‘സങ്കീർത്തന ധ്യാനം’ – 125
പാ. കെ. സി. തോമസ്
നിർമ്മലമായ ഹൃദയവും സ്ഥിരമായുള്ള ആത്മാവും, സങ്കീ : 51:10
ദാവീദ് ദൈവത്തോട് പ്രാർത്ഥിച്ച ഒരു പ്രാർത്ഥനാ വാചകമാണിത്. പാപബോധം കൊണ്ട് തന്റെ ഹൃദയം നിറഞ്ഞ സന്ദർഭത്തിൽ ദാവീദ് പ്രാർത്ഥിച്ച പ്രാർത്ഥനയാണിത് എന്ന് അറിയുന്നു, ദൈവത്തിന്റെ അഭിഷേകം ഉള്ളപ്പോഴും നിർമ്മലമായ ഹൃദയം തനിക്ക് നഷ്ട്ടപെട്ട സമയം ഉണ്ടായി. തൻറെ ഉള്ളിൽ ദൈവീക സന്തോഷമോ ദൈവീക സമാധാനമോ ഇല്ലാത്ത അനുഭവത്തിൽ താൻ ആയിത്തീർന്നു. ദൈവാത്മാവ് തന്നെ വിട്ട് പോയി. ബെത്‌ശെബയുമായുണ്ടായ അവിഹിത ബന്ധമാണ് അതിന് കാരണമായത്. ദൈവപ്രമാണം വിട്ട് പോകുന്നതിന്റെ പ്രധാന കാരണം നിർമ്മലമായ ഹൃദയം നഷ്ടപ്പെടുന്നതാണ്. പൂർണ്ണ ഹൃദയത്തോടെ പൂർണ്ണ ആത്മാവോടെ ദൈവത്തെ സ്നേഹിക്കുന്നവന്റെ ഹൃദയം നിർമ്മലവും പരമാർത്ഥവുമായ ഹൃദയവും ആയിരിക്കും. അവന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും ദൈവത്തിന് പ്രസാദകരമായിരിക്കും. ദൈവത്തോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് പോകുന്ന ദോഷചിന്തകൾ കൊണ്ട് ഹൃദയം നിറയും. അങ്ങനെ വഷളായി പോകുന്ന അനുഭവം ഉണ്ടാകുന്നു. ഒരുവന്റെ ചിന്തകളുടെ ആകെ തുകയാണ് ഓരോ മനുഷ്യരും. ദൈവീക ചിന്തകളും ധ്യാനങ്ങളും ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നവനിൽ മറ്റ് ചിന്തകൾക്ക് സ്ഥാനമുണ്ടാകുകയില്ല. പൗലോസ് കൊലോസ്യർക്ക് എഴുതി, “നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.” (3:1) മറ്റൊരു ഭാഗത്ത് മോഹങ്ങൾ ജനിക്കുമാറ് ജഡത്തിനുള്ളത് ചിന്തിക്കരുത് എന്ന് കാണുന്നു. ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇതൊന്നും ദൈവത്തിൽ നിന്നുള്ളതല്ല, ജഡത്തിൽ നിന്നുള്ളതാണ്. മോഹം ഗർഭം ധരിച്ചിട്ട് പാപത്തെ പ്രസവിക്കുന്നു. ഒരു കാലത്ത് ദാവീദിന് ഒരേ ഒരു ആഗ്രഹവും പ്രാർത്ഥനയുമേ ഉണ്ടായിരുന്നുള്ളൂ. ദാവീദ് ദൈവത്തോട് ഒരു കാര്യം അപേക്ഷച്ചു. അത് തന്നെ ആഗ്രഹിച്ചു. അത് യഹോവയുടെ മനോഹരത്വം കാണുവാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും ആയുഷ്കാലം മുഴുവനും യഹോവയുടെ ആലയത്തിൽ വസിക്കുവാനുള്ള ആഗ്രഹവും ചിന്തയും പ്രാർത്ഥനയും ആയിരുന്നു.
