‘സങ്കീർത്തന ധ്യാനം’ – 48
പാ. കെ. സി. തോമസ്
‘അമ്മയുടെ ഉദരം മുതൽ എന്റെ ദൈവം’, സങ്കീ : 22:10
ദാവീദിന് ദൈവം, അവന്റെ ദൈവമായിരുന്നത് അവന്റെ തലയിൽ അഭിഷേകതൈലം വീണത് മുതലായിരുന്നില്ല. അവന്റെ അമ്മയുടെ ഉദരം മുതൽ ദൈവമായിരുന്നു. ദൈവമേ നീ എന്റെ ദൈവമെന്ന് ദാവീദ് ദൈവത്തെ വിളിച്ച ആളായിരുന്നു. താൻ ഭൂമിയിൽ ജനിച്ചതിന് ശേഷമോ അല്ല ഈ ദൈവം തന്റെ ദൈവമായി തീർന്നത്. അനേക ദൈവീക മർമ്മങ്ങൾ മനസ്സിലാക്കാൻ ഭാഗ്യം ലഭിച്ച ആളായിരുന്നു ദാവീദ്. പരിശുദ്ധാത്മാവിന്റെ അഭിഷേകം മറഞ്ഞിരിക്കുന്ന മർമ്മങ്ങൾ വെളിപ്പെടുത്തി കൊടുത്തു. ദൈവത്തിന്റെ സർവ്വജ്ഞാനത്തെക്കുറിച്ച് മനസ്സിലാക്കാൻ ഭാഗ്യം ലഭിച്ചു. “ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്ത് നിന്നും ഗ്രഹിക്കുന്നു. എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു. എന്റെ വഴികൾ ഒക്കെയും നിനക്ക് മനസ്സിലായിരിക്കുന്നു. യഹോവേ നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല” (സങ്കീ : 139:2-4). തന്റെ അമ്മയുടെ ഉദരം മുതൽ യഹോവ തന്റെ ദൈവമാണെന്ന് മനസ്സിലായത് താഴെപ്പറയുന്ന കാര്യം ഗ്രഹിച്ചതിനാലാണ്. “ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു”(സങ്കീ : 139:15-16). അമ്മയുടെ ഉദരത്തിൽ ഉരുവാക്കപ്പെട്ടതല്ല, ദൈവം സൃഷ്ടിച്ചതാണ്. ഒരു പുരുഷനും സ്ത്രീയുമായുള്ള ബന്ധത്തിൽ ഒരു കുഞ്ഞ് ജനിക്കണമെന്നില്ല. ദാമ്പത്തിക ജീവിതത്തിൽ മക്കൾ ഇല്ലാതെ ഭാരപ്പെടുന്ന അനേക ദമ്പതികളുണ്ട്. ഒരു കുഞ്ഞ് ഉരുവാകുന്നത് ദൈവം ഉരുവാക്കുന്നതിനാലാണ്. “ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക. നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” (യെശ : 44:1-2). ജനിക്കുന്നതിന് മുൻപ് ഒരു വ്യക്തിയെക്കുറിച്ചുള്ള പദ്ധതികൾ പ്ലാൻ ചെയ്യുന്നവൻ അവന്റെ ദൈവമാണ്. യിരെമ്യാവിനോട് ദൈവം പറഞ്ഞു “നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.” (യിരെ :1:5). യിരെമ്യാവിന് ഈ ദൈവം അവന്റെ ദൈവമായിരുന്നത് അവൻ ജനിച്ചതിന് ശേഷമായിരുന്നില്ല. ഒരു വലിയ കെട്ടിടം പണിയിപ്പിച്ച ഉടമസ്ഥൻ ആ കെട്ടിടം കാണുന്നതിന് മുൻപ് ലോകത്തിൽ ആരെങ്കിലും ആ കെട്ടിടം കാണുന്നതിന് മുൻപ് അത് കണ്ട ഒരു ആർകിടെക്ട് എഞ്ചിനീയറുണ്ട്. അദ്ദേഹമാണ് പ്ലാനും പദ്ധതികളും എല്ലാം തയ്യാറാക്കുന്നത്. വാസ്തവത്തിൽ അതിന്റെ ശില്പി ആ എഞ്ചിനീയറാണ്. അത് പോലെ മനുഷ്യർക്ക് ദൈവം ദൈവമായിരിക്കുന്നത് അവർ ജനിച്ച് ചില വർഷങ്ങൾക്ക് ശേഷമല്ല, ജനിക്കുന്നതിന് മുൻപാണ്. ആ ദൈവം നമ്മെ ലോകസ്ഥാപനത്തിന് മുൻപ് കണ്ടു, അറിഞ്ഞു നമ്മെ കുറിച്ചുള്ള പ്രോഗ്രാമുകൾ ക്രമീകരിച്ച് ഇന്നും നടത്തി കൊണ്ടിരിക്കുന്നു. ആ ദൈവത്തിന്റെ കർതൃത്വത്തിലും ആധിപത്യത്തിലുമാണ് നാം ഓരോരുത്തരും ആയിരിക്കുന്നത്. ഒരു രൂപവുമില്ലാതെ ഒരു ചെറിയ മാംസപിണ്ഡമായി മാതാവിന്റെ ഉദരത്തിൽ ആയിരുന്ന നാം ഇന്ന് ഈ നിലയിൽ ആയിരിക്കുന്നത് ദൈവത്തിന്റെ വലിയ കൃപയാണ്. രണ്ട് കൈയും ഒരു പോലെ വളർന്നു. രണ്ട് കാലും ഒരുപോലെ വളർന്നു. രണ്ട് ചെവികളും ഒരു പോലെ വളർന്നു. വ്യത്യസ്തമായി വളർന്നിരുനെങ്കിൽ ഉള്ള അവസ്ഥ ചിന്തിച്ചേ. തലമുടി വളരുന്നത് പോലെ കൺപീലിയോ പുരികമോ വളരാതെ നിയന്ത്രിക്കുന്നു. അമ്മയുടെ ഉദരം മുതൽ നീ എന്റെ ദൈവമായിരുന്നതിനാലാണ് ഞാൻ ഇത്രത്തോളം ആയുസ്സും ആരോഗ്യവും ഉള്ളവനായിരിക്കുന്നതെന്ന് മാത്രമേ ഒരു ദൈവഭക്തന് പറയാൻ കഴിയുകയുള്ളൂ. “ഉദരത്തിൽ നിന്നും പുറപ്പെടുവിച്ചവൻ ദൈവമാണ്. ഗർഭപാത്രത്തിങ്കൽ നിന്ന് ഞാൻ നിങ്കൽ ഏല്പിക്കപെട്ടു. എന്റെ അമ്മയുടെ ഉദരം മുതൽ നീ എന്റെ ദൈവം.” കഷ്ടം അടുത്തിരിക്കുമ്പോൾ ഈ ദൈവം അകന്നിരിക്കുകയില്ല. ഈ ദൈവം ഇന്നും എന്നേക്കും നമ്മുടെ ദൈവം. അവൻ നമ്മെ ജീവപര്യന്തം വഴി നടത്തുമെന്ന് വിശ്വസിക്കാം. കഷ്ടതയിൽ പതറിപ്പോകേണ്ട. ഉറച്ച് നിൽക്കുക. ഈ ദൈവം നമ്മെ താങ്ങും. ഈ ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല. ഇന്ന് കടന്ന് പോകുന്ന സാഹചര്യങ്ങൾ എല്ലാം ദൈവം മുൻപ് കൂട്ടി അറിഞ്ഞതാണ്. ദൈവം അറിഞ്ഞ് സംഭവിക്കുന്നതൊന്നും ദോഷത്തിനല്ല.