‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 54
പാ. വി. പി. ഫിലിപ്പ്
പ്രവചനം : പഴയ നിയമ യിസ്രായേലിൽ
പഴയ നിയമ യിസ്രായേൽ സമൂഹത്തിന്റെ അവിഭാജ്യമായ സവിശേഷതയായിരുന്നു പ്രവചനം, പ്രവാചകന്മാർ എന്നത്. യിസ്രായേൽ ജനത്തിൽ മാത്രം ഒതുങ്ങി നിന്ന പ്രവചനമായിരുന്നില്ല, മറിച്ച് മറ്റ് ജാതികളെയും സംബന്ധിക്കുന്ന ദൂതുകൾ പ്രവാചകന്മാർ വിളിച്ചു പറഞ്ഞു.
വേദപുസ്തകത്തിൽ പ്രവാചകൻ (Nabi) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ആദ്യ വ്യക്തി അബ്രഹാമാണ്. എന്നാൽ ഹാനോക്കിനെ പ്രവാചക ഗണത്തിൽ പുതിയ നിയമ ലേഖന കർത്താവ് ഉൾപ്പെടുത്തിയിരിക്കുന്നു. (യൂദാ : 14,15). എന്നാൽ ആഴവും പരപ്പും നിറഞ്ഞ ദൈവീക വചനങ്ങൾ വിളിച്ചു പറഞ്ഞ പ്രവാചകൻ മോശയാണ്. പിന്നീട് യിസ്രായേലിലുണ്ടായ എല്ലാ പ്രവാചകന്മാർക്കും തത്തുല്യമായി നമുക്ക് പറയാവുന്ന പേര് മോശയാണ്.
ദൈവീക വചനങ്ങൾ എഴുതിയ പഴയ നിയമ പ്രവാചകന്മാരെ രണ്ടായി തരം തിരിച്ചിരിക്കുന്നു. വലിയ പ്രവാചകന്മാർ എന്ന നിലയിൽ യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, ദാനിയേൽ എന്നീ നാല് പ്രവാചകന്മാരുടെ പ്രവചനങ്ങൾ പഠിക്കുന്നു. ചെറിയ പ്രവാചകന്മാരുടെ ഗണത്തിൽ ഹോശേയ, യോവേൽ, ആമോസ്, ഓബദ്യാവ്, യോനാ, മീഖാ, നഹൂം, ഹബാകുക്ക്, സെഫെന്യാവ്, ഹഗ്ഗായി, സെഖര്യാവ്, മലാഖി എന്നീ പന്ത്രണ്ട് പ്രവാചകന്മാർ ഉൾപ്പെടുന്നു.
പ്രവാചക സന്ദേശം
പഴയനിയമ പ്രവചന സന്ദേശത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം. 1) യിസ്രായേൽ ജനത്തിന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചുള്ള ദൈവത്തിന്റെ വിധി. 2) മിശിഹായെ കുറിച്ചുള്ള പ്രവചനങ്ങൾ 3) ഭാവികാലപരമായ പ്രവചനങ്ങൾ
പഴയ നിയമ പ്രവാചകന്മാർ തിരുത്തൽ ശക്തിയായിരുന്നു. പാപത്തിലേക്ക് വഴുതി പോയ ജനത്തോട് മടങ്ങിവരവിന് ദൂത് ശക്തിയായി വിളിച്ചു പറഞ്ഞു. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അവരുടെ വാക്കുകൾ മുൾമുനയിൽ നിർത്തി. ന്യായവിധിയുടെ സന്ദേശം പാപബോധം ഉണർത്തിച്ചു.
പ്രവചനവും പുതിയനിയമ ശുശ്രുഷയും
പുതിയനിയമത്തിൽ പ്രവചന ശുശ്രുഷയ്ക്ക് വ്യക്തമായ പ്രാധാന്യമുണ്ട്. “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു”, എഫെ : 2:20. പ്രഖ്യാപിതമായ അഞ്ച് വിധ ശുശ്രുഷകളിൽ (Five fold ministry) പ്രവചന ശുശ്രുഷയും ഉൾപ്പെടുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു” (എഫെ : 4:11)
പ്രവചനം ഇന്ന്
വേദപുസ്തകത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന പ്രവചന ശുശ്രുഷ ഇന്ന് വ്യത്യസ്ത നിലയിൽ ചിത്രീകരിക്കപ്പെടുന്നു.
ഒരു ഭാഗത്ത് കർത്താവിങ്കൽ നിന്ന് പ്രാപിച്ച് ജനത്തിന് നൽകുന്ന പ്രവാചകന്മാർ, അവർ ജനത്തിന്റെ പപ്പ ജീവിതത്തെ കുറിച്ച് ശക്തമായ ദൂത് വിളിച്ച് പറയുന്നു. എന്നാൽ മറുഭാഗത്ത്, പ്രവചനത്തെ ആദായമാക്കിയ ‘കള്ളപ്രവാചകന്മാർ’ ജനത്തെ ചൂഷണം ചെയ്യുന്നു. ആയതിനാൽ പ്രവാചകന്മാരെയും ശുശ്രുഷയെയും വിവേചിച്ചറിയാൻ നമുക്ക് കഴിയേണം.
യഥാർത്ഥ പ്രവചനം ദൈവീക സംവേദനമാണ്. അതിന്റെ പ്രസക്തി നിലച്ചിട്ടില്ല. തിരുത്തലിന്റെയും മടങ്ങിവരവിന്റെയും ദൂത് വിളിച്ചു പറയുന്ന പ്രവാചകന്മാർ ഇന്നിന്റെ ആവശ്യമാണ്.