മങ്ങാത്ത ഓർമ്മകളും, വിങ്ങുന്ന ഹൃദയവും സമ്മാനിച്ച് അനേക ഭക്തന്മാർ നമ്മെ പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ ചേർന്ന ഒരു സംവത്സരം !!!
2021 വിട ചൊല്ലുമ്പോഴും, ക്രിസ്തീയ പ്രത്യാശയോടെ ഭക്തൻ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നു.
കഴിഞ്ഞ വർഷം ദൈവജനത്തെ നയിക്കുവാൻ അനേകർ നിയോഗിക്കപ്പെട്ടു, അഭിനന്ദനാർഹമായ നേട്ടങ്ങൾ കൈവരിച്ചു, ഈ ദുഷ്കാലത്തിലും ദൈവജനം വെല്ലുവിളികൾ അതിജീവിച്ചു, കോവിഡ്, പ്രളയ ദിനങ്ങൾ സമ്മാനിച്ച ദുരിതങ്ങളിൽ ആർദ്രതയോടെ സമൂഹത്തെ കൈകൊള്ളുവാൻ പെന്തെക്കോസ്ത് സമൂഹത്തെ ദൈവം ഉപയോഗിച്ചു ….
ഒളിമങ്ങാതെ നിൽക്കുന്ന സന്തോഷ, ദുഃഖ സമ്മിശ്രമായ 2021 ലെ ചില നിമിഷങ്ങൾ, ‘സഭാവാർത്തകൾ.കോം‘ ന്റെ താളുകളിൽ നിന്നും ഓർത്തെടുത്തപ്പോൾ …
വിട്ട് പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ …
നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി
അബുദാബി : നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ കെ. പി. കോശി (73) അബുദാബിയിൽ വച്ച് നിത്യതയിൽ 2020, ജനുവരി 8 ന് ചേർക്കപ്പെട്ടു. NECK സെക്രെട്ടറിയായി രണ്ട് പതിറ്റാണ്ട് സേവനമനിഷ്ഠിച്ചു. ഗൾഫ് ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, ഗൾഫ് ചർച്ച് ഫെലോഷിപ്പ് കുവൈറ്റ് പ്രതിനിധി, KTMCC പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി
മണക്കാല : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ അദ്ധ്യക്ഷനും, ഫെയ്ത് തിയോളോജിക്കൽ സെമിനാരി സ്ഥാപകനുമായ തെക്കനാൽ തടത്തിൽ ജോർജ് കോശിയെന്ന പാ. ഡോ. ടി. ജി. കോശി (89) ഫെബ്രു. 13 ന് ബയൂലദേശത്ത് പ്രവേശിച്ചു. 1998 – 2015 ജനുവരി വരെ ശാരോൻ പ്രസ്ഥാനത്തിന്റെ ജനറൽ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1988 – ’98 വരെ ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അടൂർ മണക്കാലയിൽ 1970 ൽ ഫെയ്ത് ചാപ്പൽ & ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വേദപഠന സ്ഥാപനം ആരംഭിച്ചു. സംസ്കാര ശുശ്രുഷകൾ ഫെബ്രു. 27 ന് നടത്തപ്പെട്ടു.
ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി പാ. വി. സി. യോഹന്നാൻ
തിരുവല്ല : ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി പാ. വി. സി. യോഹന്നാൻ (66) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 8 ന് തിടനാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ നടത്തപ്പെട്ടു.
ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിന്റ് പാ. ജോൺസൺ പി. ടൈറ്റസ്
റാന്നി : വിശാഖപട്ടണം തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡ്ന്റുമായിരുന്ന പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ
ചേർക്കപ്പെട്ടു. ഭാര്യ : ഹെലൻ; മക്കൾ: ലിയ, ജോസലീന, ജെറിക്ക, ജെറൂഷ
വേല തികച്ച് പാ. എം. പൗലോസ് അക്കരനാട്ടിൽ
രാമേശ്വരം : ബോഡി ഓഫ് ക്രൈസ്റ്റ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപക പ്രസിഡന്റും, പ്രസിദ്ധ സുവിശേഷകനുമായ പാ. മോസസ് പൗലോസ് എന്ന പാ. എം. പൗലോസ് മെയ് 26 ന് അക്കരനാട്ടിൽ പ്രവേശിച്ചു. രാമേശ്വരം കേന്ദ്രമായി സുവിശേഷ പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന പാ. പൗലോസ്, ഏകദേശം 5000 സുവിശേഷകരെ വാർത്തെടുക്കുകയും, 185 ലധികം സഭകൾ സ്ഥാപിക്കുകയും ചെയ്തു. ‘His Final Words: A Discipleship Manual’ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവാണ് പാ. പൗലോസ്.
