തിരുവല്ല : വചന വിരുദ്ധ പ്രവണതകൾ പെന്തെക്കോസ്തു സഭകളിൽ അനുവദിക്കുകയില്ല എന്ന ഉറച്ച തീരുമാനം സഭാ നേതാക്കളും കോൺഫറൻസ് സംഘാടകരും അടിയന്തിരമായിയെടുക്കണമെന്ന് പെന്തക്കോസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ
ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിൽ നടന്ന കോൺഫറൻസിൽ
ഫയർ പറഞ്ഞുള്ള വീഴ്ത്തൽ എന്ന വചന വിരുദ്ധ പ്രവണതക്ക് ലോക മലയാളി പെന്തെക്കോസ്തു സമൂഹം സാക്ഷ്യം വഹിക്കേണ്ടി വന്നു. ഈ വിഷയത്തിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ അപലപിക്കുന്നു.
പെന്തെക്കോസ്തു സഭ അനുഭവത്തെക്കാൾ ഉപദേശത്തിനാണ് എക്കാലത്തും പ്രാധാന്യം നൽകിയിട്ടുള്ളത്. വചനാനുസൃതമായ ഏതു ഉപദേശത്തെയും സ്വീകരിക്കാൻ പെന്തെക്കോസ്തു സഭകൾക്ക് യാതൊരു വൈമനസ്യവും ഒരുകാലത്തും ഉണ്ടായിട്ടില്ല. മറ്റ് ക്രൈസ്തവ സഭകളെ അപേക്ഷിച്ച് പെന്തെക്കോസ്തു സഭകളുടെ പ്രത്യേകത പരിശുദ്ധാത്മ പ്രവർത്തനങ്ങൾക്ക് വളരെ പ്രാധാന്യം കല്പിക്കുന്നു എന്നതാണ്.
ആത്മസ്നാനം, അന്യഭാഷ, രോഗശാന്തി, വീര്യപ്രവർത്തികൾ, പ്രവചനം തുടങ്ങി എല്ലാ കൃപാവരങ്ങളിലും പെന്തെക്കോസ്തു സഭകൾ വിശ്വസിക്കുകയും പഠിപ്പിക്കുകയും അവ പ്രായോഗിക ജീവിതത്തിൽ അനുഭവിക്കുകയും ചെയ്യുന്നു. എന്നാൽ വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതും യേശുവോ അപ്പോസ്തലന്മാരോ ആദിമ സഭയോ ഒരിക്കലും പഠിപ്പിക്കുകയോ പ്രായോഗികമാക്കുകയോ ചെയ്തിട്ടില്ലാത്തതുമായ വ്യത്യസ്തങ്ങളായ നൂതന ഉപദേശങ്ങൾ സഭകളിലേയ്ക്ക്
നുഴഞ്ഞു കയറി കൊണ്ടിരിക്കുന്നത് ആശങ്ക ജനകമാണ്. അടുത്തിടെയായി ഉണർവുമായി ബന്ധപ്പെട്ട് പരിശുദ്ധാത്മാവിന് ഫയർ എന്ന പ്രതീകം ഉപയോഗിച്ചുകൊണ്ടും വിശ്വാസികളെ ഉന്തി വീഴ്ത്തിയും മറ്റുമൊക്കെയുള്ള പ്രകടനങ്ങൾ പല സ്ഥലങ്ങളിൽ
അരങ്ങേറുകയും പരിധി ലംഘിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായപ്പോൾ ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസ്സോസിയേഷൻ ഈ വിഷയത്തിൽ ഐക്യകണ്ഠമായ തീരുമാനമെടുത്തു. വചന വിരുദ്ധ പ്രവണതകളിൽ നിലപാട് കൈക്കൊള്ളണം എന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യധാരാ പെന്തെക്കോസ്തു സഭാ നേതാക്കൾക്ക് കത്ത് അയയ്ക്കുകയും തെറ്റായ പ്രവണതകൾക്കെതിരെ നടപടികൾ കൈക്കൊണ്ടതുൾപ്പെടെ അനുകൂലമായ പ്രതികരണങ്ങൾ ചില സഭാ നേതൃത്വങ്ങളിൽ നിന്ന് ലഭിക്കുകയും ചെയ്തു.
എന്നാൽ ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത ഉണ്ടാകണമെന്നും ശുശ്രൂ ഷകന്മാരെയും വിശ്വാസികളെയും ബോധവൽക്കരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രമേയം അവതരിപ്പിച്ചു. ഷിബു മുള്ളംകാട്ടിൽ, ടോണി ഡി ചെവൂക്കാരൻ, ഫിന്നി പി മാത്യു, സജി മത്തായി കാതേട്ട്, പാസ്റ്റർ സാം മുഖത്തല, പാസ്റ്റർ ഡി കുഞ്ഞുമോൻ പോത്തൻകോട്, റോജിൻ പൈനുംമൂട്, ചാക്കോ കെ തോമസ്, കെ ബി ഐസക്, ഡോ. സാം കണ്ണംപള്ളി, സാം കൊണ്ടാഴി, പാസ്റ്റർ പോൾ മാള എന്നിവർ പ്രസംഗിച്ചു.
‘ഇന്നത്തെ ചിന്താവിഷയ’ ത്തിലൂടെ മലയാളി മനസ്സിൽ പ്രകാശം പരത്തിയ പ്രശസ്ത എഴുത്തുകാരൻ ഫാ. ഡോ. ടി ജെ ജോഷ്വായുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.