‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (111)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പുത്രത്വം (Huiothesia)
പുത്രത്വത്തിന്റെ ആത്മാവ് എന്ന് വച്ചാൽ സ്വപുത്രന്റെ ആത്മാവ് എന്നാണർത്ഥം (ഗലാ :4:6). പുത്രത്വം എന്നാൽ പുത്രന്റെ പദവിയിലേക്ക് സ്വീകരിക്കുക എന്നാണാശയം. പുത്രത്വത്തിന്റെ ആശയത്തിൽ പൗലോസിന്റെ ചിന്തയിൽ റോമൻ സംസ്കാര ചിന്തയാണ് ഉള്ളത്.
1) ദത്തെടുത്ത പുത്രന് പഴയ കുടുംബത്തിലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടുകയും പുതിയ കുടുംബത്തിലെ നിയമനുസരണമുള്ള പുത്രന്റെ എല്ലാ അവകാശങ്ങളും ലഭിക്കുകയും ചെയ്യുന്നു. അവന് ഒരു പിതാവിനെയും ലഭിക്കുന്നു.
2) പുതിയ പിതാവിന്റെ സ്വത്തിനെല്ലാം അവൻ അവകാശിയാകുന്നു. ആ പിതാവിന് പിന്നീട് സന്തതിയുണ്ടായാലും അവന്റെ അവകാശത്തിന് തകരാറൊന്നുമുണ്ടാകുകയില്ല. അവനും അവരോടൊപ്പം കൂട്ടവകാശിയായി തീരും.
3) നിയമമനുസരിച്ച് പുത്രത്വം പ്രാപിച്ചവന്റെ പഴയ ജീവിതം തുടച്ച് മാറ്റപ്പെടുന്നു. കഴിഞ്ഞ കാലത്തിന് അവനെ ഒന്നും ചെയ്യാൻ കഴിയാത്തവണ്ണം പുതിയ ജീവിതത്തിൽ പ്രവേശിക്കുന്ന പുതിയ ആളായി അവൻ തീരുന്നു.
4) നിയമദൃഷ്ടിയിൽ അവൻ തികച്ചും പുതിയ പിതാവിന്റെ പുത്രനാണ്.
പുത്രത്വം, പുത്രന് നാമവും അവകാശത്തിനുള്ള പദവിയും പ്രദാനം ചെയ്യുന്നു. വീണ്ടും ജനനം പുത്രന്റെ സ്വഭാവവും അവകാശത്തിനുള്ള യോഗ്യതയും പ്രദാനം ചെയ്യുന്നു.
അബ്ബാ പിതാവേ എന്ന ശൈലി മൂന്ന് പ്രാവശ്യം തിരുവെഴുത്തിൽ കാണുന്നു. (റോമർ : 8:15, മാർക്കോ : 14:36, ഗലാ :4:6) ദൈവമക്കളാണെന്നതിന് രണ്ട് സാക്ഷികളുണ്ട്.
ഒന്ന് പരിശുദ്ധാത്മാവും, രണ്ടാമത്തേത് നമ്മുടെ ആത്മാവും. (ആവ : 19:15, മത്തായി :18:16). ഒരുവൻ ജനനത്താൽ ദൈവമകനെങ്കിൽ വേർപിരിക്കാൻ കഴിയാത്തവണ്ണം അവൻ ദൈവത്തിന്റെ അവകാശിയുമാണ്.
8:17 ൽ ക്രിസ്തുവിനോട് കൂടിയുള്ള മൂന്ന് അനുഭവങ്ങൾ കാണുന്നു.
1) ക്രിസ്തുവിനോട് കൂടി അവകാശികൾ
2) ക്രിസ്തുവിനോട് കൂടി കഷ്ടമനുഭവിക്കുക
3) ക്രിസ്തുവിനോട് കൂടി തേജസ്കരിക്കപ്പെടുക.
8:18-27 – വരുവാനുള്ള മഹത്വ പ്രത്യക്ഷത
നാം കാത്തിരിക്കുന്നത് ദൈവതേജസ്സ് പൂർണ്ണമായി വെളിപ്പെടുവാനാണ്. കാത്തിരിക്കുന്ന രണ്ട് കൂട്ടരേ കുറിച്ച് ഈ അദ്ധ്യായത്തിൽ പറയുന്നു
1) സൃഷ്ടി (വാ. 15)
2) ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന വിശ്വാസി (വാ. 22, 25). സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നുള്ള വിടുതലും ദൈവമക്കൾ തേജസ്സിന്റെ സ്വാതന്ത്ര്യം പ്രാപിക്കും.
ഞരങ്ങി ഈറ്റ്നോവോടിരിക്കുന്നു എന്നത് പ്രകൃതി പ്രസവവേദനപ്പെടുന്ന ഒരു സ്ത്രീയായി’ സങ്കൽപ്പിക്കുന്നു.