മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (140)
പാ. വീയപുരം ജോർജ്കുട്ടി
38
നരകത്തിൽ ചെന്ന് ചേരുന്നവരുടെ ക്രമങ്ങൾ
- ആദ്യമായി നരകത്തിൽ ചെന്ന് ചേരുന്നത് എതിർക്രിസ്തുവും (അന്തിക്രിസ്തു) കള്ളപ്രവാചകനുമാണ്. മഹാപീഡനത്തിന്റെ അവസാനത്തിൽ അല്ലെങ്കിൽ എതിർക്രിസ്തുവിന്റെ ഏഴ് വർഷത്തെ വാഴ്ചയുടെ ഒടുവിലാണ് ഇത് സംഭവിക്കുന്നത്.
വെളി. 19:19,20 – “മൃഗത്തെയും (എതിർക്രിസ്തു) അതിന്റെ മുൻപാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കുകയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇതുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു” - രണ്ടാമതായി അന്തിക്രിസ്തുവിന്റെ കൊടിയ പീഡയിൽ നിലനിൽക്കുവാൻ സാധിക്കാതെ ദൈവത്തിന്റെ സ്വന്ത ജനമായ യഹൂദർ ചുറ്റുമുള്ള രാജ്യങ്ങളിലേക്ക് സഹായത്തിനായി ഇറങ്ങിപോകും. ഈ അവസരം ചിലർ അവരെ സംരക്ഷിക്കുകയും ചിലർ സഹായിക്കാതെയുമിരിക്കും. എതിർക്രിസ്തുവിന്റെ ഭരണത്തിന് ശേഷം യേശുക്രിസ്തു മഹത്വത്തിൽ പ്രത്യക്ഷനാകുകയും, തുടർന്ന് തേജസ്സിന്റെ സിംഹാസനത്തിൽ ഇരുന്ന് യിസ്രായേലിന് ചുറ്റുമുള്ള ജാതികളെ ന്യായം വിധിക്കുകയും ചെയ്യും. യഹൂദനെ സഹായിച്ചവരെ വലത്തും സഹായിക്കാത്തവരെ ഇടത്തും നിർത്തും. വലത്തുള്ളവരോട് : “എന്റെ പിതാവിനാൽ അനുഗ്രഹിക്കപെട്ടവരെ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കികൊൾവീൻ” എന്നും ഇടത്തുള്ളവരോട് : “ശപിക്കപെട്ടവരെ, എന്നെ വിട്ട് പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവീൻ” എന്നും അവിടുന്ന് അരുളിച്ചെയ്യും. ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും (മത്തായി :25:31-46, യോവേൽ :3:1-4, 11,12, യെശ :21:13-15)
- മൂന്നാമതായി ഇവിടെ പോകുന്നത് പിശാചും സാത്താനും ആയ പഴയ പാമ്പായ മഹാസർപ്പമാണ്. കർത്താവിന്റെ ഭൂമിയിലെ ആയിരം ആണ്ടു വാഴ്ചയിൽ, അഗാധത്തിൽ തള്ളിയിട്ട് ചങ്ങലയിൽ ബന്ധനസ്ഥൻ ആക്കുമെങ്കിലും അത് കഴിഞ്ഞു അവനെ അല്പനാളേക്ക് അഴിച്ചുവിടുകയും ചെയ്യും. ഈ അവസരം സാത്താൻ ഭൂമിയുടെ നാല് ദിക്കിലുമുള്ള ജാതികളെ യുദ്ധത്തിനായി വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയ നഗരത്തെയും വളയുകയും ചെയ്യുമ്പോൾ ആകാശത്തു നിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചു കളയും. തുടർന്ന് സാത്താനെ നിത്യമായി ഗന്ധകതീപ്പൊയ്കയിലേക്ക് തള്ളിയിടുകയും ചെയ്യും. (വെളി:20:1-10)
- നാലാമതായി, സാത്താന്റെ വഞ്ചനയിൽ അകപ്പെട്ട് പോയവരെയും നിത്യനരകത്തിലേക്ക് ഈ അവസരം തള്ളിക്കളയും. മത്തായി : 13:49,50 – “അങ്ങനെ തന്നെ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ട് നീതിമാന്മാരുടെ ഇടയിൽ നിന്ന് ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും”
- അഞ്ചാമതായി, വെള്ളസിംഹാസനത്തിലെ വിധി (അന്ത്യന്യായവിധി) കഴിഞ്ഞു ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത എല്ലാവരെയും തീപ്പൊയ്കയിൽ തള്ളിയിടും (വെളി :20:15, 21:8)
- ഒടുവിലായി, പാതാളത്തിൽ കിടക്കുന്ന എല്ലാ കൂട്ടരെയും ഈ തീപ്പൊയ്കയിലേക്ക് തള്ളിയിടും (വെളി :20:14, 2 പത്രോസ് :2:4, യൂദാ :6)
Post Views: 1,176