‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 37
പാ. വി. പി. ഫിലിപ്പ്
കുടുംബ ആരാധന : ദൈവത്തിന്റെ പൂന്തോപ്പ്
ആരാധനയെക്കുറിച്ച് വളരെ വികലമായ ഒരു ചിത്രമാണ് ഇന്നും നമുക്കുള്ളത്. അത് കൊണ്ട് തന്നെ ഞാറാഴ്ചയെ നാം ആരാധനാദിനം എന്ന് വിളിക്കുന്നു. നമ്മുടെ ആഹ്വാനം തന്നെ ഞാറാഴ്ച രാവിലെ പത്ത് മുതൽ ഒരു മണി വരെ ആരാധന ഉണ്ടായിരിക്കും എന്നാണ്. ഞാറാഴ്ച രാവിലെ ആരംഭിച്ച് ഉച്ചയ്ക്ക് അവസാനിക്കുന്ന അനുഭവമല്ല ആരാധന. അത് ആഴ്ചയുടെ എല്ലാ ദിനങ്ങളിലും ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും തുടർന്ന് കൊണ്ടിരിക്കേണ്ട ഒരു അനുഭവമാണ്.
“നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ” എന്ന് വിശുദ്ധ പൗലോസ് ആഹ്വാനം ചെയ്യുന്നത് സമയനിഷ്ഠയായി ചെയ്തു തീർക്കുന്ന ഒരു ആരാധനയെകുറിച്ചല്ല. നാം എപ്പോഴും യാഗപീഠത്തിലാണ്. ജീവിതം യാഗവസ്തുവാണ്. ഓരോ ദിവസവും ദൈവത്തിന് സൗരഭ്യവാസന പരത്തുന്നതായി അത് കത്തിത്തീർന്ന് ചാമ്പലായി മാറണം. അതാണ് യഥാർത്ഥ ആരാധന.
മൂന്ന് വിധ ആരാധനകൾ
മൂന്ന് രീതിയിലുള്ള ആരാധനയെ വേദാപുസ്തകം വിഭാവനം ചെയ്യുന്നുണ്ട്. ഒന്ന്, വ്യക്തിപരമായി ദൈവത്തിന് (Individual Worship). വ്യക്തിപരമായി ദൈവത്തിന് നൽകുന്ന സ്തുതിയും ബഹുമാനവുമാണിത്. വ്യക്തിപരമായ ആത്മീയതയ്ക്ക് വേദപുസ്തകം വളരെയേറെ പ്രാധാന്യം നൽകുന്നു.
രണ്ട്, കുടുംബ ആരാധന (Family Worship). കുടുംബാംഗങ്ങൾ ദൈവത്തിന്റെ ദാനങ്ങൾക്ക് നന്ദിയുള്ളവരായി ഒരുമിച്ച് അർപ്പിക്കുന്ന സ്തുതിയും പുകഴ്ചയുമാണ് കുടുംബാരാധന.
മൂന്ന്, സമൂഹ ആരാധന (Corporal Worship). ഒരു സമൂഹമായി, സഭയായി ദൈവത്തിനർപ്പിക്കുന്ന സ്തുതി സ്തോത്രമാണ് സമൂഹ ആരാധന, അഥവാ കമ്മ്യൂണിറ്റി വർഷിപ്പ്.
ആരാധനയുടെ രണ്ട് ഭാഗങ്ങൾ
ഈ മൂന്ന് വിധ ആരാധനയ്‌ക്കും അതതിന്റെ പ്രാധാന്യം ഉണ്ട്. മൂന്ന് വിധ ആരാധനയ്‌ക്കും രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കണം. ഒന്ന്, ദൈവം ആരെന്ന് മനസ്സിലാക്കി ദൈവത്തിന് വ്യക്തിപരമായി, കുടുംബമായി, സഭയായി നൽകുന്ന ബഹുമാനവും പുകഴ്ചയും, അഥവാ ദൈവത്തിന് മഹത്വം കരേറ്റുക.
രണ്ട്, വ്യക്തിപരമായി, കുടുംബമായി, സഭയായി ദൈവം ചെയ്ത നന്മകൾക്ക് നന്ദി കരേറ്റുക. ദൈവത്തിന്റെ ദാനങ്ങൾക്ക് നൽകുന്ന സ്തുതി. എൻ മനമേ യഹോവയെ വാഴ്ത്തുക, അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതെന്ന് ഭക്തകവി ആഹ്വാനം ചെയ്യുന്നു.
