ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്ഘാടനം ചെയ്തു
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ ഇന്ന് (ജനുവരി 20 ന്) സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് തിരുവല്ല രാമൻച്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ ഉത്ഘാടനം ചെയ്തു. “കഷ്ടതയിൽ വിശ്വാസി വിശ്വാസത്തിൽ നിലനിൽക്കണം”, ഉത്ഘാടന സന്ദേശത്തിൽ പാ. സി. സി. തോമസ് ഉത്ബോധിപ്പിച്ചു. പൂർണ്ണാശ്രയം ദൈവത്തിൽ അർപ്പിച്ച്, ഇയ്യോബിനെ പോലെ, ദാനിയേലിനെ പോലെ നമുക്ക് സ്ഥിരതയോടെ ഭക്തൻ വിശ്വാസത്തിൽ അടിയുറയ്ക്കണം, അദ്ദേഹം തുടർന്നു. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാ. വൈ. റെജി അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ പാ. വി. ഒ. വർഗീസ് മുഖ്യ പ്രസംഗകനായിരുന്നു. കൗൺസിൽ സെക്രട്ടറി, പാ. ജെ. ജോസഫ് സ്വാഗതം അറിയിക്കുകയും പാ. എം. ജോൺസൺ സങ്കീർത്തന ശുശ്രുഷ നിർവഹിക്കുകയും ചെയ്തു. പാസ്റ്റർമാരായ കെ. എ. ഉമ്മൻ, കെ. ടി. വർഗീസ്, കെ. ജി. ജോൺ, ജോൺസൺ ദാനിയേൽ, ബ്രദർ. സി. പി. വർഗീസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
‘വിശ്വാസത്തിൽ നിലനില്പിൻ’ എന്നതാണ് കൺവൻഷൻ ചിന്താവിഷയം. കൺവൻഷന് മുന്നോടിയായി ശുശ്രുഷക സമ്മേളനം നടത്തപ്പെട്ടു. പവ്വർ കോൺഫറൻസ്, സഹോദരീ സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദദാനസമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ്വ് യോഗം, സണ്ടേസ്കൂൾ യുവജന വാർഷിക സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ജനുവരി 26, ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടും, കർത്തൃമേശയോടും കൂടി മഹായോഗം സമാപിക്കും.
ജനറൽ കൺവൻഷന് റവ. സി. സി. തോമസ് ജനറൽ കൺവീനറായും പാസ്റ്റർമാരായ വൈ. റെജി, ജെ.ജോസഫ് എന്നിവർ ജോയിന്റ് ജനറൽ കൺവീനർമാരായും വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. കൺവൻഷന്റെ എല്ലാ ദിവസവും ഭക്ഷണക്രമീകരണവും, ദൂരസ്ഥലങ്ങളിൽ നിന്നു വരുന്നവര്ക്ക് താമസ സൗകര്യവും, വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാ. അനീഷ് ഏലപ്പാറയുടെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.
(വാർത്ത : പാ. ഷൈജു തോമസ് ഞാറയ്ക്കൽ)