‘സങ്കീർത്തന ധ്യാനം’ – 92
പാ. കെ. സി. തോമസ്
ഞാൻ ദൈവസന്നിധിയിൽ അന്യനും പരദേശിയും ആകുന്നു, സങ്കീ : 39:12
ദാവീദ് വലിയ ആത്മീയ കാഴ്ചപ്പാടുള്ള ദൈവദാസനായിരുന്നു. യിസ്രായേലിന്റെ രാജാവായിരിക്കുമ്പോൾ തന്നെ താൻ ദൈവമുന്പിൽ ഈ ഭൂമിയിൽ അന്യനും പരദേശിയുമാകുന്നുയെന്ന് ഇവിടെ ഏറ്റ് പറഞ്ഞിരിക്കുന്നു. ദാവീദ് മനോഹരമായ കൊട്ടാരവും വിഭവസമൃദ്ധമായ ഭക്ഷണവും പള്ളിമെത്തയും ഉണ്ടായിരുന്നു. ഭാര്യമാരും ദാസീദാസന്മാരും സൈന്യങ്ങളും ആയുധങ്ങളും അധികാരവും എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും ദൈവസന്നിധിയിൽ ഒരിയ്ക്കൽ പ്രാർത്ഥിച്ചപ്പോൾ അദ്ദേഹം പ്രാർത്ഥിച്ച വാക്കുകൾ 1 ദിന : 29:15 ൽ കാണുന്നു. “ഞങ്ങൾ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു”. ഒരു സ്ഥിരതയും ഇല്ല. അതെ കാര്യമാണ് ഈ വേദഭാഗത്തും അദ്ദേഹം എഴുതിയത്. ലോകത്തിൽ പലരും ലോകത്തിലേക്ക് ഇറങ്ങി പോകയും ലോകത്തെ നേടുവാനും ആസ്വദിക്കുവാനും ശ്രമിക്കുകയും ലോകമേ ശരണമെന്ന് പറഞ്ഞു ജീവിക്കുകയും ചെയ്യുമ്പോൾ ഈ ലോകം താല്കാലികമാണെന്നും മായയാണെന്നും ക്ഷണഭംഗുരമായ ജീവിതമാണ് ഇവിടെ ഉള്ളതെന്നും മനസ്സിലാക്കി ജീവിക്കുവാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. അതിഥികൾ സ്ഥിരതാമസക്കാരല്ല ചില ദിവസങ്ങളിൽ മാത്രം പാർക്കാൻ വരുന്നവരാണ്. അന്യർ ലോകത്തിന് അപരിചിതരായിരിക്കുന്നവരാണ്. ഒരു അപരിചിതൻ ആ ദേശക്കാരനല്ല.ഏതോ ആവശ്യത്തിന് എത്തിയവർ മാത്രമാണ്. പരദേശിയെന്ന് പറഞ്ഞാൽ സ്വന്തമല്ലാത്ത ദേശത്ത് പാർക്കുന്നവരാണെന്ന് അർത്ഥം. അങ്ങനെയെങ്കിൽ ഒരു ഭക്തൻ എങ്ങനെ ഭൂമിയിൽ ആയിരിക്കണമെന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഞങ്ങളുടെ ആയുഷ്കാലം ചാഞ്ഞ് പോകുന്ന നിഴൽ പോലെയാണ്. ഒരു സ്ഥിരതയും ഇല്ല. നിഴൽ സ്ഥിരമായി നിൽക്കുന്നില്ല. ഓരോ നിമിഷവും അത് ചാഞ്ഞ് ചാഞ്ഞ് പോകുന്നു. ഒരു സമയം വരുമ്പോൾ ആ നിഴൽ കാണാതെ വരും. അത് പോലെയാണ് മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതം. നാം സ്വർഗ്ഗപുരിയിലേക്കുള്ള യാത്രാ മദ്ധ്യേ ഇവിടെ എത്തിയവർ മാത്രമാണ്. നമുക്ക് എത്തിച്ചേരാനുള്ള ലക്ഷ്യസ്ഥലം ഇതല്ല. പല സ്ഥലങ്ങളിൽ നിന്നും ന്യൂയോർക്കോ, ലണ്ടനോ, ലക്ഷ്യമാക്കി എയർപോർട്ടിലെ ട്രാൻസിറ്റ് ലോഞ്ചിൽ എത്തിയവർ സ്ഥിരമായി അവിടെ താമസിക്കാൻ എത്തിയവരല്ല. അവരുടെ ഫ്ലൈറ്റിന്റെ അനൗൺസ്‌മെന്റ് പ്രതീക്ഷിച്ച് കാതോർത്ത് കഴിയുന്നവർ മാത്രം. അത് പോലെ നമ്മുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയ്ക്കുള്ള വിളി കേൾക്കാൻ താല്പര്യത്തോടെ കാത്ത് നിൽക്കുന്ന യാത്രികരാണ് നാം. ഒരു ദിവസം ആ ലക്ഷ്യസ്ഥാനത്ത് നാം എത്തി ചേരും. 