ഫാദർ സ്റ്റാൻ സ്വാമി
ബാന്ദ്ര : മനുഷ്യാവകാശ പ്രവർത്തകൻ, സ്റ്റാൻ ലൂർദ്സ്വാമി എന്ന ഫാദർ സ്റ്റാൻ സ്വാമി (84) മുംബൈ ഹോളി ഫാമിലി ആശുപത്രിയിൽ ജൂലൈ 5 ന് അന്തരിച്ചു. റോമൻ കത്തോലിക്കാ പുരോഹിതനായ അദ്ദേഹം അനേകം ദശകങ്ങളായി ആദിവാസികൾക്കിടയിൽ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു. എന്നാൽ തീവ്രവാദം ആരോപിച്ച് ഇന്ത്യയിൽ അറസ്റ്റിൽ ആയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് സ്റ്റാൻ സ്വാമി.
പാസ്റ്റർ ഡോ. ഡേവിഡ് യോങ്ങിച്ചോ
പാസ്റ്റർ ഡോ. ഡേവിഡ് യോംഗി ചോ (86) സെപ്റ്റംബർ 14 ന് നിത്യതയിൽ ചേർക്കപ്പെട്ടു. മസ്തിഷ്ക ആഘാതത്തെ തുടർന്ന് 2021 ജൂലൈ 16 മുതൽ പാ. യോങ്ങിച്ചോ ചികിത്സയിലായിരുന്നു. ഏകദേശം 8,30,000 അംഗങ്ങളുള്ള യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് സ്ഥാപകനും സീനിയർ ശുശ്രുഷകനുമായിരുന്നു പാ. ഡേവിഡ് യോംഗീ ചോ. 1958 ൽ താൻ ആരംഭിച്ച സഭ, പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായി വളരുകയായിരുന്നു. ഒസാരി ജെസിൽ ചോയി ഫാസ്റ്റിംഗ് പ്രയർ മൗണ്ടനിൽ സെപ്റ്റംബർ 18 ന് പാസ്റ്റർ ഡോ. ഡേവിഡ് യോങ്ങിച്ചോയുടെ സംസ്കാരം നടത്തപ്പെട്ടു.
മുതിർന്ന പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകൻ ജോർജ് മാത്യു CPA
ഡാളസ് : മുതിർന്ന പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകൻ ജോർജ് മാത്യു CPA (71) നിത്യതയിൽ ചേർക്കപ്പെട്ടു. കല്ലട മത്തായി ഉപദേശിയുടെ മകനായ ജോർജ്, ‘ഉപദേശിയുടെ മകൻ’ എന്ന പേരിലാണ് മാധ്യമ, ജീവകാരുണ്യ പ്രവർത്തനത്തിൽ അറിയപ്പെട്ടിരുന്നത്. ‘ഉപദേശിയുടെ മകൻ’ എന്ന സിനിമ തന്റെ തൂലികയിൽ നിന്ന് പിറന്ന ആത്മകഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു. ഐപിസി ഗ്ലോബൽ മീഡിയ അസ്സോസിയേഷൻ മാധ്യമ പുരസ്‌കാരം, ഓക്ലൊഹോമ സ്റ്റേറ്റ് ഔട്‍സ്റ്റാന്ഡിങ് പബ്ലിക് സർവീസ് അവാർഡ് തുടങ്ങി അനേകം പുരസ്‌കാരങ്ങൾ തന്നെ തേടിയെത്തി.
ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ്
പായിപ്പാട് : ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ് (82) ഒക്ടോബർ 5 ന് അക്കരനാട്ടിൽ പ്രവേശിച്ചു. 1973 മുതൽ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ നേതൃത്വം വഹിച്ചു. കേരള പെന്തെക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയായി സേവനമനിഷ്ഠിച്ചിട്ടുണ്ട്.
ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ. ഡോ. പി. എസ്. ഫിലിപ്പ്
കൊട്ടാരക്കര : അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ. ഡോ. പി. എസ്. ഫിലിപ്പ് (76) ഡിസം. 11 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പാലയ്ക്കത്തറയിൽ സാമുവേൽ ഫിലിപ്പ് എന്ന പാസ്റ്റർ. ഡോ. പി. എസ്. ഫിലിപ്പ്, SIAG മുൻ ജനറൽ സെക്രട്ടറിയും, ബെഥേൽ ബൈബിൾ കോളേജിന്റെ മുൻ പ്രിൻസിപ്പളുമായി സേവനമനിഷ്ഠിച്ചിട്ടുണ്ട്. 1968 മുതൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അദ്ധ്യാപകനായും, 1985 – 2010 വരെ പുനലൂർ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പളായും സേവനമനിഷ്ഠിച്ചു. AIAG എക്സിക്യൂട്ടീവ് കമ്മറ്റി അംഗം (2015-17), 1991 മുതൽ പന്ത്രണ്ട് വർഷം SIAG ജനറൽ സെക്രട്ടറി, 1996 മുതൽ AG മലയാളം ഡിസ്ട്രിക്റ്റിന്റെ സൂപ്രണ്ടായും, അസിസ്റ്റന്റ് സൂപ്രണ്ടായും ചുമതല വഹിച്ചു.
നിയോഗം ….
പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം
തിരുവനന്തപുരം : PMG സഭയുടെ യുവജന വിഭാഗമായ PMG യൂത്ത്‌സിന്റെ പ്രസിഡന്റായി പാ. ദാനിയേൽ യോഹന്നാൻ തിരഞ്ഞെടുക്കപ്പെട്ടു. സാമുവേൽ ജി. തോമസ് (സെക്രട്ടറി), ജിബിൻ മാത്യു (ട്രഷറർ) എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളായി സിബി അച്ചൻകുഞ്ഞ്, പാ. എസ്. കെ. പ്രസാദ്, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C.) കേരള സംസ്ഥാന ഘടകം രൂപീകരിച്ചു
ചങ്ങനാശ്ശേരി : ലോകമെമ്പാടുമുള്ള മലയാളി പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെക്കോസ്തൽ യൂത്ത് കൗൺസിലിൻ്റെ പ്രഥമ സംസ്ഥാന ഘടകം കേരളത്തിൽ രൂപീകരിച്ചു.
പത്തനാപുരം ഏ.ജി. ഗോസ്പൽ സെൻ്റർ സഭാംഗമായ ജിനു വർഗ്ഗീസ് പ്രസിഡൻ്റായും ചങ്ങനാശ്ശേരി IPC പ്രയർ ടവർ സഭ പാസ്റ്റർ ജെറി പൂവക്കാല സെക്രട്ടറിയായും ചർച്ച് ഓഫ് ഗോഡ് സഭാംഗമായ പാ. ഫിന്നി ജോസഫ് ട്രഷറാറായും നിയമിക്കപ്പെട്ടു. സിസ്റ്റർ ജിൻസി സാം, പാ. ബ്ലസ്സൻ ജോർജ്ജ്, പാ. ചെറിയാൻ വർഗീസ് എന്നിവർ വൈസ് പ്രസിഡൻ്റുമാരായും പാ. ബിജേഷ് തോമസ്, സിസ്റ്റർ ഫേബ മനോജ്, പ്രിജോ ഏബ്രഹാം കാച്ചാണത്ത് എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. ബ്ലസ്സൻ മല്ലപ്പളളിയാണ് പ്രോഗ്രാം കോർഡിനേറ്റർ.
