‘സങ്കീർത്തന ധ്യാനം’ – 131
പാ. കെ. സി. തോമസ്
“ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും”, സങ്കീ : 55:16
ദാവീദ് കടന്ന് പോയ വേദനാജനകമായ ഒരു പരീക്ഷണ കാലമായിരുന്നു സ്വന്തം മകൻ അബ്ശാലോം തനിക്കെതിരെ കൂട്ട്കെട്ട് ഉണ്ടാക്കിയത് നിമിത്തം സിംഹാസനം വിട്ട് ഓടേണ്ടി വന്ന സമയം. സ്വന്തം മകനിൽ കൂടെ ഉണ്ടായ ഹൃദയത്തിന്റെ മുറിവിനെ കുറച്ച് കൂടി കേറി വലുതാക്കുന്നതായിരുന്നു തന്റെ ഉറ്റ മിത്രമായിരുന്ന അഹീതോഫെലും തന്റെ മകനോടൊപ്പം മത്സരത്തിൽ പങ്ക് ചേർന്നത്. ദാവീദിന്റെ വാക്കുകൾ ശ്രദ്ധിക്കുക, “എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ”, (55:12 -14). അവർക്ക് മനസാന്തരമില്ല. അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല. തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു. അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. (55:19-21). ഇത്രയും സ്നേഹവും അടുപ്പവുമായിരുന്നവർ എതിരായി തീരുന്ന അനുഭവങ്ങളിലൂടെ അനേക ഭക്തന്മാർ കടന്ന് പോയവരാണ്. നമ്മുടെ ജീവിത യാത്രയിലും ഉറ്റവരും ഉടയവരും നമുക്കെതിരെ കൂട്ട് കെട്ടുണ്ടാക്കി മാറി നിന്ന് കുറ്റം പറഞ്ഞ് രസിക്കുന്ന അനുഭങ്ങൾ ഉണ്ടാകാം. എന്നാൽ ആ സമയത്ത് തളർന്ന് പോകരുത്, മടുത്ത് പോകരുത്, നിരാശപ്പെട്ട് പോകരുത്. നമ്മുടെ യേശുവിനോട് കൂടെ മൂന്നരവർഷകാലം തിന്ന് കുടിച്ച് വളരെ ആത്മാർത്ഥതയോടെ കൂടെ രാപ്പകൽ നടന്ന യിസ്‌കരിയത്താ യൂദാ യേശുവിനെ ഒറ്റി കൊടുക്കുകയും കാണിച്ചു കൊടുക്കുകയും ചെയ്ത അനുഭവങ്ങൾ ഓർക്കുമ്പോൾ നാമും ധൈര്യപ്പെട്ട് ഉറച്ച് നിൽക്കുകയാണ് വേണ്ടത്. ദാവീദും യേശുവും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ചെയ്തത് ദൈവത്തോട് പ്രാർത്ഥിക്കുകയെന്നതായിരുന്നു. ദാവീദ് എഴുതി, “ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും”, (16,17). നമ്മുടെ ഹൃദയത്തിന് ദുഃഖവും, സങ്കടവും ഉണ്ടാകുമ്പോൾ നമ്മുടെ ദുഃഖങ്ങളും സങ്കടങ്ങളും ഇറക്കി വയ്ക്കാൻ നമുക്ക് ഒരു ഇടം ഉണ്ട്. അത് നമ്മുടെ ദൈവത്തിന്റെ സന്നിധിയാണ്. അവിടെ ഇരിക്കുന്ന ദൈവം നാൾ തോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്നവനാണ്. അവിടെ ഇരിക്കുന്ന ദൈവം നമ്മുടെ സങ്കടം അറിയുന്നവനാണ്. … എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു അവരുടെ നിലവിളി ഞാൻ കേട്ടു കേട്ടു. അവരുടെ സങ്കടം ഞാൻ അറിയുന്നു. അവരെ രക്ഷിക്കുവാൻ ഇറങ്ങി വന്നിരിക്കുന്നുവെന്ന് മോശയോട് അരുളി ചെയ്ത ദൈവം നമ്മുടെ കഷ്ടതയിൽ നമ്മെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം അരുളും. രക്ഷിക്കാൻ ഇറങ്ങി വരും. അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവനെ കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. “അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും. ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും”, (91:15,16).
അവിഹിത കൂട്ട്കെട്ടുകൾ കണ്ട് ഹൃദയം വേദനിച്ച ദാവീദ് ദൈവത്തെ വിളിച്ചപേക്ഷിച്ച് പ്രാർത്ഥിച്ചതെ ഉള്ളൂ. ദൈവം അവരുടെ കൂട്ട് കെട്ടുകളെ തകർത്ത് ദാവീദിന് രക്ഷ വരുത്തി. അഹിതോഫെലിന്റെ ആലോചനയെ ദൈവം നിഷ്ഫലമാക്കി. അവന്റെ ജീവിതം ഒരു മുഴം കയറിൽ അവസാനിച്ചു. അബ്ശാലോമിന്റെ തലമുടി കരുവേലകത്തിന്റെ കൊമ്പിൽ കുരുങ്ങി അവനും ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി കിടന്ന് അവന്റെ ജീവിതവും അവസാനിച്ചു. എന്നാൽ പ്രാർത്ഥിച്ച ദാവീദിനെ വീണ്ടും യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുത്തി ദൈവം രക്ഷിച്ചു. പ്രതികൂലത്തിന്റെ നടുവിൽ എന്റെ തുണയായുള്ളോവേ എന്നെ സഹായിക്കാൻ വേഗം വരേണമേയെന്ന് പ്രാർത്ഥിച്ച യേശു (സങ്കീ : 22:19) സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും പ്രാപിച്ച് ഉയർത്തെഴുന്നേറ്റ് ജീവിക്കുന്നു. ദൈവമക്കളേ, നമ്മുടെ പോരിന്റെ ആയുധങ്ങൾ ജഡീകങ്ങളല്ല. കൊട്ടകളെ ഇടിക്കുവാൻ ശക്തിയുള്ളതാണ്. പ്രതികൂലങ്ങളിൽ പ്രാർത്ഥന എന്ന ആയുധം എടുത്ത് കൊള്ളുക. ദൈവം വരുത്തുന്ന രക്ഷ കണ്ട് കൊള്ളുക.