കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി ജൂലൈ 30 ന് നിത്യതയിൽ പ്രവേശിച്ചു. നിലവിൽ കുമ്പനാട് സഭാ ശുശ്രൂഷകൻ, സെന്റർ മിനിസ്റ്റർ, കൗൺസിൽ അംഗം, ബൈബിൾ കോളേജ് അദ്ധ്യാപകൻ എന്നീ നിലകളിൽ റവ. സണ്ണി വർക്കി ചുമതലകൾ വഹിക്കുകയായിരുന്നു..
കുട്ടനാട് കാരിക്കുഴിയിൽ തച്ചൻ വിരുത്തിൽ പരേതനായ തോമസ് വർക്കി, മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി1954 ലായിരുന്നു റവ. സണ്ണി വർക്കിയുടെ ജനനം.
മുളക്കുഴ സീയോൻ ബൈബിൾ കോളേജിലെ ബിരുദ പഠനത്തിന് ശേഷം 1984-ൽ കേരള റീജിയൻ ആരംഭിച്ച ഫെയ്ത്ത് ബൈബിൾ സ്കൂൾ അദ്ധ്യാപകനും പ്രഥമ ഡീനും ആയി.1986-ൽ ദൈവസഭ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.1992-ൽ ദൈവസഭയുടെ മൂന്നാമത്തെ ഓവർസീയറായി 10 വർഷം ചുമതല വഹിച്ചു. ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സ്വന്തമായി സ്റ്റേഡിയം വാങ്ങിയത് ഈ കാലഘട്ടത്തിലാണ്.. ദൈവസഭ നാഷണൽ സെക്രട്ടറി, ദൈവസഭ എഡ്യുക്കേഷൻ ഡയറക്ടർ, കേരള പെന്തക്കോസ്ത് ഫെലോഷിപ്പ് പേട്രൻ, അസോസിയേഷൻ പ്രസിഡണ്ട്, ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറം വൈസ് പ്രസിഡണ്ട്, സെക്രട്ടറി, എന്നീ നിലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഷേർളി സണ്ണയാണ് ഭാര്യ. മക്കൾ : ഡോ. ഗിഫ്റ്റി മറിയം വർക്കി (ദക്ഷിണാഫ്രിക്ക), ബ്ലസ്സൻ എസ്. വർക്കി.
സംസ്കാരം പിന്നീട്.