പാസ്റ്റർ സജിമോൻ ബേബി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെന്റിന്റെ പ്രഥമ ഡയറക്ടറായി നിയമിതനായി
തിരുവനന്തപുരം : ദുരിതബാധിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും അടിയന്തര സഹായമെത്തിക്കുവാനായി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിൽ ചാരിറ്റി ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചു. പ്രഥമ ഡയറക്ടറായി കൊട്ടാരക്കര പനവേലി ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനും ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻ ഡയറക്ടറുമായ പാ. സജിമോൻ ബേബിയെ എക്സിക്യൂട്ടീവ് കമ്മറ്റി നിയമിച്ചു. അദ്ദേഹത്തോടൊപ്പം വിവിധ ഡിസ്ട്രിക്ട് കൗൺസിലുകളിൽ നിന്നും പാസ്റ്റർമാരായ സിജു സ്കറിയ (മലബാർ), ഡേവിഡ് ബെഞ്ചമിൻ (സതേൺ), ആൻ്റണി രാജൻ (തമിഴ്), ആർ. സോളമൻ (സെൻട്രൽ), യൂനുസ് സാമുവൽ (ആന്ധ്രപ്രദേശ്), ജീവൻ ധാലെ (മഹാരാഷ്ട്ര), എൻ.ബി. ജോഷി (വെസ്റ്റേൺ) എന്നിവരും കമ്മറ്റിയിലേക്ക് നിയമിക്കപ്പെട്ടു.
പാസ്റ്റർ സി. സി. തോമസ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാൻ
ചെന്നൈ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാനായി പാസ്റ്റർ സി. സി. തോമസ് തെരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ പാസ്റ്റർ സി. സി. തോമസ് കേരളാ സ്റ്റേറ്റ് ഓവർസിയറായി സേവനമനുഷ്ഠിക്കുന്നു. തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. ജ്ഞാനദാസ് സെക്രട്ടറിയായും, റവ. എബനേസർ സെൽവരാജ് റിക്കാർഡിംഗ് സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (ഇന്റർനാഷണൽ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്)
തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഇന്റർനാഷണൽ പ്രസിഡന്റായി പാ. ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 23 ന് തിരുവല്ല ‘ശാരോൻ’ ൽ നടന്ന പൊതുയോഗത്തിലാണ് 2022 – ’23 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരെഞ്ഞെടുത്ത്. പാ. എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ്, പാ. ടി. ഐ. എബ്രഹാം (വൈസ് പ്രസിഡന്റ്), പാ. ജോൺസൺ കെ. സാമൂവൽ (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാ. ജേക്കബ് ജോർജ് (മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി), പാ. ജോൺ വി. ജേക്കബ്, പാ. തോമസ് യോഹന്നാൻ (മാനേജിങ് കൗൺസിൽ സെക്രട്ടറി), പാ. ജോസ് ജോസഫ്, പാ. വി. ജെ. തോമസ് (മിനിസ്റ്റേഴ്‌സ് കൗൺസിൽ സെക്രട്ടറി), ജേക്കബ് വർഗ്ഗീസ് (ട്രഷറർ), ഷിജു ജോർജ് (മാനേജിങ് കൗൺസിൽ ജോയിന്റ് സെക്രട്ടറി), പൊടിക്കുഞ്ഞ് ടി. ഓ. (ഓഫീസ് സെക്രട്ടറി), എബ്രഹാം ഉമ്മൻ, എബ്രഹാം വർഗ്ഗീസ് (ലീഗൽ അഫേർസ്) എന്നിവരെ കൂടാതെ കൗൺസിൽ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.
അഭിനന്ദനം …
ലോക്ക് ഡൗണിൽ സമ്മാനങ്ങൾ വാരികൂട്ടി സുവിശേഷകന്റെ മകൾ ജെറൂസ ഷിബു
ആലപ്പുഴ : ലോക് ഡൗണിൽ സമ്മാനങ്ങൾ വാരി കൂട്ടി ജെറൂസ ഷിബു. ചേപ്പാട് കണ്ണങ്കര ബിജു ഭവനിൽ സുവിശേഷകൻ ഷിബു ബി ഐസക് / സോണി ദമ്പതികളുടെ മകളാണു ജെറൂസ. തൃശ്ശൂർ ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ മത്സരങ്ങളിൽ നാല് ഫസ്റ്റും (പ്രസംഗം, കഥാരചന, കഥ കദനം, ചിത്രരചന), രണ്ട് സെക്കൻഡും (കവിതാരചന, മോണോആക്ട്) കരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി മുന്നിലെത്തിയത്. ചേലക്കര ജി എൽ പി എസ് രണ്ടാം ക്ലാസിലെ വിദ്യാർഥിനിയാണ്.
