിൽ നടത്തപ്പെട്ടു.
ഇനിയുമുണ്ട് കൊറോണ കാലത്ത് പറന്നകന്ന അനേകം നക്ഷത്രങ്ങൾ. നിത്യതയുടെ തുറമുഖത്ത് കോടി ദൂത സഞ്ചയത്തോടൊപ്പം പ്രിയരേ വീണ്ടും കാണാം എന്ന പ്രത്യാശയോടെ ….
പ്രിയപെട്ടവരുടെ ദുഃഖത്തിലും, ക്രിസ്തീയ പ്രത്യാശ നേരുന്നു !!!
TEAM sabhavarthakal.com