‘സങ്കീർത്തന ധ്യാനം’ – 22
പാ. കെ. സി. തോമസ്
“രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ അതിലാക്കും”, സങ്കീ : 12:5
ശൗൽ ദാവീദിനെ പീഡിപ്പിക്കുന്ന കാലത്ത് ദാവീദ് രചിച്ച സങ്കീർത്തനത്തിലെ ഒരു വാചകമാണിത്, വ്യാജം പറയുന്നവരുടെ ഇടയിൽ പാർക്കുന്നതിനേക്കാൾ സിംഹങ്ങളുടെ ഇടയിൽ പാർക്കുന്നത് നല്ലതെന്ന് ദാവീദിന് തോന്നിയ സന്ദർഭങ്ങൾ ഉണ്ട്. ആ സാഹചര്യത്തിൽ യഹോവേ രക്ഷിക്കേണമേ എന്ന് പറഞ്ഞ് ദാവീദ് നിലവിളിച്ചു പ്രാർത്ഥിച്ചു. അതിന് മറുപടി എന്നവണ്ണം ദൈവം പറയുന്ന വാക്കുകൾ ദാവീദ് കേട്ടു. ഇപ്പോൾ ഞാൻ എഴുന്നേൽക്കും രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാൻ രക്ഷിക്കും. പരുന്ത് കോഴികുഞ്ഞിന്റെ മീതെ വട്ടം പറക്കുന്നത് കാണുമ്പോൾ തള്ളക്കോഴി കൂവി വിളിച്ച് തന്റെ കുഞ്ഞുങ്ങളെ തന്റെ ചിറകിൻ കീഴിൽ മറച്ച് രക്ഷിക്കുന്നത് പോലെ ദൈവം തന്റെ ഭക്തരെ രക്ഷിക്കുവാൻ എഴുന്നേൽക്കും. സ്വന്തം കുഞ്ഞിന്റെ നേരെ ഒരു നായ് കുരച്ചു കൊണ്ട് അടുക്കുമ്പോൾ പെറ്റതള്ള ഓടിച്ചെന്ന് കുഞ്ഞിനെ മാർവോട് അണച്ച് പരിപാലിക്കുന്നത് പോലെ ദൈവം തന്റെ ഭക്തന്മാരെ പരിപാലിക്കും. ഒരു കുഞ്ഞിന്റെ നേരെ ഒരു ദുഷ്ടമൃഗം ചീറി വരുന്ന സമയത്ത് ആ കുഞ്ഞ് നിലവിളിക്കുമ്പോൾ അതിന്റെ പിതാവ് ഇരിക്കുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റ് ഓടി ചെന്ന് രക്ഷയാകുന്നത് ദൈവം തന്റെ ജനത്തെ രക്ഷിക്കുവാൻ എഴുന്നേൽക്കും. ദൈവഭക്തന്മാർ തീച്ചൂളയിൽ വീണപ്പോൾ ദൈവം നോക്കി നിന്നില്ല. എഴുന്നേറ്റ് തീചൂളയുടെ നടുവിലേക്ക് ഇറങ്ങിച്ചെന്ന് രക്ഷിച്ചു. ദാനിയേലിനെ സിംഹത്തിന്റെ ഗുഹയിൽ ഇട്ടപ്പോൾ ദൈവം രക്ഷിക്കുവാൻ തന്റെ ദൂതനെ അയയ്ച്ചു. പെരുവെള്ളത്തിൽ തന്റെ ശിഷ്യന്മാർ മുങ്ങി താഴുവാൻ തുടങ്ങുന്ന സാഹചര്യത്തിൽ കർത്താവ് അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്ന് അവരെ രക്ഷിച്ചു. കാരാഗൃഹത്തിൽ ദൈവദാസനായ പത്രോസിനെ അടച്ച് കൊല്ലുവാൻ കരുക്കൾ ഒരുങ്ങുമ്പോൾ ദൈവം മൗനമായി നിന്നില്ല. കാരാഗൃഹത്തിലേക്ക് തന്റെ ദൂതനെ അയച്ചു ബന്ധനങ്ങൾ അഴിച്ച് വാതിൽ തുറന്ന് പുറത്തിറക്കി രക്ഷിച്ചു. ഫിലിപ്പ്യയിലെ കാരാഗൃഹത്തിൽ പൗലോസും ശീലാസും കിടക്കുമ്പോൾ ദൈവം രക്ഷിക്കുവാൻ എഴുന്നേറ്റു. അദ്രിയകടലിൽ പൗലോസും 275 പേരും കടലിൽ തിരയിൽ പെട്ട് ആശ നഷ്ട്ടപ്പെട്ട് അലഞ്ഞപ്പോൾ ദൈവം രാത്രിയിൽ പൗലോസിന് പ്രത്യക്ഷപെട്ടു. ദൈവഭക്തന്മാരെ നമുക്ക് ദോഷം ചെയ്യുന്ന മനുഷ്യരുടെ ദോഷം വർദ്ധിക്കുമ്പോൾ ദൈവം എഴുന്നേൽക്കും. നീ എന്നെ രക്ഷിക്കേണമേ എന്ന് നിലവിളിക്കുന്ന ദൈവപൈതലാണെങ്കിൽ ദൈവം അടങ്ങിയിരിക്കുകയില്ല. നീതിമാന്മാർ നിലവിളിച്ചു യഹോവ കേട്ട് സകല കഷ്ടങ്ങളിൽ നിന്നും അവരെ രക്ഷിച്ചു. എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേൽക്കുമെന്നാണ് ദൈവം പറഞ്ഞത്. എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു. അവരുടെ നിലവിളി ഞാൻ കേട്ടു കേട്ടുയെന്ന് അരുളിചെയ്തവൻ രക്ഷിക്കുവാൻ ഹോരേബിലേക്ക് ഇറങ്ങിച്ചെന്ന ദൈവമാണ്. തന്റെ ജനത്തിന്റെ ദീർഘശ്വാസവും നെടുവീർപ്പും ദൈവം കേൾക്കുന്നു. അവരുടെ കണ്ണുനീർ ദൈവം തന്റെ തുരുത്തിയിൽ ആക്കി വയ്ക്കുന്നു. കണ്ണുനീർ തൂകുമ്പോൾ അവന്റെ മനസ്സലിയും. ഹൃദയം നുറുങ്ങുമ്പോൾ അവൻ രക്ഷിക്കും. അവൻ ഒരുനാളും കൈവിടുകയില്ല. ഒരുനാളും ഉപേക്ഷിക്കുകയുമില്ല. ഈ വക്രതയും കോട്ടവും നിറഞ്ഞ തലമുറയിൽ വലഞ്ഞ് പോകുവാനോ നശിച്ചു പോകുവാനോ ദൈവം സമ്മതിക്കുകയില്ല. ഈ തലമുറയിൽ നിന്നും ദൈവം തന്റെ ഭക്തന്മാരെ സൂകഹിക്കും.ഒരു ദിവസമല്ല എന്നും സൂക്ഷിക്കും. യഹോവ ഒരു ദോഷവും തട്ടാതെ പരിപാലിക്കും. ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ നമുക് ധൈര്യപ്പെടാം.