M.Tech ൽ ഒന്നാം റാങ്ക് നേടി ജെറിൻ തെക്കെതിൽ
പത്തനംതിട്ട : ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക്ക് പ്രൊഡക്ട് ഡിസയിൻ & മാനുഫാക്ച്ചറിങ്ങിൽ ജെറിൻ രാജു ജോൺ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി. ഐപിസി കടമ്മനിട്ട സഭാ അംഗമാണ് ജെറിൻ.
പ്രൊഫ. റെയ്ച്ചൽ ഡാനിയെലിന് AGWMMA പുരസ്കാരം
തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ സമഗ്ര സംഭാവനക്കുള്ള സാഹിത്യ പുരസ്കാരത്തിന് പ്രൊഫ. റെയ്ച്ചൽ ഡാനിയേൽ അർഹയായി. സൗത്തിന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് റവ. ഡോ. വി. ടി. എബ്രഹാം പുരസ്കാരം സമ്മാനിച്ചു. 1960 മുതൽ ക്രൈസ്തവ സാഹിത്യരംഗത്ത് സജീവമായിരുന്ന എഴുത്തുകാരിയായ പ്രൊഫ. റെയ്ച്ചൽ ഡാനിയൽ, പ്രസിദ്ധമായ ഫുൾലൈഫ് സ്റ്റഡി ബൈബിളിന്റെ മലയാള പരിഭാഷയിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടായി വനിതകൾക്കുവേണ്ടി പ്രസിദ്ധികരിക്കുന്ന ‘ശുശ്രൂഷക്കാരത്തിയായ ഫേബ’ എന്ന മാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു വരുന്നു. എഴുത്തുകാർക്കായി അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാസിക ഏർപ്പെടുത്തിയ അവാർഡും ലഭിച്ചിട്ടുണ്ട്.
പാസ്റ്റർ കെ. സി. തോമസ്, കോവിഡ് കാലത്ത് എഴുതിയ 25 ഗ്രന്ഥങ്ങൾ ഡിസം. 18 ന് പ്രകാശനം ചെയ്തു
തിരുവല്ല : പാ. കെ. സി. തോമസ് (തിരുവനന്തപുരം) കോവിഡ് കാലത്ത് എഴുതിയ 25 ഗ്രന്ഥങ്ങൾ ഡിസം. 18 ന് പ്രകാശനം ചെയ്തു. പവർവിഷൻ ചെയർമാൻ പാ. ഡോ. കെ. സി. ജോണും, ബഹു. കേരള സ്റ്റേറ്റ് സാംസ്‌കാരിക മന്ത്രി ശ്രീ. സജി ചെറിയാനും ചേർന്ന് പുസ്തക പ്രകാശനം നിർവഹിച്ചു.
വെല്ലുവിളികൾ …
മുള്ളറംകോട് സംഭവം : തടസ്സം കൂടാതെ സഭായോഗം നടത്തുന്നതിനുള്ള സംരക്ഷണം ഉറപ്പാക്കി ഐപിസി കേരള സ്റ്റേറ്റ്
കുമ്പനാട് : ഐപിസി മുള്ളറംകോടിൽ, സുവിശേഷ വിരോധികൾ സഭായോഗം തടഞ്ഞ സംഭവത്തിൽ ആവശ്യമായ ഇടപെടൽ നടത്തി ഐപിസി കേരള സ്റ്റേറ്റ്. സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ സംസ്ഥാന ആഭ്യന്തര വകുപ്പുമായി ബന്ധപെടുകയും പോലീസ് അധികാരികളുമായി സംസാരിക്കുകയും വേണ്ട സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്തു. സഭായോഗം തടസം കൂടാതെ നടത്തുന്നതിനുള്ള സംരക്ഷണവും പോലീസിൻ്റെ ഭാഗത്ത് നിന്നും ഉറപ്പാക്കി.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലുള്ള നിലവിലെ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി
കൊച്ചി : ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാന സർക്കാരിന്റെ 2015 ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. നിലവിലെ ജനസംഖ്യാനുപാതമനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് കോടതി അറിയിച്ചു. ക്രിസ്ത്യൻ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്ക അവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ. ബി. കോശി സമിതിയുടെ ടെർമസ് ഓഫ് റഫറൻസ് സർക്കാർ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതും പരിഗണയിലെടുത്താണ് കോടതി നടപടി.
