ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ. ബി. കോശി അദ്ധ്യക്ഷനായ കമ്മീഷൻ മുൻപാകെ നിർദേശങ്ങൾ അതിവേഗം സമർപ്പിക്കാൻ പെന്തെക്കോസ്ത് സഭാ നേതൃത്വം തയാറാകണമെന്ന് പാ. ജെയ്സ് പാണ്ടനാട്.
ജസ്റ്റീസ് ജെ. ബി. കോശിയെ കൂടാതെ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് IAS, ശ്രി.ജേക്കബ് പുന്നൂസ് IPS എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ. കമ്മീഷൻ്റെ മുമ്പിൽ നിർദേശങ്ങൾ സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പഠനങ്ങളും സഭാ നേതൃത്വമോ സഭ ചുമതലപ്പെടുത്തിയ ഏജൻസിയോ നടത്തുന്നുണ്ടെന്ന് വിശ്വസിക്കുന്നു. കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ കണക്കിലെടുത്ത് സാമൂഹിക – സാമ്പത്തീക നിജസ്ഥിതി പഠന നിർദേശങ്ങൾ വ്യക്തിപരമായും സഭയായും പോസ്റ്റൽ വഴിയും ഓൺലൈൻ മുഖേനയും സമർപ്പിക്കാനുള്ള അവസരമാണിപ്പോൾ. കോവിഡ് മാനദണ്ഡങ്ങൾക്ക് ഇളവ് വന്നതിനു ശേഷം ജില്ലാ അടിസ്ഥാനത്തിൽ കമ്മീഷൻ്റെ സിറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. അതിനാവശ്യമായ കമ്മീഷൻ്റെ ടേംസ് ഓഫ് റഫറൻസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങളും വിവരശേഖരണവും :
1) പൊതുവായ വിഷയങ്ങൾ
2) കുടുംബത്തെ സംബന്ധിക്കുന്ന വിവരങ്ങൾ
3) ഭൗതീക സാഹചര്യങ്ങൾ
4)കുടുംബത്തിൻ്റെ പ്രതിശീർഷ വരുമാനം, കട ബാധ്യത
5) ആരോഗ്യ വിവരങ്ങൾ
6) വ്യക്തി വിവരങ്ങൾ
7)വിദ്യാഭ്യാസ – തൊഴിൽ വിവരങ്ങൾ
8)സാമൂഹിക സുരക്ഷ , ക്ഷേമ വിവരങ്ങൾ
9) മത്സ്യ തൊഴിലാളികൾ, തീരദേശ വാസികൾ, തോട്ടം തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ
10) പരിവർത്തിത ക്രൈസ്തവർ, ആദിവാസി – വനവാസി വിഭാഗങ്ങൾ, നാടാർ, ലത്തീൻ മറ്റു ഒ ബി സി, ഒ ഇ സി വിഭാഗങ്ങളുടെ വിദ്യാഭ്യാസം, സംവരണം, സ്കോളർഷിപ്പ്, തുടങ്ങിയ പ്രശ്നങ്ങൾ.
ഈ വിഷയങ്ങളെ മുൻനിർത്തി ചോദ്യാവലി തയ്യാറാക്കി വിവരശേഖരണം നടത്തേണ്ടതാണ്.
ചെയ്യേണ്ട കാര്യങ്ങൾ :
1) ചോദ്യാവലി തയ്യാറാക്കുക
2) ഓൺലൈൻ യോഗങ്ങൾ വിളിച്ച്, സെൻ്റർ പാസ്റ്റർന്മാർക്കും പാസ്റ്റർന്മാർക്കും സഭാംഗങ്ങൾക്കും ബോധവൽക്കരണം നൽകുക.
3) വിശകലനത്തിനായി ശേഖരിക്കുന്ന വസ്തുതകളും സ്ഥിതി വിവരങ്ങളും പഠന വിധേയമാക്കുക
4) ഡേറ്റാ ബേസിലെ ഉള്ളടക്കം മറ്റാർക്കും കൈമാറാതെ സൂക്ഷിക്കുക.
അനുബന്ധം :
ഡേറ്റാ അനാലിസിസ് സഭയുടെ ഭരണനിർവഹണത്തിന് കൂടുതൽ പ്രയോജനം ചെയ്യും. സഭാംഗങ്ങളുടെ സാമൂഹിക – സാമ്പത്തീക – വിദ്യാഭ്യാസ അവസ്ഥകൾ മനസിലാക്കിയാൽ സഭയുടെ സാമൂഹിക വികസനം , സാമൂഹിക സുരക്ഷ, മിനിമം വരുമാനം, തൊഴിൽ, വീട്, ഭൂമി എന്നിവയുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ അഡ്മിനിസ്ട്രേഷന് ഗുണകരമാകും. സുവിശേഷം പറഞ്ഞ് ബഹുജനങ്ങളെ സഭയിലേക്ക് ആകർഷിച്ചിട്ട് അവരുടെ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതിരിക്കുന്നതിന് ന്യായീകരണമില്ല. ഇനിയെങ്കിലും പെന്തകോസ്ത് സമൂഹം ഉണർന്നു പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു. മുൻകാലങ്ങളിൽ സർക്കാരുകൾ നിയമിച്ച അനവധി കമ്മീഷനുകൾക്ക് മുമ്പിൽ പെന്തകൊസ്ത് സഭകൾ നിർദേശങ്ങൾ സമർപ്പിക്കാഞ്ഞതിനാൽ യാതൊരു ആനുകൂല്യങ്ങളും സഭാംഗങ്ങൾക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല സർക്കാർ ആനുകൂല്യങ്ങളക്കുറിച്ച് ഗുണഭോക്താക്കൾക്ക് യാതൊരു അറിവും ഇല്ല. ഇത്തരം വിഷയങ്ങളെകുറിച്ച് വിശ്വാസി സമൂഹത്തിൻ്റെ ഇടയിൽ നല്ല ബോധവത്കരണം നടത്തണം. യുവജന സംഘടനകളെങ്കിലും ഈ പ്രശ്നങ്ങളിൽ ജാഗ്രത കാണിക്കണം. ഈ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ പ്രത്യേക ഡിപ്പാർട്ട്മെൻ്റും സർക്കാരുമായി നിരന്തരം ബന്ധപ്പെടാൻ ഒരു ലെയ്സൻ ഓഫീസറെയും ചുമതലപ്പെടുത്താവുന്നതുമാണ്. ഭാരതത്തിലെ പെന്തകോസ്ത് ആത്മീക മുന്നേറ്റത്തിന് മികച്ച നേതൃത്വം നൽകുന്ന അധ്യക്ഷ നിരകൾക്ക് നമോവാകം. ശ്രമകരമായ ഈ ഉദ്യമത്തിന് എൻ്റെ വ്യക്തിപരമായ പിന്തുണയും ഉറപ്പ് നൽകുന്നു.
അഡ്രസ്സ് :
നിവേദനം/ പരാതിയുടെ 3 പകർപ്പുകൾ സെക്രട്ടറി, ക്രിസ്ത്യൻ ന്യൂന പക്ഷങ്ങൾക്കു വേണ്ടിയുള്ള ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ, രണ്ടാം നില, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, പനമ്പള്ളി നഗർ, കൊച്ചി.
christianminoritycommission@gmail.com എന്ന അഡ്രസിലോ email മുഖേനയോ സമർപ്പിക്കാവുന്നതാണ്.
(പാ. ജെയ്സ് പാണ്ടനാട് : +91 98473 40246)