‘സഫലമീ യാത്ര…’ – (32)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഒരു ചെറുചിരി
ഹൃദയപൂർവ്വമായ ചിരി ആരോഗ്യദായകമാണെന്ന് സമീപകാല പഠനങ്ങൾ വെളിവാക്കുന്നു. ഹൃദയതാളം ക്രമീകരിക്കുവാനും സമ്മർദങ്ങൾ കുറയ്ക്കുവാനും ഒരു നല്ല പുഞ്ചിരിയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ വെളിവാക്കുന്നു.
എന്നാൽ ഒരു നല്ല പുഞ്ചിരി മറ്റുള്ളവരിൽ പകരുന്ന പ്രകാശ വശം കൂടി സ്വയം ലാഭത്തിനപ്പുറം നാം ചിന്തിക്കേണ്ടതുണ്ട്. നിങ്ങൾ അവരെ ഇഷ്ട്ടപെടുന്നു എന്നും സാമീപ്യത്തിൽ സന്തോഷിക്കുന്നു എന്നും വാക്കുകൾക്കപ്പുറം അത് വെളിവാക്കുന്നു. ഒരു സ്പർശനം പോലും കൂടാതെ ഒരു നല്ല ആലിംഗത്തിന് തുല്യമാണത്. എപ്പോഴും ചിരിക്കുവാനുള്ള കാരണം ജീവിതം നല്കുന്നില്ലെങ്കിലും ഒരു കുഞ്ഞിന്റെ മുഖത്തെ നിഷ്ക്കളങ്ക ചിരി, ചുളുങ്ങി പ്രായമായ കവിളുകളിലെ സന്തോഷം അതൊക്കെ വിലപ്പെട്ടതാണ്.
നിങ്ങളുടെ മുഖത്തെ സന്തോഷവും, പ്രസാദവും, ചെറുചിരിയും നിങ്ങളിലെ ദൈവീക സ്വരൂപത്തിന്റെ പ്രതിഫലനം കൂടിയാണ്. ദൈവീക മുഖത്തെ ചെറുചിരി എന്ന് വിളിക്കാവുന്ന പ്രസാദാത്മകമായ തിരുവെഴുത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക. പൗരാണീക ദൈവീക അനുഗ്രഹവാക്കുകളാണിത്. … യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോട് കൃപയുള്ളവനാകട്ടെ. യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്ക് സമാധാനം നൽകുമാറാകട്ടെ. (സംഖ്യാ : 4:25,26)
എബ്രായ ഭാഷയിൽ ഈ വാക്കുകൾ ദൈവീകപ്രസാദവും ദൈവത്തിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയുമായി വ്യാഘാതാക്കൾ, വിശേഷാൽ റബ്ബിമാർ വ്യാഖാനിക്കുന്നു.
അറിയുക, ഇന്ന് അവിടുത്തെ പ്രസാദം കൈമാറുവാൻ തക്കവണ്ണം നിങ്ങളെ സ്നേഹിക്കുന്നു. ആ പ്രസാദം ഉള്ളിൽ നിന്നും ഒരു ചിരിയായി മുഖത്ത് നിന്ന് മറ്റുള്ളവരിലേക്ക് പകരുമാറാകട്ടെ.