കാലത്തും വൈകിട്ടും ദൈവസന്നിധിയിൽ സങ്കടം ബോധിപ്പിച്ച് കരഞ്ഞ് പ്രാർത്ഥിക്കാറുണ്ടായിരുന്ന ദാവീദ് ഒരു സന്ധ്യയ്ക്ക് മെത്തയിൽ നിന്നും എഴുന്നേറ്റ് രാജധാനിയുടെ മാളികമേൽ ഉലാത്തികൊണ്ടിരുന്നപ്പോൾ അവനയെ കണ്ണുകൾ ആകാത്ത ഒന്നിൽ പതിഞ്ഞപ്പോൾ നിർമ്മല ഹൃദയം നഷ്ടപ്പെട്ട് പോയി. ദോഷചിന്തകൾ തന്റെ ഹൃദയത്തിൽ ഉളവാകുന്നതിന് കാരണമായി. അത് വ്യഭിചാരത്തിലേക്കും, വഞ്ചനയിലേക്കും കുലപാതകത്തിലേക്കും കപടഭക്തിയിലേക്കും തന്റെ ജീവിതം മാറുന്നതിന് കാരണമായി. എങ്കിലും ദാവീദ് ഹോമയാഗങ്ങളും ഹനനയാഗങ്ങളും കൂടുതൽ അർപ്പിച്ചു. ആലയത്തിൽ പോകുന്നത് കൂടി. ഭക്തിയുടെ പ്രകടനങ്ങളുമായി താൻ കഴിഞ്ഞു പോയി. താൻ പാപങ്ങൾ ഏറ്റു പറയാതെ ആത്മാവിൽ കപടമുള്ളവനായി ഇരുന്നു. അന്തർഭാഗത്ത് കുറ്റബോധം തന്നെ അലട്ടിക്കൊണ്ടിരുന്നു. അസ്ഥികൾ ക്ഷയിച്ചുപോകുന്ന അനുഭവം ഉണ്ടായി. മജ്ജ വറ്റിപോകുന്ന അനുഭവം ഉണ്ടായി. നിർമ്മല ഹൃദയം നഷ്ടപ്പെട്ടാൽ സംഭവിക്കുന്ന ഏറ്റവും പരിതാപകരമായ ജീവിതത്തിന് ഉദാഹരണമാണ് ദാവീദ്. തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല. അവനിൽ ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. ദൈവാത്മാവ് അവനെ വിട്ട് പോകും. ദൈവത്തിന്റെ കൈ അവന് ഭാരമായി തീരും. നാഥാൻ പ്രവാചകൻ മുഖത്ത് നോക്കി അവനെ വിവേചിച്ച് ദൂത് അറിയിച്ചപ്പോൾ ദൈവത്തോട് പാപം ഏറ്റ് പറഞ്ഞു. അവന് സംഭവിച്ച ഏറ്റവും വലിയ കുറ്റം അവൻ സമ്മതിച്ചു. നിർമ്മലഹൃദയം നഷ്ടപ്പെട്ടപ്പോൾ വിട്ട് പോയ ആത്മാവ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ബോധം വരുത്തുന്ന ആത്മാവ് വീണ്ടും തന്റെ ഉള്ളിൽ സ്ഥിരമായിരിക്കുന്ന അനുഭവത്തിനായി അവൻ അപേക്ഷിച്ചു. ദൈവം യിസ്രായേലിന് നിർമ്മലഹൃദയം ഉള്ളവർക്കും തന്നെ നല്ലവനാകുന്നു നിശ്ചയം. ശുദ്ധഹൃദയം നല്ല മനഃസാക്ഷി എന്നിവ നഷ്ടപ്പെട്ട ദൈവത്തിന്റെ അഭിഷക്തന്മാർ ശേഷം മനുഷ്യരെപ്പോലെയാകും. എന്നാൽ നിർമ്മലഹൃദയവും സ്ഥിരമായ ആത്മാവും ഉള്ളവൻ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനാകും. നമുക്ക് പ്രാർത്ഥിക്കാം. ദൈവമേ നിർമ്മലമായ ഒരു ഹൃദയത്തിന്റെയും സ്ഥിരമായ ആത്മവാസത്തിന്റെയും ഒരു ഉടമയാകാൻ എനിക്കും ഭാഗ്യം നൽകേണമേ.