‘സഫലമീ യാത്ര …‘ – (112)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
വളർത്താതിരിക്കുക
ഗോത്രത്തലവനും, ചെറുമകനും തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ചെറുമകൻ ഗോത്രത്തിന്റെ പരമ്പരാഗത രീതികൾ ലംഘിക്കുന്ന ഏതോ പ്രവർത്തി ചെയ്തു. അവ തുടരാതെ പരമ്പരാഗത രീതികൾ പറഞ്ഞു കൊടുക്കുമ്പോൾ ചെറുമകന് വ്യക്തമാക്കുവാൻ ഒരു ഉപമ കൂടെ പറഞ്ഞു.
നമ്മുടെ ഉള്ളിൽ രണ്ട് ചെന്നായ്ക്കൾ ഉണ്ടെന്ന് ചിന്തിക്കുക. ഒന്ന് നല്ലതും മറ്റേത് നല്ലതല്ലാത്തതും. രണ്ടും നമ്മെ ജയിക്കുവാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും. ഏത് ചെന്നായാവ്വും ഒടുവിൽ ജയിക്കുക.”
‘നാം തീൻ കൊടുക്കുന്ന ചെന്നായ്’, ബുദ്ധിമാനായ ചെറുമകന്റെ മറുപടി. ഇത് ഒരു രൂപകമാകാം. പക്ഷെ, ഏറെ ശ്രദ്ധിക്കേണ്ട ഒരു വലിയ തത്വം ഇവിടെയുണ്ട്.
ഓരോ ക്രിസ്തുശിഷ്യനും കടന്ന് പോകുന്ന ആന്തരിക സംഘർഷങ്ങളുടെ ഒരു അനുഭവം ഇവിടെയുണ്ട്. പാപം, ജഡം, ലോകം, സാത്താൻ – ഇവയോടുള്ള നിരന്തര പോരാട്ടത്തിലാണ് ആദാമ്യ പ്രകൃതിയിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം പ്രാപിക്കുന്ന ഐഹിക ജീവിതം. ആത്മാവും, ജഡവും നമ്മെ കീഴ്പെടുത്തുവാനുള്ള നിരന്തര സംഘർഷത്തിലാണ്. ഒടുങ്ങാത്ത ത്വരകളും, ദാഹങ്ങളും തുടക്കത്തിൽ നിർദോഷം എന്ന് കരുതാമെങ്കിലും, നാം നൽകുന്ന പോഷണത്തിന് അനുസരിച്ച് ഒന്ന് നമ്മെ കീഴ്പെടുത്തും. “നിങ്ങൾ അനുസരിക്കുകയും അനുസരിച്ച് പോരുന്നവന് ദാസന്മാരായി തീരുകയും ചെയ്യും.” റോമർ : 6:16
കഠിനമായ ശിക്ഷണം നിങ്ങളെ ജയാളികളാക്കും, കാരണം നിങ്ങൾ തനിയെയല്ല, തുണ നിൽക്കുന്ന പരിശുദ്ധാത്മാവ് ഒപ്പമുണ്ട്. ഭക്ഷണം ചോദിക്കുന്ന ഏത് അശുദ്ധിയോടും, ഇല്ല, എന്ന് പറയുവാൻ കൃപ പ്രാപിക്കുക – ഒരു പക്ഷെ, വീണ്ടും, വീണ്ടും, വീണ്ടും …
“മോഹങ്ങൾ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്”, (റോമർ :13:14) പിന്നാലെ വരുന്ന എല്ലാ മോഹങ്ങളെയും ജയിക്കുന്നതിനേക്കാൾ എളുപ്പം, ആദ്യത്തേതിൽ ജയാളികളാകുകയത്രേ.