‘സഫലമീ യാത്ര…’ – (20)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
പൊള്ളയായ ആത്മവിശ്വാസം
ഒരു വ്യക്തി ധരിച്ച ടീ ഷർട്ടിൽ രേഖപ്പെടുത്തിയ വാക്കുകൾ ശ്രദ്ധിക്കുകയുണ്ടായി. “Confidence : the feeling you have just before you understand the situation”, ശരിയായി സാഹചര്യങ്ങൾ തിരിച്ചറിയുന്നതിന് മുൻപുള്ള വികാരമാണ് ആത്മവിശ്വാസം.
ആദ്യമേ ചിരി തോന്നുമെങ്കിലും, ചിരിച്ചു തള്ളുന്നതിനപ്പുറം യുക്തിസഹജവും, സത്യവുമാണ് ഈ വാക്കുകൾ. സ്വയാശ്രയത്തിലും, കഴിവുകളിലും, പദവികളുമൊക്കെ, വല്ലാതെ വിശ്വസിക്കുമ്പോഴൊക്കെയും, അമ്പേ കനത്ത തോൽവി അനുഭവിച്ചവരാണ് നാമൊക്കെയും. ആ പരിശ്രമത്തിൽ കരങ്ങൾ തളർന്നു, ഊർജം അപ്പാടെ ചോർന്നു പോയി, തീരമണയുവാൻ കഴിയാതെ കുഴഞ്ഞവശരായി പോകുന്ന അവസ്ഥ. സ്വാശ്രയം, അമിത ആത്മവിശ്വാസം, അതൊക്കെ മാനുഷികമായി തളർത്തുന്ന അനുഭവങ്ങളിലേക്ക് നയിക്കും.
വചനം പറയുന്നത് ശ്രദ്ധിക്കുക, “ആകയാൽ താൻ നിൽക്കുന്നു എന്ന് തോന്നുന്നവൻ, വീഴാതിരിപ്പാൻ ശ്രദ്ധിച്ചുകൊള്ളട്ടെ.” (1 കോരി : 10 :12) സ്വാശ്രയവും, സ്വന്ത കഴിവുകളിലും, മാത്രം ആശ്രയിച്ചു, മരുഭൂമിയിലൂടെ യാത്ര ചെയ്തു വാഗ്ദത്ത ദേശം അന്യാധീനമാക്കിയ യിസ്രായേലിനെ ദൃഷ്ട്ടാന്തമാക്കി അപ്പോസ്തോലൻ നമുക്ക് നൽകുന്ന പ്രബോധന വാക്കുകൾ ആണിത്. ദൈവം നൽകുന്ന സ്വന്തന്ത്രങ്ങൾ പൂർണ്ണമായും ദൈവാശ്രയത്തിലേക്ക് നമ്മെ നയിക്കുന്നില്ലെങ്കിൽ നാമും അവരെ പോലെ പതനങ്ങളിലേക്കു നയിക്കപെടും. മനുഷ്യരിലും, പ്രഭുക്കന്മാരിലും ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നത് നന്ന് എന്ന സങ്കീർത്തന വാക്കുകളും ഓർക്കുക.