‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (60)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
4:5 വാക്യം 3 മുതൽ എബ്രഹാം കൃപയാൽ വിശ്വാസം മൂലം രക്ഷിക്കപെട്ടു എന്ന് പറഞ്ഞു. വാക്യം 4 ൽ പ്രവർത്തി, കൃപയെയും വിശ്വാസത്തെയും പുറന്തള്ളുന്നു എന്ന് തെളിയിച്ചു. വാക്യം 5 ൽ വിശ്വാസം, കൃപ, നീതീകരണം ഇവ ബന്ധപ്പെട്ടവയാണെന്നും പ്രവർത്തിയുടെ അസാന്നിധ്യത്തിൽ മാത്രമേ ഇവ പ്രവർത്തിക്കുന്നുള്ളൂ എന്ന് തെളിയിക്കുന്നു. അഭക്തനെ നീതികരിക്കുന്നവൻ. അബ്രഹാം നീതിമാനാണെന്ന് പ്രഖ്യാപിക്കപ്പെട്ട സമയത്ത് ‘അഭക്തൻ’ ആയിരുന്നുവോ എന്നത് വ്യാഖ്യാനങ്ങളെ കുഴയ്ക്കുന്ന ഒരു പ്രശ്നമാണ്. ഉല്പ : 18:4 ൽ കാണുന്നത് പോലെ ‘ദൈവം തന്നോട് അരുളിച്ചെയ്തതു പോലെ അബ്രഹാം പുറപ്പെട്ടപ്പോൾ അബ്രഹാം നീതികരിക്കപ്പെട്ടു’
നാലും അഞ്ചും വാക്യങ്ങളിൽ അബ്രഹാമിനെ പ്രത്യേകമായി പരാമർശിച്ചല്ല പറയുന്നത്. പൗലോസ് ബഹുവചനം ഉപയോഗിക്കുന്നില്ല. കാരണം, ഓരോ വ്യക്തിയും അവനായി തന്നെ വിശ്വസിക്കണം. പഴയനിയമം അനുസരിച്ച് (പുറ : 23:7, 25:1) ദുഷ്ടനെയും കുറ്റക്കാരനെയും ദൈവം നീതികരിക്കുകയില്ല. എന്നാൽ സുവിശേഷപ്രകാരം ദൈവം തന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് അഭക്തനെ നീതികരിക്കുന്നത് നീതിയാണ്. (റോമ :3:26, 5:19) അഭക്തനെ നീതികരിക്കുന്ന ദൈവം എന്ന പ്രയോഗത്തിൽ പൗലോസിന്റെ മുഴുസുവിശേഷവും അടങ്ങിയിരിക്കുന്നു.
4:6-8
ദൈവം പ്രവർത്തി കൂടാതെ നീതി കണക്കിടുന്ന മനുഷ്യന്റെ ഭാഗ്യമാണ് ദാവീദ് വർണ്ണിക്കുന്നത്. അബ്രഹാമിൽ നിന്ന് വ്യത്യസ്തമായി ദാവീദ്, ന്യായപ്രമാണത്തിൻ കീഴിൽ ജീവിക്കുന്ന പരിച്ഛേദന കഴിഞ്ഞ ഒരു യഹൂദനാണ്.