39 -)o സങ്കീർത്തനം ഉടനീളം മനുഷ്യന്റെ ക്ഷണിക ജീവിതത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. “നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ”, 39:6. ഏത് മനുഷ്യനും ഉറച്ച് നിൽക്കുന്നതിന്റെ രഹസ്യം അവന്റെ മൂക്കിൽ ശ്വാസം ഉണ്ടെന്നതാണ്. പുറത്തേക്ക് വിടുന്ന ശ്വാസം തിരിച്ച് എടുക്കാൻ കഴിയാതെ പോയാൽ മരിച്ചു വീഴും. മനുഷ്യൻ നിഴലായി നടക്കുന്നു വ്യർത്ഥമായി പരിശ്രമിക്കുന്നു. ധനം സമ്പാദിക്കുന്നു. ആർ അനുഭവിക്കുമെന്ന് അറിയുകയില്ല. അവന്റെ ശ്വാസം പോകുമ്പോൾ അവന്റെ അദ്ധ്വാനം ഒക്കെ മറ്റുള്ളവർ അനുഭവിക്കും. ദൈവം അകൃത്യം നിമിത്തം മനുഷ്യനെ ശിക്ഷിക്കും. അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കും. ഹാ ! മായ മായ എന്ന് സഭാപ്രസംഗി എഴുതി. മനുഷ്യന്റെ ആരോഗ്യം മായയാണ്. സൗന്ദര്യം മായയാണ് സമ്പത്ത് മായയാണ്. മനുഷ്യൻ എത്ര ക്ഷണികനെന്ന് ഓർത്ത് ദൈവത്തെ ഭയപ്പെട്ട് ദൈവത്തിന്റെ കല്പനകൾ പ്രമാണിച്ച് ജീവിക്കുവാൻ കഴിയുക എന്നതാണ് എല്ലാ മനുഷ്യരെക്കുറിച്ചും ദൈവം ആഗ്രഹിക്കുന്നത്. ഇവിടെ ഒരു ക്ഷണിക ജീവിതമാണ് മനുഷ്യനുള്ളതെങ്കിലും ഇതിനപ്പുറത്ത് ഒരു നിത്യജീവിതം ഉണ്ട്. ഈ കാഴ്ചപ്പാട് ദാവീദിന് കിട്ടിയതിനാലാണ് താൻ ഒന്ന് മുതലുള്ള വാക്യങ്ങൾ എഴുതാനിടയായത്. നാവ് കൊണ്ട് പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുൻപിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ട് കാക്കുമെന്നും ഞാൻ പറഞ്ഞു. ഞാൻ ഉരിയാടാതെ ഊമനായിരുന്നു. നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു. വായ് തുറക്കാതെ ഒരു ഊമനെപ്പോലെയും ഭോഷനെപ്പോലെയും ദാവീദ് ഇരുന്നതിന്റെ കാരണം ഈ ക്ഷണിക ജീവിതത്തിൽ ആർക്കും പ്രയാസം വരുത്താതെയും പാപം ചെയ്യാതെയും ജീവിക്കുകയാണ് നല്ലതെന്ന് ബോദ്ധ്യമായതിനാലാണ്. തന്റെ വാക്ക് മറ്റുള്ളവർക്ക് പ്രയാസമായി തീരരുതെന്ന ഉറച്ച ചിന്ത ദാവീദിനുണ്ടായിരുന്നു. മനുഷ്യർ പറയുന്ന ഏത് നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന് യേശു പഠിപ്പിച്ചു. അത്കൊണ്ട് പ്രിയരേ, ചെറിയ ജീവിതത്തിൽ ആർക്കും പ്രയാസം വരുത്താതെ ദൈവത്തെ ഭയപ്പെട്ട് നാവിനെ കടിഞ്ഞാൺ ഇട്ട് ജീവിക്കുകയാണ് ഏവർക്കും ആവശ്യം.