“ക്രൈസ്റ്റ്സ് അംബാസഡേഴ്സ് എന്നത് ക്യാമ്പസ് അംബാസഡേഴ്സ് ആയിത്തീരണം” – പാ. റോയ്സൺ ജോണി (പ്രസിഡന്റ്, C.A.)
അസംബ്ലീസ് ഓഫ് ഗോഡ്, യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് (C.A.) ന്റെ മലയാളം ഡിസ്ട്രിക്ട് അദ്ധ്യക്ഷൻ പാ. റോയ്സൺ ജോണിയുമായി “സഭാവാർത്തകൾ.കോം” നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? C.A. യുടെ അധ്യക്ഷനായി ചെയ്തെടുക്കുവാൻ സാധിച്ച കാര്യങ്ങൾ
എന്തെങ്കിലും ചെയ്യുവനായോ എന്ന് സംശയമുണ്ട്. ചെയ്യുവാൻ കഴിഞ്ഞതിനേക്കാൾ ചെയ്യുവാൻ ആഗ്രഹിച്ചവ അഥവാ ചെയ്യുവാൻ ബാക്കിയുള്ളവയ്ക്കാണ് തൂക്കം കൂടുതൽ. മലയാളം ഡിസ്ട്രിക്ടിലെ മുഴുവൻ യുവജനങ്ങളുടെയും ഉൾകൊള്ളിച്ചു സർവേ നടത്തുവാൻ ആഗ്രഹമുണ്ടായിരുന്നു. അതിൽ ഓരോ C.A. അംഗത്തിന്റെയും ആത്മീയ നിലവാരം ഏകദേശ കണക്കിൽ ഗ്രഹിക്കുവാനും ഒരു പദ്ധതി തയാറാക്കിയിരുന്നു. സർവ്വേയുടെ അടിസ്ഥാനത്തിൽ 2-3 ദിവസങ്ങൾ ദൈർഘ്യമുള്ള വർക്ക്ഷോപ്പുകൾ നടത്തി യൗവനക്കാരെ കൂടുതൽ ദൈവോന്മുഖരാക്കി മാറ്റാം എന്ന് ഞങ്ങൾ കരുതി. പക്ഷെ എന്തുകൊണ്ടോ ആ സർവ്വേ നടന്നില്ല.
? AG യിൽ ചെയ്തെടുക്കുവാൻ ആഗ്രഹിക്കുന്ന സ്വപ്ന പദ്ധതികൾ
മുൻപ് പറഞ്ഞ സർവ്വേ തന്നെയാണ് എന്റെ പ്രധാന സ്വപ്നം. യൗവ്വനക്കാരുടെ വിഷയങ്ങൾ മാത്രം ചർച്ച ചെയ്യുവാൻ അവർക്കു വേണ്ട മാർഗ്ഗനിര്ദേശങ്ങളും കൈത്താങ്ങലും നൽകുവാൻ കഴിയുന്ന പ്രഭാഷകരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള യുവജന ക്യാമ്പ് ഒരു സ്വപ്നമാണ്. ക്രൈസ്റ്റ് അംബാസഡേഴ്സ് എന്നത് ക്യാമ്പസ് അംബാസഡേഴ്സ് ആയി കാണുവാൻ ആഗ്രഹിക്കുന്നു.
? ഏതെല്ലാം നിലയിൽ AG യുടെ നേതൃത്വം C.A. യ്ക്ക് പിന്തുന്ന നൽകുന്നു
എല്ലാ നിലയിലും നേതൃത്വത്തിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. C.A. അദ്ധ്യക്ഷൻ എന്ന നിലയിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ : ടി. ജെ. ശാമുവേൽ യുവജന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. അസിസ്റ്റന്റ് സൂപ്രണ്ടായ റവ: ഡോ: പി. എസ്. ഫിലിപ്പും യുവജന പ്രവർത്തങ്ങളിൽ തന്നാലാവോളം സഹായിക്കുകയും സമാന ചിന്താഗതിക്കാരിൽ നിന്നും C. A. യ്ക്ക് വേണ്ടുന്ന സഹായങ്ങൾ കണ്ടെത്തുന്നതിൽ ഉത്സാഹിക്കുകയും ഞങ്ങൾക്ക് വേണ്ടുന്ന എല്ലാ പിന്തുണയും നല്കുകയും ചെയുന്നുണ്ട്. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, മേഖല ഡയറക്ടർമാർ, പ്രസ്ബിറ്റർമാരും ഞങ്ങൾക്കൊപ്പമുണ്ട്.