ആർദ്രതയോടെ …
കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് ആരാധനാലയം JNAG, പാറശ്ശാല കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുത്തു
തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ പാറശ്ശാല ചെറുവാരക്കോണം യഹോവ നിസ്സി അസ്സംബ്ലീസ് ഓഫ് ഗോഡ് ആരാധനാലയം കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുത്തു. ചികിത്സ നടത്തുവാൻ, 300 ൽ അധികം ബെഡ് ഒരുക്കി സീനിയർ ശുശ്രുഷകൻ പാ. എൻ. പീറ്റർ നേതൃത്വം നൽകി.
PPE കിറ്റ് ധരിച്ച് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസീയർ സംസ്കാരം നടത്തി
പാക്കിൽ : കോവിഡ് ബാധിച്ചു മരിച്ച ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സെൻ്റർ ശുശ്രൂഷകൻ പാ. വി. ജോർജിൻ്റെ ഭൗതീക ശരീരം തിരുവഞ്ചൂർ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെട്ടു. റീജിയൺ ഓവർസീ്യർ പാ. എൻ. പി. കൊച്ചുമോൻ PPE കിറ്റ് ധരിച്ച് കൊണ്ട് നടത്തിയ ശുശ്രൂഷയിൽ വൈ പി ഇ പ്രസിഡൻ്റ് പാ. ജെബൂ കുറ്റപ്പുഴ, ട്രഷറർ ബെൻസൺ ബെഞ്ചമിൻ, ബിക്കു ജോൺസൺ, ഗ്ലാഡ്സൺ തോമസ്, ജോർജ് ജോസഫ്, കെവിൻ കുമരകം എന്നിവർ നേതൃത്വം നൽകി.
കോവിഡ് 19 ദുരിത മേഖലകളിൽ ഭക്ഷ്യ സഹായ എത്തിച്ച് പത്തനംതിട്ട സെന്റർ PYPA
പത്തനംതിട്ട : ലോക്ക് ഡൗണിലും ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് യുവജന സംഘടനയായ പി വൈ പി എ യും, കെയർ & ഷെയർ ടീമും ചേർന്ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ച ഭക്ഷണ പൊതികളും, ഭക്ഷണകിറ്റുകളും വിതരണം ചെയ്തു. ആതുരാലയങ്ങൾ, കോവിഡ് സന്നദ്ധസേവ പ്രവർത്തകർ, കോവിഡ് മേഖലകളിൽ നിന്നും പുറത്ത് പോകുവാൻ കഴിയാത്ത ഭവനങ്ങളിലുള്ള ജനങ്ങൾ, ഇങ്ങനെയുള്ളവർക്ക് ആഹാരസാധങ്ങൾ എത്തിച്ചു നൽകി. ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് സെക്രട്ടറി പാ. സാം പനച്ചയിൽ, PYPA ഡിസ്ട്രിക്ട് പ്രസിഡന്റ് പാ. ബിനു കൊന്നപ്പാറ, സെക്രട്ടറി ജിന്നി കാനാത്തറയിൽ, പാ. പി. പി. മാത്യു, പാ. ഷൈനു എം. ജോൺ, സാബു സി. എബ്രഹാം, ഫിന്നി ഐപ്പ്, രാജു പോന്നോലിൽ എന്നിവർ നേതൃത്വം നൽകി.
കോവിഡ് 19 : മൃതദേഹം സംസ്കരിക്കാനായി PYC ‘മറുകര’ പദ്ധതി
തിരുവല്ല : കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ (PYC) നേതൃത്വത്തിൽ ‘മറുകര’ എന്ന പദ്ധതി നിലവിൽ വന്നു.
