മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (123)
പാ. വീയപുരം ജോർജ്കുട്ടി
ചിലരുടെ ഭൂമിയിലെ പ്രവർത്തനങ്ങൾ കച്ചിത്തുറു പോലെ കാഴ്ച്ചയിൽ വലുതായിരിക്കും. എന്നാൽ മറ്റ് ചിലർ ആരെയും അറിയിക്കാതെ കർത്താവിനായി രഹസ്യമായി ചെയ്യും. അത് സ്വർണ്ണം, വെള്ളി, എന്നീ ലോഹങ്ങൾ പോലെ വിലയേറിയതായിരിക്കും. ദൈവം നമ്മുടെ പരസ്യ പ്രവർത്തനത്തെ വിലയിരുത്തിയല്ല പ്രതിഫലം തരുന്നത്, പിന്നെയോ നമ്മുടെ പ്രവർത്തനത്തെ തീയിൽ കൂടെ (അഗ്നിനദി) കടത്തി വിടും. (ദാനി:7:10; 1 കോരി :3:10-15) – “അത് തീയുടെ വെളിപ്പെട്ട് വരും; ഓരോരുത്തന്റെ പ്രവർത്തി ഇന്നവിധം എന്ന് തീ തന്നെ ശോധന ചെയ്യും. ഒരുത്തൻ പണിത പ്രവർത്തി നിലനിൽക്കും എങ്കിൽ അവന് പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തു പോയെങ്കിൽ അവന് ചേതം വരും. താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽ കൂടി എന്ന പോലെ അത്രേ”
ലക്ഷങ്ങൾ വിലവരുന്ന ആന കട്ടിൽ പ്രസവിച്ചാൽ ആരും തന്നെ അറിയുകയില്ല. എന്നാൽ ഒരു രൂപ മാത്രം കിട്ടുന്ന മുട്ട കോഴിയിട്ടാൽ നാട്ടുകാരെ മുഴുവൻ അത് കൂവി അറിയിക്കും. ഇത് പോലെയാണ് ചിലരുടെ പ്രവർത്തനങ്ങളും.
സ്ഥാനമാനങ്ങൾക്ക് വേണ്ടിയും അത് നിലനിർത്തുന്നതിന് വേണ്ടിയും ചിലർ ലക്ഷങ്ങൾ വാരിയെറിയാറുണ്ട്. പുറമെ നിന്ന് നോക്കിയാൽ ദൈവവേലയ്ക്ക് എന്ന് തോന്നുമെങ്കിലും അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി ദൈവം തീയിൽ കൂടെ വെളിപ്പെടുത്തുമ്പോൾ കത്തിപ്പോകും; അവർ ലജ്ജിതരായി തീരുകയും ചെയ്യും.
വിശുദ്ധന്മാർക്ക് ലഭിക്കുന്ന കിരീടങ്ങൾ :
1) പൊൻകിരീടം : വീണ്ടും ജനനത്താൽ രാജാക്കന്മാരും പുരോഹിതന്മാരും ആയിത്തീർന്ന എല്ലാവർക്കും ഇത് ലഭിക്കുന്നു (വെളി :4:4)
2) വാടാത്ത കിരീടം : ഓട്ടക്കളത്തിൽ ഓടി ജയം പ്രാപിക്കുന്നവർക്ക് (1 കോരി :9:23-27, ഫിലി :3:14, എബ്രാ :12:1)
3) പ്രശംസാ കിരീടം : ആത്മാക്കളെ നേടുന്നവർക്ക് (1 തെസ്സ :2:19,20; ഫിലി :4:1)
4) നീതിയുടെ കിരീടം : അവസാനത്തോളം വിശ്വാസം കാത്തവർക്കും ജയാളിയായിത്തീർന്ന യോദ്ധാവിനും (2 തിമോ :4:6-8)
5) ജീവകിരീടം : പരീക്ഷ സഹിച്ചവർക്കും കഷ്ട്ടം സഹിച്ചവർക്കും രക്തസാക്ഷികളായവർക്കും (വെളി :2:10, യാക്കോ :1:12)
