പാ. ഡോ. ടി. പി. എബ്രഹാം ഇമ്പങ്ങളുടെ പറുദീസയിൽ
(ശാരോൻ ഫെലോഷിപ്പിന്റെ വളർച്ചയിൽ സൗമ്യനേതൃത്വത്തിന്റെ ഉടമ, ‘ഡൂലോസ്’ സ്ഥാപനങ്ങളുടെ സ്ഥാപകൻ എന്നീ നിലകളിൽ തിളങ്ങി)
ആലുവ : ശാരോൻ ഫെലോഷിപ്പ് സഭയുടെ ഉപദേശക കൗൺസിൽ അദ്ധ്യക്ഷനും, ‘ഡൂലോസ്’ സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന പാ. ഡോ. തോട്ടുങ്കൽ പോത്തൻ എബ്രഹാം എന്ന ടി. പി. എബ്രഹാം (68), ജൂൺ 20 ന് നിത്യതയിൽ പ്രവേശിച്ചു. ദീർഘ നാളുകളായി പാർക്കിൻസൺ രോഗത്താൽ ഭാരപ്പെട്ട പാ. എബ്രഹാം, അവസാന നാളുകളിൽ വിവിധ രോഗങ്ങളാൽ ബാധിതനായിരുന്നു. ശാരോൻ ഫെലോഷിപ്പ് സഭയുടെ ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, CEM പ്രസിഡന്റ് തുടങ്ങി പ്രസ്ഥാനത്തിൽ അദ്ദേഹം ഭരണതലത്തിൽ വിവിധ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നിർവഹിച്ചു. ശാരോൻ ഫെലോഷിപ്പ് പ്രസ്ഥാനത്തിന്റെ കേന്ദ്രീകൃത സൺഡേ സ്കൂൾ അസ്സോസിയേഷൻ പാഠപദ്ധതി രൂപീകരിക്കുന്നതിൽ പാ. ഡോ. ടി. പി. എബ്രഹാം മുഖ്യ പങ്ക് വഹിച്ചു. CEM ജനറൽ ക്യാമ്പുകൾക്ക് ഇന്നത്തെ നിലയിലുള്ള പുതിയ ദിശാബോധം നൽകുന്നതിൽ പാ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞു.
അമേരിക്കയിലെ ഫുള്ളർ സർവ്വകലാശാലയിൽ നിന്നും ‘Church Planting’ ൽ Ph.D. കരസ്ഥമാക്കിയ അദ്ദേഹം ഭാരതത്തിലെ മിക്ക ബൈബിൾ കോളേജുകളിലും വിസിറ്റിങ് പ്രൊഫസ്സറായിരുന്നു. 1993 ൽ, ഇന്ത്യ ഗോസ്പൽ മിനിസ്ട്രീസ് എന്ന സംഘടന രൂപീകരിച്ച് വിവിധ വേദ സ്ഥാപനങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുവാൻ പാ. ഡോ. ടി. പി. എബ്രഹാമിനെ ദൈവം ഉപയോഗിച്ചു. ഡൂലോസ് തീയൊളിജിക്കൽ കോളേജ് (അശോകപുരം), ഡൂലോസ് തീയൊളിജിക്കൽ കോളേജ് ഫോർ വുമൺ (അത്താണി), ഡൂലോസ് ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് (അത്താണി), ഡൂലോസ് ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് (വാഴൂർ), ഡൂലോസ് തീയൊളിജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (നഗിരി, ആന്ധ്ര പ്രദേശ്), ദയ ബോയ്സ് ഹോം (നഗിരി, ആന്ധ്ര പ്രദേശ്), തുടങ്ങിയവ അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളിൽ ചിലത് മാത്രം.
വാഴൂർ തോട്ടുങ്കൽ പാ. ഇ. പി. പോത്തന്റെയും, മോളി പോത്തന്റെയും മകനായി ജനിച്ച പാ. എബ്രഹാമിന്റെ പത്നി, ഡോ. മോളി എബ്രഹാമാണ്. പാ. ഇമ്മാനുവേൽ എബ്രഹാം, ഗ്രേസ് എബ്രഹാം എന്നിവരാണ് മക്കൾ.
സംസ്കാരം പിന്നീട്.