ലോക്ഡൗൺ കാലത്തും മറ്റും കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരെ സംസ്കരിക്കാനായി നിലവിൽ സമൂഹം ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പിവെെസിയുടെ പുതിയ കാൽവയ്പ്പ്.
കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ
കോന്നി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ. പി. ഇ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനാവശ്യമായ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം അഡ്വ. കെ. യു. ജനീഷ്കുമാർ എംഎൽഎ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി കോന്നി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുവാങ്ങി. ഇന്ത്യ ദൈവസഭ കോന്നി സെന്റർ മിനിസ്റ്റർ പാ. അനിയൻകുഞ്ഞ് സാമുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, കോന്നി ദൈവസഭാ സെക്രട്ടറി കെ. ഏബ്രഹാം, കോന്നി പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, കുഞ്ഞുമ്മൻ ജോർജ്, ഏബ്രഹാം ജോർജ്, ഷിനു യോഹന്നാൻ (യു കെ), മാത്യു ജോസഫ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ലിനു വർഗീസ് നന്ദി അറിയിച്ചു സംസാരിച്ചു. വൈപിഇ സെക്രട്ടറി ജെർമി റെജിയുടെ നേതൃത്വത്തിലുള്ള യുവജനപ്രവർത്തകരാണ് ഈ കർമ്മപദ്ധതികൾക്ക് സാരഥ്യം നൽകി വരുന്നത്.
മഹാമാരിയിൽ മാതൃകാപരം : ക്രൈസ്റ്റ് അംബാസിഡേഴ്സ് 1250 പേർക്ക് ഉച്ചഭഷണം നൽകി
തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിൻ്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് 1250 ലധികം പേർക്ക് ഉച്ചഭക്ഷണം നൽകി. ജൂലൈ 7 ബുധനാഴ്ച മെഡിക്കല്‍ കോളേജ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വഴിയോരങ്ങളിൽ എന്നി സ്ഥലങ്ങളിലാണ് സൗജന്യമായി ഉച്ചഭക്ഷണ വിതരണം ചെയ്തത്. ഡിസ്ട്രിക്ട് സി. എ. സെക്രട്ടറി പാ. അരുണ്‍കുമാര്‍ ആര്‍.പി., ചാരിറ്റി കണ്‍വീനര്‍ പാ. സാബു റ്റി. സാം, കമ്മിറ്റി അംഗം ജോണ്‍സന്‍ ഡബ്ല്യു. ഡി. എന്നിവര്‍ ഈ പ്രവർത്തനത്തിന് നേതൃത്വം നല്‍കി.
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ടാബുകളും ഓക്സിജിനേറ്ററുകളും വിതരണം ചെയ്തു
ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡും പുത്രിക സംഘടനകളായ YPCA യും സൺഡേസ്കൂൾ ബോർഡും ചേർന്ന് ഓൺ ലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കൂട്ടികൾക്കായി പതിനായിരം രൂപ വില വരുന്ന നൂറ്റിയറുപത് ടാബുകൾ കേരളത്തിൽ വിതരണം ചെയ്തു. ന്യൂ ഇന്ത്യ ദൈവസഭ പ്രസിഡന്റ് പാ. വി. എ. തമ്പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ക്ക് ടാബ് കൈമാറി വിതരണ ഉദ്ഘാടനം നടത്തി. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അഞ്ഞൂറോളം ടാബുകളും, കോവി ഡ് 19 പശ്ചാത്തലത്തിൽ അൻപത് ഓക്സിജിനേറ്ററുകളും വിതരണം ചെയ്തു.
പ്രളയദുരിതത്തിൽ സഹായഹസ്തവുമായി C.E.M.
കോട്ടയം : മുണ്ടക്കയം,കൂട്ടിക്കൽ തുടങ്ങിയ മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി സി. ഇ. എം. എക്സിക്യൂട്ടീവ് കമ്മിറ്റി. വിവിധ നിലകളിലുള്ള സഹായം C.E.M. ന്റെ നേതൃത്വത്തിൽ നടത്തി.
പുതിയ പ്രതീക്ഷകളും, കരുത്തുറ്റ വിശ്വാസവുമായി നമുക്ക് 2022 നെ വരവേൽക്കാം …