▪️‘ക്ഷമിക്കൂ, മറക്കൂ, മുന്നോട്ടു നീങ്ങൂ’; ‘രാജ സ്ഥാനത്തെ’ ക്കുറിച്ച് സച്ചിൻ പൈലറ്റ്
അധികാരത്തുടർച്ചയ്ക്കായി തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ് പ്രവർത്തകരോടുള്ള രാജസ്ഥാൻ നേതാവിന്റെ പ്രതികരണമാണ് തലക്കെട്ട്. കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ മികച്ച ഭരണം വാഗ്ദാനം ചെയ്യുന്ന പാർട്ടിയുടെ നേത്രുവാക്കുകൾ ശ്രദ്ധേയമാണ്. ‘ക്ഷമിക്കൂ, മറക്കൂ, മുന്നോട്ടു നീങ്ങൂ’, എന്നതിൽ നിന്നും വ്യക്തമാണ് പലപ്പോഴും ക്ഷമിക്കാനും, മറക്കുവാനും കഴിയാത്ത പല കാര്യങ്ങളും കഴിഞ്ഞ ഭരണകാലത്ത് ഉണ്ടായി എന്നുള്ളത്. അതിനാൽ തന്നെ, വോട്ട് ചെയ്ത ജനത്തിന്റെ പ്രതീക്ഷയനുസരിച്ച് മുന്നോട്ട് പോകുവാനും കഴിഞ്ഞില്ല. എന്നാൽ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതീക്ഷ, ക്ഷമിച്ചാൽ, മറന്നാൽ, സംസ്ഥാനത്തിന് മുന്നേറുവാൻ കഴിയും എന്നാണ്.
പലപ്പോഴും ആത്മീയ നേതൃത്വത്തിൽ നിന്ന് പോലും കേൾക്കുവാൻ കഴിയാത്ത വാക്കുകളാണിത്. ദൈവജനം ഒരുമിച്ച് നിന്നാൽ, ശത്രുവിന് ദൈവപൈതലിനെ, ദൈവകുടുംബത്തെ, ദൈവസഭയെ തൊടുവാൻ കഴിയുകയില്ല. തന്മൂലം ദൈവം പ്രതീക്ഷിക്കുന്ന അളവിൽ മുന്നേറുവാനും കഴിയും. ജീവിതവിജയം നമ്മെ തേടിയെത്തും. ‘നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ’, എഫെ : 4:32. അങ്ങനെ ചെയ്താൽ കർത്താവ് നമ്മോട് അരുളി ചെയ്യുന്നു : ‘ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല’, എബ്രാ : 8:12
▪️പാറ്റ് കമ്മിൻസിന്റെ ഇന്നിങ്സ് പാഠം
പുരുഷ ലോകകപ്പ് ക്രിക്കറ്റിൽ അത്രമാത്രം ശ്രദ്ധിക്കപ്പെടാതെ പോകാമായിരുന്ന മത്സരമായിരുന്നു ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാൻ പോരാട്ടം. നവം. 9 ന് മുംബൈ വാൻഘഡെ സ്റ്റേഡിയത്തിൽ അക്ഷരാർത്ഥത്തിൽ ഓസ്ട്രേലിയയൻ ബാറ്റിങ്ങിന്റെ 19 -)o ഓവർ വരെ അഫ്ഗാനിസ്ഥാൻ, സമസ്ത മേഖലകളിലും മേധാവിത്വം പുലർത്തി വരികയായിരുന്നു. അപ്പോഴാണ് മറുവശത്ത് ഓരോരുത്തരായി മടങ്ങുമ്പോഴും കാഴ്ചക്കാരനായി നിന്ന ഗ്ലെൻ മാക്സ്വെലിന് കൂട്ടായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ക്രീസിലെത്തുന്നത്.
91 / 7 എന്ന നിലയിൽ നിന്ന്, തന്റെ പരുക്ക് വകവയ്ക്കാതെ ഗ്ലെൻ മാക്സ്വെൽ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ എണ്ണപ്പെട്ട ഇന്നിങ്സ് രചിച്ച് ഇരട്ട സെഞ്ചുറിയോടെ തന്റെ ടീമിനെ വിജയത്തിലെത്തിച്ചു. മാധ്യമങ്ങൾ വാനോളം ഈ ഇന്നിംഗ്സിന് പ്രാധാന്യം നൽകി. എന്നാൽ വേണ്ടത് പോലെ ശ്രദ്ധിക്കാതെ പോയ ഒരു ഇന്നിംഗ്സിനായിരുന്നു മറുവശത്ത് പാറ്റ് കമ്മിൻസ് ബാറ്റ് വീശിയത്. കളിക്കളത്തിൽ 122 മിനിറ്റ് ശ്രദ്ധ കൈവിടാതെ, 68 പന്തിൽ നിന്ന് താൻ നേടിയത് പുറത്താകാതെ വെറും 12 റൺസ് മാത്രം. എന്നിട്ടും എന്താണ് ഈ ഇന്നിങ്സിന്റെ പ്രത്യേകത ?
എത്ര ശക്തൻ കൂടെയുണ്ടെങ്കിലും സഹകളിക്കാരൻ എന്നതിലുപരി ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ പൂർണ്ണ പിന്തുണ തനിക്ക് മാക്സ്വെലിന് നൽകുവാൻ കഴിഞ്ഞു. തന്റെ ഒരു അശ്രദ്ധ തോൽവി ക്ഷണിച്ചു വരുത്തുമെന്ന് താൻ ഗ്രഹിച്ചു. സഹതാരം കഠിനമായി ക്ഷീണിച്ചപ്പോഴെല്ലാം വേണ്ടുന്ന പ്രോത്സാഹനം നൽകി. തന്റെ സഹതാരത്തിൽ പൂർണ്ണമായി വിശ്വസിച്ചതിനാൽ ഓടി നേടാമായിരുന്ന അനേക റണുകൾ, വേണ്ട എന്ന് വച്ചു. അങ്ങനെ സ്വാർത്ഥ ചിന്താഗതി വെടിഞ്ഞതിനാൽ ടീമിന് വിജയം നേടി സെമിയിലെത്തുവാൻ കഴിഞ്ഞു.
ദൈവസഭയിലും നമുക്ക് ഇങ്ങനെ ചിന്തിക്കാം. ‘തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ’, യെശ : 35:3. നേതൃത്വം നൽകുന്നവർ ബലഹീന വിശ്വാസികൾക്ക് ആശ്വാസമായി, കൂട്ട് സഹോദരന്റെ കഴിവുകൾക്ക് പിന്തുണ നൽകി, സുഖദുഃഖങ്ങളിൽ കൂടെ നിന്ന്, സ്വാർത്ഥ ചിന്താഗതികൾ അന്യമാക്കിയാൽ, വിജയഗാഥകൾ രചിക്കുവാൻ ദൈവം അവസരങ്ങൾ നൽകും. ‘…. വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ’, റോമർ : 14:1