? ഭാരത സുവിശേഷീകരണത്തിൽ C.A. യുടെ പങ്ക്
ഭാരത സുവിശേഷീകരണത്തിൽ മറ്റേതു പെന്തക്കോസ്തു യുവജന സംഘടനയെക്കാളും സാധ്യത C. A. യ്ക്കാനുള്ളത്. ഭാരതത്തിലുടനീളം ത്വരതഗതിയിൽ വളർന്നു കൊണ്ടിരിക്കുകയും അതോടൊപ്പം തദ്ദേശീയ നേതൃത്വത്താൽ നയിക്കപ്പെടുകയും ചെയുന്ന സഭയാണ് AG. കഴിഞ്ഞ മാസം C.A. യുടെ നേതൃത്വത്തില് പത്തു പേരടങ്ങുന്ന ഒരു ടീം വടക്കേ ഇന്ത്യയിൽ മിഷൻ യാത്രയിലായിരുന്നു.
നമ്മുടെ ക്യാമ്പുകളിൽ ദൈവവേലയ്ക്കു സമർപ്പിക്കുന്നവരെ ഉത്തരഭാരതത്തിലെ മിഷൻ വയലുകളിലേക്കു ഒന്നോ രണ്ടോ മാസത്തേക്ക് അയക്കുവാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. സാധാരണഗതിയിൽ ഓരോ ക്യാമ്പിലും 50 നും 100 നും ഇടയിൽ യൗവനക്കാർ ദൈവവേലയ്ക്കായിസമർപ്പിക്കാറുണ്ട്. അവരിൽ ഏറിയ പങ്കും തൊട്ടടുത്ത വർഷങ്ങളിൽ ബൈബിൾ കോളേജിൽ ചേരാറുണ്ട്. കൂടുതൽ യുവജനങ്ങൾ മിഷൻ വയലുകളിൽ നിയോഗിച്ചയക്കപ്പെടേണം എന്നാണ് എന്റെ ആഗ്രഹം.
? സുവിശേഷീകരണം കൂടാതെ സമൂഹത്തിൽ ഏതെല്ലാം നിലയിൾ C.A. പങ്കാളിയാകുന്നു
സുവിശേഷീകരണമാണ് പ്രധാന ലക്ഷ്യം. മറ്റുള്ളവയെല്ലാം അതിനേക്കാളും പ്രാധാന്യത കുറഞ്ഞതാണ്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയുവാൻ C. A. യ്ക്ക് കഴിയുന്നു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നോട്ടു ബുക്ക് വിതരണം, വിവാഹ ധന സഹായം, ചികിത്സാ സഹായം, എന്നിങ്ങനെ വിവിധ ക്ഷേമ പ്രവർത്തങ്ങൾ പരിമിതികൾക്കുള്ളിൽ നിന്നും കൊണ്ട് ചെയുവാൻ C. A. യ്ക്ക് കഴിയുന്നു. കൂടാതെ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന പല വിഷയങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവന്റെ പക്ഷത്തു നിൽക്കുവാനും അവരുടെ ശബ്ദമായി മാറുവാനും ഒരു പരിധിവരെ C. A. യ്ക്ക് കഴിയുന്നുണ്ട്.
? C.A. യുടെ പ്രവർത്തനങ്ങളിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ
സാമ്പത്തിക സ്രോതസ്സുകളുടെ ലഭ്യത കുറവ്, കുറെ കൂടി പ്രവർത്തന സ്വാതന്ത്ര്യം, ആത്മീയ വിഷയങ്ങളിൽ നിന്നും യുവജനങ്ങൾ മാറി സഞ്ചരിക്കുന്നത് തുടങ്ങിയവയാണ് പ്രധാന വെല്ലുവിളികൾ.
? വഹിച്ചിരുന്ന / നിലവിൽ വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ
2005 മുതൽ വടവതൂരിലുള്ള ഷാലോം ബൈബിൾ കോളേജിൽ (IPC) ദൈവവചനം അഭ്യസിപ്പിക്കുന്നു. 2008 മുതൽ ഉത്തരേന്ത്യൻ മിഷനറി മുന്നേറ്റമായി ഓപ്പറേഷൻ അഗപ്പെയുടെ പ്രവർത്തനങ്ങളോടൊപ്പം സഹകരിച്ചു വരുന്നു.
2005 മെയ് മുതൽ ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ എന്ന കടലോര ഗ്രാമത്തിൽ സുവിശേഷ പ്രവർത്തനങ്ങളിലും, സഭാശുശ്രുഷയിലും ആയിരിക്കുന്നു.
സഭൈക്യ പ്രവർത്തനമായി UCPI യുടെ ആരംഭകാലം മുതൽ അതിനോടും സഹകരിച്ചു പ്രവർത്തിച്ചു വരുന്നു.
