‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (65)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
4:17-22
അബ്രഹാമിന്റെ വിശ്വാസം
അബ്രഹാം അഗ്രചർമ്മിയും ദാവീദ് പരിച്ഛേദകരാനും ആയിരുന്നു. അബ്രഹാം ന്യായപ്രമാണത്തിന് മുൻപ് ജീവിച്ചയാളും ദാവീദ് ന്യായപ്രമാണത്തിൻ കീഴിൽ ജീവിച്ചയാളും ആയിരുന്നു. രണ്ട് പേരും കൃപയാലുള്ള വിശ്വാസത്താലാണ് നീതികരിക്കപ്പെട്ടത്. നമുക്കും അതാണ് ബാധകം. ഇത്രയും പറഞ്ഞിട്ട് തുടർന്ന്, അബ്രഹാമിന്റെ വിശ്വാസത്തെക്കുറിച്ചും അനന്തരം ക്രിസ്ത്യാനിയുടെ വിശ്വാസത്തെ കുറിച്ചും പൗലോസ് പ്രതിപാദിക്കുന്നു.
17-22 വരെയുള്ള വാക്യങ്ങൾ ഇങ്ങനെ വിശകലനം ചെയ്യാം.
1) വിശ്വാസവും വിശ്വാസ വിഷയവും – വാ. 17
2) വിശ്വാസവും ദിവ്യശക്തിയും – വാ. 17
3) വിശ്വാസവും സ്വാഭാവിക സാധ്യതകളും – വാ. 18
4) വിശ്വാസവും ദൈവവചനവും – വാ. 18
5) വിശ്വാസവും പ്രത്യേക തടസ്സങ്ങളും – വാ. 19
6) വിശ്വാസവും വിജയ പ്രതീക്ഷയും – വാ. 19-21
7) വിശ്വാസവും ദിവ്യ പ്രതിഫലവും – വാ. 22
8) വിശ്വാസവും നിശ്ചിത മാതൃകയും – വാ. 22-25
17 : വിശ്വാസികൾക്ക് മൂന്ന് വിധത്തിലുള്ള പിതൃത്വം ഉണ്ടെന്ന് പറയാം.
1) അബ്രഹാമിന്റെ വിശ്വാസഭവനക്കാരുടെ പിതാവാണ് അബ്രഹാം.
2) അവരെ കർത്താവിന്റെ അടുക്കലേക്ക് നടത്തുവാൻ ഉപകരണമായ സുവിശേഷകന്റെ ‘ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്’ (1 കോരി :4:15)
3) ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ വചനം മൂലം നമ്മെ ജനിപ്പിച്ചത് അവനാണ്.
ഞാൻ നിന്നെ ബഹുജാതികൾക്ക് പിതാവാക്കി വച്ചു. ഉല്പത്തി : 17:5 നോക്കുക. ആദ്യം അവന്റെ പേര് ‘പിതാവ്’ എന്നർത്ഥമുള്ള ‘അബ്രാം’ എന്നതായിരുന്നു. പിന്നീട് ‘ബഹുജാതികളുടെ പിതാവ്’ എന്നർത്ഥമുള്ള ‘അബ്രഹാം’ എന്നായി ആക്കി വച്ചു. നിയമിച്ചു എന്നർത്ഥം. ദൈവത്തെ കുറിച്ച് അബ്രഹാമിന് രണ്ട് വിധ അറിവുണ്ടായിരുന്നു.
1) മരിച്ചവരെ ജീവിപ്പിക്കുന്നവൻ ഇത് ദൈവത്തിന്റെ പൊതുവായ ഗുണലക്ഷണമാണ്. എന്നാൽ ഈ പ്രയോഗം വാ. 19-21 ൽ പറഞ്ഞിരിക്കുന്ന അബ്രഹാമിന്റെ പ്രത്യേക സാഹചര്യത്തിലാണ് പറഞ്ഞിരിക്കുന്നത്.