6) തേജസ്സിന്റെ കിരീടം : ആട്ടിൻ കൂട്ടത്തിന് മാതൃകകളായി അദ്ധ്യക്ഷത ചെയ്ത ഇടയന്മാർക്ക് (1 പത്രോ :5:4)
9) തേജസ്സേറിയ ഇരിപ്പിടങ്ങൾ
“ജയിക്കുന്നവന് ഞാൻ എന്നോട് കൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നൽകും; ഞാനും ജയിച്ച് എന്റെ പിതാവിനോട് കൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നത് പോലെത്തന്നെ” (വെളി :3:21). “സിംഹാസനത്തിന്റെ ചുറ്റിലും 24 സിംഹാസനം; വെള്ളയുടുപ്പ് ധരിച്ചു കൊണ്ട് സിംഹാസനങ്ങളിൽ ഇരിക്കുന്ന 24 മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം” (വെളി :4:4). കർത്താവ് പറഞ്ഞു : “ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കൽ ചേർത്ത് കൊള്ളും” (യോഹ : 14:3). സ്വർഗ്ഗത്തിലും കർത്താവിനോട് കൂടെ തേജസ്സേറിയ ഇരിപ്പിടങ്ങൾ തന്റെ വിശുദ്ധന്മാർക്ക് ലഭിക്കും”
ഇന്ന് കേരളക്കരയിൽ നടക്കുന്ന ക്രിസ്തീയ മഹാസമ്മേളനങ്ങളിൽ വേദികളിൽ ഇരിപ്പിടം ലഭിക്കുന്നത് മഹാഭാഗ്യമായിട്ടാണ് പലരും കരുതുന്നത്. മുൻ നിരയിൽ ജനറലുകാരും അതിനടുത്ത് സ്റ്റേറ്റിന്റെ ചുമതലക്കാരും, പിന്നീട് റീജിയൻ, സെന്റർ, ഏരിയ, എന്നീ നിലകളിലുമാണ് ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നത്. എന്നാൽ വിദേശത്ത് നിന്ന് വരുന്ന പലരും ഇതൊന്നും പരിഗണിക്കാതെ വിദേശത്താണ് എന്ന ഒറ്റ കാരണത്താൽ വേദികൾ കൈയടുക്കുന്നതും നമുക്ക് കാണുവാൻ കഴിയും. ഇപ്പോൾ ഇരിപ്പിടങ്ങളിൽ അവരവരുടെ പദവികൾ എന്താണെന്ന് കൂടി എഴുതി വയ്ക്കാറുണ്ട് എന്നും കേൾക്കുന്നു.
ഇങ്ങനെയിരിക്കുന്നവരിൽ ചിലർ യാതൊരു വിധമായ സുവിശേഷ പ്രവർത്തനം ചെയ്യാത്തവരും കാശ് കൊടുത്ത് സ്ഥാനം ഉറപ്പിച്ചവരും രാഷ്ട്രീയകുതന്ത്രങ്ങൾ പയറ്റിജയിച്ചവരും ആണ്. എന്നാൽ മറ്റാരും അറിയാതെ വീടുകൾ കയറിയും ഇറങ്ങിയും സുവിശേഷം പറഞ്ഞ് ആത്മാക്കളെ നേടിയവരും ജീവിതവിശുദ്ധി കാത്ത് പാലിച്ചവരും അനേകം സഭകൾ സ്ഥാപിച്ചവരും കർത്താവിന് വേണ്ടി കഷ്ടം സഹിച്ചവരും പലരും ഉണ്ട്. എന്നാൽ അവർക്ക് വേദിയിൽ ഇരിപ്പിടം ലഭിക്കാറില്ല. പലർക്കും പ്രസംഗപാടവം ഇല്ലാത്തത് കൊണ്ട് ആരും അവരെ പരിഗണിക്കാറില്ല. മഹായോഗങ്ങളിൽ പ്രാർത്ഥിക്കാൻ പോലും ഇങ്ങനെയുള്ളവർക്ക് അവസരങ്ങൾ ലഭിക്കാറുമില്ല.