2012-14 കാലഘട്ടത്തിൽ C.A.യുടെ സെക്രട്ടറിയായും, 2014 മുതൽ നാളിതു വരെ പ്രസിഡന്ററായും പ്രവർത്തിച്ചു വരുന്നു.
? C.A. യുടെ അധ്യക്ഷനായി ഏറ്റവും സന്തോഷിച്ച സന്ദർഭം
2014 ൽ നെയ്യാർ ഡാമിൽ വച്ച് നടന്ന ക്യാമ്പിന്റെ ഒടുവിലത്തെ ദിനം എനിക്ക് പ്രസംഗിക്കുവാൻ അവസരം ലഭിച്ചു. ആ സമയം എന്റെ മാതാവ് കിഡ്നി രോഗത്താൽ ആശുപത്രിയിൽ അഡ്മിറ്റുമായിരുന്നു. അന്നത്തെ ശുശ്രുഷയിൽ 46 യൗവനക്കാർ പൂർണ്ണസമായ സുവിശേഷ വേലയ്ക്കായി സമർപ്പിച്ചു എന്നത് വളരെ സന്തോഷത്തോടെ ഓർക്കുന്നു. 2016 ൽ കുട്ടികാനത്തു വച്ച് നടന്ന ക്യാമ്പിൽ നാളിതു വരെ ഉണ്ടായിട്ടില്ലാത്ത ആത്മപകർച്ചയും, ദൈവസാന്നിധ്യവും യൗവനക്കാർ അനുഭവിച്ചത് സന്തോഷം പകരുന്ന സന്ദർഭങ്ങളാണ്.
? മാതാപിതാക്കൾ, വീട്, സ്വദേശം
കൊല്ലം ജില്ലയിൽ കുളത്തുപ്പുഴ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർത്തപ്പെട്ടത്. നടുവില്ലം പഴമണ്ണിൽ P. Y. ജോണിയും, അന്നമ്മ ജോണിയുമാണ് മാതാപിതാക്കൾ.
? മറ്റ് പെന്തക്കോസ്തു യുവജന സംഘടനകളുമായുള്ള സഹകരണം
2012 മുതൽ ഐക്യ പെന്തക്കോസ്തു കൂട്ടായ്മയെ കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിർ വരമ്പുകൾ ഭേദിക്കുവാൻ പലർക്കും കഴിയാഞ്ഞതിനാൽ ആ ശ്രമം പരാജയപ്പെട്ടു. 2017 ൽ PCI യുടെ നേതൃത്വത്തിൽ PYC (Pentecost Youth Council) രൂപം കൊണ്ടപ്പോൾ, C. A. കമ്മറ്റിയിൽ നിന്നും ജിനു വര്ഗീസ് പത്തനാപുരം അതിന്റെ ദേശീയ ട്രഷറായി പ്രവർത്തിക്കുന്നു.
? പെന്തക്കോസ്തു സമൂഹത്തിൽ കാണുന്ന രാഷ്ട്രീയ തിരെഞ്ഞെടുപ്പ് രീതികളെ കുറിച്ച്
രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തിന്റെ പുരോഗതിക്കായി ചിന്തിക്കുക എന്നാണല്ലോ അർത്ഥം. എന്നാൽ പെന്തെക്കോസ്തിൽ കാണുന്നത് രാഷ്ട്രീയമല്ല, ഗ്രൂപ്പിസമാണ്. അറിഞ്ഞോ, അറിയാതെയോ ഏറെക്കുറെ ആളുകളും ഇതിന്റെ ഭാഗമായി മാറി എന്നതാണ് നഗ്നസത്യം. A. G. യിലെ ജനാധിപത്യ രീതിയിലുള്ള തിരെഞ്ഞെടുപ്പ് രീതികൾ സുതാര്യവും, ആർക്കും അനുകരണനിയവുമാണ്. പക്ഷെ ദൈവസഭയിൽ വേണ്ടത് ദൈവാധിപത്യമാണ്. ദൈവം ഭരിക്കുന്ന ദൈവത്തെ അനുസരിക്കുന്ന സഭ. അതില്ലാത്തതാണിന്ന് സഭ നേരിടുന്ന പ്രധാന പ്രശ്നം.
? കുടുംബം
പുനലൂർ സ്വദേശി റെനിമോളാണ് ഭാര്യ. സെറ, സ്റ്റീവ്, സ്മിത്ത്, എന്നിവരാണ് മക്കൾ.
യുവജനങ്ങളുടെ ഇടയിൽ ശക്തമായ ശുശ്രുഷ ചെയുന്ന പാ. റോയ്സൺ ജോണിയെ ദൈവം അധികമായിഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയുന്നു.