‘സങ്കീർത്തന ധ്യാനം’ – 105
പാ. കെ. സി. തോമസ്
ദൈവത്താൽ ഞങ്ങൾ വൈരികളെ തള്ളിയിടും, സങ്കീ :44:5
തങ്ങളുടെ വിജയത്തിന്റെ രഹസ്യം തങ്ങളോ തങ്ങളുടെ ബലമോ കഴിവോ അല്ല, ദൈവത്തിന്റെ ബലത്താലും ഭുജത്താലും ആണെന്ന് ഏറ്റ് പറഞ്ഞ കോരഹ് പുത്രന്മാർ, അടുത്തതായി പറഞ്ഞത് ഞങ്ങൾക്ക് നൽകുന്നവൻ ഞങ്ങളുടെ ദൈവമാകയാൽ ആ ദൈവത്താൽ ഞങ്ങൾ ഞങ്ങളുടെ വൈരികളെ തള്ളിയിടും. ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും. അവർ പറഞ്ഞത് അവരുടെ വിശ്വാസത്തിന്റെ ശക്തിയെകുറിച്ചാണ്. ഞങ്ങളുടെ ദൈവം ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ ശക്തനാണെന്ന് അവർ വിശ്വസിച്ചു. ദൈവം ഞങ്ങൾക്ക് വേണ്ടി അസാദ്ധ്യമായ കാര്യങ്ങളെ സാദ്ധ്യമാക്കുമെന്ന് വിശ്വസിക്കുന്നവർ പറയും. ഞങ്ങളെ ശക്തനാക്കുന്നവൻ മുഖാന്തരം ഞങ്ങളും സകലത്തിലും മതിയാകുന്നവരാകുന്നുവെന്ന്. ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത് പോലെ ദൈവനാമത്തിൽ നമുക്കും പ്രവർത്തിക്കാൻ കഴിയും. ദൈവത്തിന് ഒന്നും അസാധ്യമല്ലാത്തത് പോലെ ആ ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ദൈവനാമത്തിൽ ഒന്നും അസാധ്യമല്ല. യേശു പറഞ്ഞു, വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും. അവർ രോഗികളുടെ മേൽ കൈവച്ചാൽ അവർക്ക് സൗഖ്യം വരും. എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും. പുതുഭാഷകളിൽ സംസാരിക്കും. സർപ്പങ്ങളെ പിടിച്ചെടുക്കും. മരണകരമായ യാതൊന്നും കുടിച്ചാലും അവർക്ക് ഹാനിവരികയില്ല. നാം ബലഹീനരും അശക്തരുമാണെങ്കിലും നാം വിശ്വസിക്കുന്ന ദൈവം സർവ്വ ശക്തനായത് കൊണ്ട് ആ ദൈവത്തിന്റെ നാമത്തിൽ നമുക്ക് ശക്തരായി തീരുവാൻ കഴിയുന്നു. അത് കൊണ്ട് കോരഹ് പുത്രന്മാർ എഴുതി, നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും, ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടി കളയും. അവരുടെ വൈരികളും, അവരോട് എതിർത്തവരും അവരെക്കാൾ ബലവാന്മാരായിരുന്നുവെങ്കിലും അവരുടെ ദൈവത്താൽ അവർക്ക് വൈരികളെ പരാജയപ്പെടുത്തുവാൻ കഴിയുമെന്ന ഉറപ്പ് അവർക്കുണ്ടായിരുന്നു. ദാവീദ് ഒരിക്കൽ എഴുതി, “നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും”, സങ്കീ : 18:29. യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും വിടുവിച്ചു കാലത്ത് ദാവീദ് രചിച്ച സങ്കീർത്തനത്തിലാണ് ഇ കാര്യം എഴിതിയത്. മല്ലനായ ഗോല്യാത്ത് വെല്ലുവിളിയും, ഭീഷണിയും മുഴക്കി കൊണ്ട് നിന്നപ്പോൾ ദൈവത്തിൽ വിശ്വാസമുണ്ടായിരുന്ന ദാവീദ് വിളിച്ചു പറഞ്ഞു, “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു”, 1 സമു :17:46. ദൈവത്തിന്റെ നാമത്തിൽ ദാവീദ് ഫെലിസ്ത്യ മല്ലന്റെ നേരെ ചെന്നപ്പോൾ ദൈവം ദാവീദിന് തുണ നിന്നു. തന്നെക്കാൾ കരുത്തനും, ശക്തനും ആയിരുന്ന ഗൊല്യാത്തിനെ പരാജയപ്പെടുത്തുവാൻ ദാവീദിന് കഴിഞ്ഞു. ദൈവത്തിന്റെ നാമത്തിന്റെ ശക്തിയിൽ അടിയുറച്ച് വിശ്വാസമുണ്ടായിരുന്ന ദാവീദിന്റെ വാക്കുകൾ ശ്രദ്ധിക്കുക, “യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും ? എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും. ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും”, സങ്കീ : 27:1-3. ദൈവനാമത്തിൽ നിന്നപ്പോൾ തേനീച്ച പോലെ ചുറ്റിവളഞ്ഞ ശത്രുക്കൾ മുൾത്തീ പോലെ കെട്ട് പോകുന്നത് ദാവീദ് കണ്ടിട്ടുണ്ട്. ദൈവജനമേ, നമുക്ക് എതിരായി പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ വിഴുങ്ങുവാൻ തിരഞ്ഞ് നടക്കുന്നുണ്ട്. എന്നാൽ നമുക് ആ ശത്രുവിനെ ഭയപ്പെടേണ്ട കാര്യമില്ല. പാമ്പുകളെയും, തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ നമ്മുടെ കർത്താവ് നമുക്ക് അധികാരം തന്നത് കൊണ്ട് അവനെ ചവുട്ടി മെതിക്കുവാനും പരാജയപ്പെടുത്തുവാനും യേശുവിന്റെ നാമത്തിൽ നമുക്കും കഴിയും. യേശുവിന്റെ നാമം ഉപയോഗിക്കുവാനുള്ള അധികാരം നമുക്ക് തന്നിരിക്കുകയാണ്.