കോട്ടയം : ദൈവവചനത്തിൽ കൂടി ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തെ ഉറപ്പിക്കുകയും, പട്ടത്വ സഭകളിലെ ദുരുപദേശങ്ങളെ ശക്തമായി ഖണ്ഡിക്കുകയും ചെയ്ത പാറയ്ക്കൽ ഐസ്സക്ക് എബ്രഹാം എന്ന സുവിശേഷകൻ പി. ഐ. എബ്രഹാം (കാനം അച്ചൻ) അക്കരനാട്ടിൽ ചേർക്കപ്പെട്ടു. കോട്ടയം ചമ്പക്കര ‘പാറയ്ക്കൽ’ ഭവനാംഗമാണ് കാനം അച്ചൻ.
ചെറു പ്രായത്തിൽ CSI, ഓർത്തഡോക്സ് സൺഡേ സ്കൂളുകളിൽ പഠിച്ചു. ബാല്യത്തിൽ തന്നെ ദൈവവചനം പറയുവാനുള്ള കൃപ ദൈവം തനിക്ക് നൽകി. സ്കൂൾ വിദ്യാർത്ഥിയായ എബ്രഹാമിന് ഇടവകപ്പള്ളിയിൽ ആരാധനമദ്ധ്യേ പ്രസംഗിക്കുവാൻ അവസരം ലഭിച്ചു. അത് ഒരു തുടക്കമായിരുന്നു. മലങ്കര സഭയുടെ മൊത്തം സൺഡേ സ്കൂൾ വാർഷിക സമ്മേളനത്തിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം, ഹൈസ്കൂൾ പഠനത്തിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം എന്നിങ്ങനെ ചെറുപ്പത്തിൽ തന്നെ ബാലനായ എബ്രഹാം തന്റെ താലന്ത് വെളിപ്പെടുത്തി. വൈദീക സെമിനാരിയിൽ പ്രസംഗ വിഷയത്തിൽ Seminary preacher എന്ന പദവിയും, സമ്മാനവും ദൈവം കാനം അച്ചന് നൽകി. ബാലനായ എബ്രഹാം കർത്താവിനെ സർവ്വസ്വമായി സ്വീകരിച്ചു.
കാനം എന്ന സ്ഥലത്തു താമസിച്ചു കൊണ്ടാണ് ‘കാനം അച്ചൻ’, കങ്ങഴലുള്ള പട്ടത്വ സഭയിൽ ശുശ്രുഷ ചെയ്തത്. ദൈവസഭയിൽ അംഗത്വം സ്വീകരിച്ച ദിനം മുതൽ ഇടവക ഭരണം കാനം അച്ചൻ ചെയ്തില്ല. പട്ടത്വ ശുശ്രുഷ പരിശീലനം കഴിഞ്ഞ് ഒരു സുവിശേഷകനായി ലോകമെമ്പാടും നല്ല യജമാനന്റെ വേല ചെയ്തു.
ഐസക്ക്, മറിയാമ്മ ദമ്പതികളുടെ മകനായി തിരുവിതാഠകൂറിൽ ജനിച്ച താൻ ഭാരതത്തിലെ മിക്കവാറും പ്രധാന നഗരങ്ങൾ, സൗദിഅറേബ്യ അടക്കമുള്ള മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങൾ, അമേരിക്ക, ഇംഗ്ലണ്ട്, ആൻഡമാൻ ദ്വീപുകളിലും സുവിശേഷം നിമിത്തം യാത്ര ചെയ്തു. തന്റെ ലക്‌ഷ്യം, ‘ക്രിസ്തു ഏക രക്ഷകൻ’ എന്ന് തെളിയിക്കണം എന്നതിനോടൊപ്പം പട്ടത്വ സഭകളുടെ ഉപദേശങ്ങൾ വചനവിരുദ്ധമാണെന്ന് തെളിയിക്കുകയാണെന്ന് പല വേദികളിലും കാനം അച്ചൻ ഉറക്കെ വിളിച്ചു പറഞ്ഞു. പത്രമാസികകളിൽ ധാരാളം എഴുതിയതോടൊപ്പം ചെറുതും വലുതുമായ പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ പ്രസിദ്ധികരിച്ചു. ‘പള്ളി മതവും പൗരോഹത്യ തന്ത്രവും’, ‘യാക്കോബായ തുടങ്ങിയ സഭകളിൽ വിശ്വാസ സ്നാനവും, ആത്മാഭിഷേകവും’, ‘അച്ഛനും പാസ്റ്ററും’, ‘അന്നമ്മയും മറ്റൊരു പാസ്റ്ററും’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഉപദേശപിശകില്ലാത്ത അനേകം ബൈബിൾ സ്കൂളുകളിൽ പഠിപ്പിച്ചു. ‘ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്’ ചിങ്ങവനം, ‘ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്’ പായിപ്പാട് എന്നീ രണ്ട് സഭകൾക്ക് കാനം അച്ചനാണ് പേരിട്ട് നൽകിയത്.
ഏലിയാമ്മ എബ്രഹാമാണ് ഭാര്യ; മക്കൾ : നിർമ്മല, ബിജു, ജിജിമോൾ
ആഗസ്റ്റ് 30, വെള്ളിയാഴ്ച വൈകുന്നേരം 5 മണിക് ഭൗതീകശരീരം ചമ്പക്കര ആശ്രമപടിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും, ആഗസ്റ്റ് 31 ന് രാവിലെ 8 മണിക്ക് കോട്ടയം തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ ശുശ്രുഷ ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് ചർച്ച് ഓഫ് ഗോഡ് പുതുപ്പള്ളി അഗപ്പെ സഭയുടെ തച്ചകുന്നിലുള്ള സെമിത്തേരിയിൽ സംസ്കാരം നടക്കുന്നതുമാണ്.