കുടുംബ പ്രാർത്ഥനയുടെ പ്രാധാന്യം
വ്യക്തിപരമായ ആരാധനയുടെ പ്രതിഫലനം കുടുംബ ആരാധനയിലും അതിന്റെ പ്രതിഫലനം സഭാ ആരാധനയിലും ഉണ്ടായിരിക്കും.
ആരാധന വ്യക്തിനിഷ്ഠമാണ്. അതിന്റെ കൂടുതൽ പ്രകടമായ അനുഭവം ഊഷ്മളതയോട് കൂടി ഉണ്ടാകേണ്ടത് കുടുംബ അന്തരീക്ഷത്തിലാണ്. കുടുംബം ദൈവത്തിന്റെ സ്ഥാപനമാണ്. ദൈവത്തിന്റെ രൂപരേഖയാണ് കുടുംബം. കുടുംബ ബന്ധങ്ങൾ ശക്തമാകുന്നതും കുടുംബജീവിതം സഫലമാകുന്നതും ദൈവത്തിന്റെ അനുഗ്രഹത്തോടെയാണ്.
ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ, വർദ്ധിക്കുന്ന കൂട്ട ആത്മഹത്യകൾ, വഴിതെറ്റുന്ന തലമുറകൾ എന്നിവയുടെ പശ്ചാത്തലത്തിൽ സമൂഹം ഇന്ന് നീറി പുകയുകയാണ്. ഇവിടെ കുടുംബ പ്രാർത്ഥനയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്.
“ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ച് നിൽക്കുന്നു” (The family that prays together stays together) എന്നാണ് ആപ്ത വാക്യം.
ദൈവത്തിന്റെ പൂന്തോപ്പ്
കുടുംബം ദൈവത്തിന്റെ സ്ഥാപനമായതിനാൽ ഓരോ കുടുംബങ്ങളെ കുറിച്ചും ദൈവത്തിന്റെ ഉദ്ദേശമുണ്ട്. രാവിലെയും വൈകിട്ടും ഭവനാന്തരക്ഷീത്തിലുള്ള ആരാധനകൊണ്ട് നാം നമ്മുടെ വീടുകളെ അലങ്കരിക്കണം. കുടുംബാരാധന കൊണ്ട് നമ്മുടെ വീടുകളെ അലങ്കരിക്കുകയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവസാന്നിധ്യം കൊണ്ട് കുടുംബം അനുഗ്രഹിക്കപ്പെടുകയെന്നതാണ്. (One of the most important pieces of furniture for the home is the family alter). ആവശ്യമുള്ള ഫർണിച്ചറികളോ സാമ്പത്തികമോ ഇല്ലായെങ്കിലും പ്രാർത്ഥനയുടെ അൾത്താര ഭവനത്തിൽ ഉണ്ടായിരിക്കണം. ദൈവത്തിന്റെ കൃപാസനത്തിന് മുൻപിൽ മാതാപിതാക്കളും മക്കളും മുഴങ്കാലിൽ നിന്ന് പ്രാർത്ഥിക്കുന്നത് ദൈവത്തിന് ഇമ്പകരമാണ്. പാട്ടുകൾ, വചനധ്യാനം, പ്രാർത്ഥന എന്നിവ കുടുംബപ്രാർത്ഥനയുടെ അവിഭാജ്യമായ ഘടകങ്ങൾ ആണ്.
സെഖര്യാവ് – എലിസബെത്ത് ദമ്പതികളെ കുറിച്ച് വേദപുസ്തകം പറയുന്നത് ശ്രദ്ധിക്കുക : “ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു”, ലുക്കോ : 1:6. കുടുംബമായി ദൈവത്തെ ആരാധിക്കുക. ഈ ഭൂമിയിലെ കൊച്ചു സ്വർഗ്ഗമായ നമ്മുടെ ഭവനം ദൈവസാന്നിധ്യം കൊണ്ട് അലങ്കരിക്കുക. അത് ദൈവത്തിന്റെ പൂന്തോപ്പാണ്.