കോട്ടയം : നെഹ്റു സ്റ്റേഡിയത്തിൽ 2024 നവംബർ 27 മുതൽ 30 വരെ നടത്തുന്ന മെഗാ ക്രൈസ്തവസംഗമത്തിന്റെ –പ്രത്യാശോത്സവം ( CELEBRATION OF HOPE 2024 ) ഒരുക്കങ്ങൾ വിലയിരുത്താൻ കൊറിയൻ സംഘം കോട്ടയത്തെത്തി. കൊറിയയിലെ യോയിഡോ ഫുൾ ഗോസ്പൽ സഭയിൽ നിന്ന് ആറുപേരടങ്ങിയ ദൗത്യസംഘമാണ് പരിപാടി നടക്കുന്ന ഗ്രൗണ്ടും മറ്റു സൗകര്യങ്ങളും വിലയിരുത്താൻ എത്തിയത്. സ്റ്റേഡിയവും മറ്റു അനുബന്ധ സൗകര്യങ്ങളിലും സംഘാംഗങ്ങൾ തൃപ്തി പ്രകടിപ്പിച്ചു.ജനറൽ കൺവീനർ
ബ്രദർ ജോയി താനവേലിൽ, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ, വാർഡ് കൗൺസിലർ സിൻസി പാറയിൽ തുടങ്ങിയവർ ചേർന്നു പ്രതിനിധികളെ സ്വീകരിച്ചു.
ജൂൺ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊറിയൻ സംഘവും സഭാ അധ്യക്ഷന്മാരും സംഘടനാ പ്രതിനിധികളും വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളുമായുള്ള ആലോചനാ യോഗം കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടന്നു. രക്ഷാധികാരി റവ. ഡോ. കെ.സി.ജോൺ അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ജയിംസ് ചാക്കോ സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ ജോയി താനവേലിൽ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയും പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം യോഗത്തിന്റെ രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. ഡോ. എബി പീറ്റർ നന്ദി പ്രകാശിപ്പിച്ചു.
പ്രത്യാശോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി എക്സിക്യൂട്ടീവ് കമ്മിറ്റി (12+ അംഗങ്ങൾ), അഡ്വൈസറി കമ്മിറ്റി (25+ അംഗങ്ങൾ), വർക്കിങ് കമ്മിറ്റി (100+ അംഗങ്ങൾ), പ്രയർ ടീം (200+ അംഗങ്ങൾ), മ്യൂസിക് ടീം, (250+ അംഗങ്ങൾ)), വോളന്റിയർ ടീം (350+ അംഗങ്ങൾ), എന്നിവയും വിവിധ കമ്മിറ്റികളെ ഏകോപിപ്പിക്കുന്ന കോ–ഓർഡിനേറ്റർമാരും പ്രവർത്തനം തുടങ്ങി.
പകൽ യോഗങ്ങളിൽ പാസ്റ്റർ ഡി.മോഹൻ( ചെന്നൈ), റവ.ജോൺസൺ വി. ബാംഗ്ലൂർ, റവ.സാമുവൽ പട്ട( ഹൈദരാബാദ്) തുടങ്ങിയവർ പ്രസംഗിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഗായകസംഘങ്ങൾ സംഗീത വിരുന്നൊരുക്കും. കേരളത്തിലെ അൻപതോളം സ്ഥലങ്ങളിൽ പ്രയർ ടീം മീറ്റിങ്ങുകളും പത്തോളം സ്ഥലങ്ങളിൽ പ്രമോഷണൽ യോഗങ്ങളും നടത്തും.