‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (119)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ദൈവം തിരെഞ്ഞെടുത്ത 4 കൂട്ടർ :
i) ക്രിസ്തു (യെശ : 42:1, 1 പത്രോസ് : 2:6)
ii) എല്ലാ ക്രിസ്തു വിശ്വാസികളും
(യോഹ :15:16, റോമ : 5:33, എഫെ :1:4, 2 തെസ്സ :2:13, തീത്തോസ് :1:3, കോലോ :3:12)
iii) യിസ്രായേൽ (യെശ :45:4, 65:9, 22)
iv) ദൂതന്മാർ (1 തിമോ :5:21)
കുറ്റം ചുമത്തുക : – പൗലോസിന്റെ ലേഖനങ്ങളിൽ ഇവിടെ മാത്രം ഇത് കാണുന്നു. അപ്പോസ്തോലപ്രവർത്തികളിൽ പലയിടത്തും ഇത് കാണാം. (19:38,40; 23:28,29; 26:2,7). നീതികരിക്കുന്നവൻ ദൈവം, ശിക്ഷ വിധിക്കുന്നവൻ ആർ ? ‘യഹോവയുടെ ദാസന്റെ വെല്ലുവിളിയുടെ പ്രതിധ്വനി ഇതിൽ കേൾക്കാം’ (യെശ : 50:8,9) “എന്നെ നീതികരിക്കുന്നവൻ സമീപത്തുണ്ട്. എന്നോട് വാദിക്കുന്നവൻ ആർ ? നമുക്ക് തമ്മിൽ ഒന്ന് നോക്കാം . എന്റെ പ്രതിയോഗി ആർ ? അവൻ ഇങ്ങ് വരട്ടെ. ഇതാ യഹോവയായ കർത്താവ് എന്നെ തുണയ്ക്കുന്ന. എന്നെ കുറ്റം വിധിക്കുന്നവൻ ആർ ? മറ്റൊരു പഴയനിയമ ഉദ്ദാഹാരണം സെഖാ : 3:1-5 ൽ കാണാം. മഹാപുരോഹിതനായ യോശുവായെ ദൈവം അംഗീകരിച്ചതായി പറയുമ്പോൾ, സ്വർഗ്ഗത്തിലെ പ്രധാന വക്കീലായ സാത്താൻ മൗനം ഭജിക്കുന്നത് ഇവിടെ കാണാം.
നീതികരിക്കുന്നവൻ ദൈവം : – ഇവിടെ ദൈവത്തിനാണ് പ്രാധാന്യം. അവനാണ് ന്യായാധിപൻ. അവൻ തിരഞ്ഞെടുത്തവരെ നീതിമാന്മാർ എന്ന് അവൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ആർ അവരെ കുറ്റം വിധിക്കും. ദൈവത്തിന്റെ ഹൈക്കോടതി നീതികരിച്ചവരെ കുറ്റം ചുമത്തുവാൻ ആർക്ക് കഴിയും ? സാത്താൻ നമ്മുടെ മനഃസാക്ഷിയിൽ നമ്മെ കുറ്റപെടുത്തിയേക്കാം. എന്നാൽ നമ്മുടെ പ്രതിപുരുഷനായ ക്രിസ്തു, തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നപ്പോൾ നമ്മുടെ ശിക്ഷാവിധി എന്നേക്കുമായി കഴിഞ്ഞു പോയി.
സകല ശത്രുക്കളുടെയും മുഖത്ത് നോക്കി, ‘നീതികരിക്കുന്നത് ദൈവം’ എന്ന് പ്രഖ്യാപിക്കുമ്പോൾ ആരുണ്ട് അതിനെ ചോദ്യം ചെയ്യാൻ ?
ദൈവം നീതികരിച്ചവനെ ശിക്ഷ വിധിക്കാൻ നോക്കുന്നവൻ നശിക്കുകയുള്ളൂ. ബിലെയാമിന്റെ ചരിത്രം നൽകുന്ന പടം ഇതാണ്. (സംഖ്യാ : 23:8,9,19,20).
8:34 – ‘കോടതി ലേഖനം’എന്ന് വിളിക്കപ്പെടുന്ന റോമാലേഖനം ഈ വാക്യങ്ങളിലേക്ക് വരുമ്പോൾ അതിന്റെ കോടതി രംഗം കൂടുതൽ സജീവമാകുന്നു. ഈ രണ്ട് വാക്യങ്ങളിലെ ചോദ്യങ്ങൾ താഴെ പറയുന്ന നിലയിൽ ചില ഭാഷ്യകാരന്മാർ ക്രമീകരിച്ചിരിക്കുന്നു.
1) ആർ കുറ്റം ചുമത്തും ?
2) ദൈവമോ ?
3) ആർ ശിക്ഷ വിധിക്കും ?
4) ക്രിസ്തുവോ ?