‘സങ്കീർത്തന ധ്യാനം’ – 34
പാ. കെ. സി. തോമസ്
“ബലമായ യഹോവേ ഞാൻ സ്നേഹിക്കുന്നു”, സങ്കീ : 18:1
ദൈവത്തെ അനുഭവത്തിലൂടെ വളരെ അധികം രുചിച്ചറിഞ്ഞ ഒരു ദൈവമനുഷ്യനായിരുന്നു ദാവീദ്. ആത്മീയ ജീവിതം കേട്ട് കേൾവികളുടെ ജീവിതമല്ല; അനുഭവത്തിന്റെ ജീവിതമാണ്. ദാവീദിനെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച കാലത്ത് രചിച്ച സങ്കീർത്തനത്തിലെ വാക്കുകളാണ്. തനിക്ക് ലഭിച്ച വിടുതലിൽ ഹൃദയം നന്ദി കൊണ്ട് നിറഞ്ഞ് എഴുതിയ വാക്കുകളായിരുന്നു. ‘എന്റെ ബലമായ യഹോവേ ഞാൻ നിന്നെ സ്നേഹിക്കുന്നു’. തന്റെ ബലം കൊണ്ടല്ല താൻ വിടുതൽ പ്രാപിച്ചതെന്നും ദൈവത്തിന്റെ ഭുജമാണ് തനിക്ക് വിടുതൽ നൽകിയതെന്നും ഉള്ള ഉത്തമബോധ്യം ദാവീദിനുണ്ടായിരുന്നു. ദാവീദിന്റെ ശത്രുക്കൾ തന്നെക്കാൾ ബലവാന്മാരായിരുന്നു. അവർ അധികാരം ഉള്ളവരും രഥങ്ങളും, കുതിരകളും, ആയുധങ്ങളും, സൈന്യങ്ങളും ഉള്ളവരായിരുന്നു. ദാവീദ് ഒരു ഇടയൻ മാത്രമായിരുന്നു. ബലമുള്ള ശത്രുവിന്റെ കയ്യിൽ നിന്നും തന്നെ പകച്ചവരുടെ പക്കൽ നിന്നും ദൈവം ദാവീദിനെ വിടുവിച്ചു. അവർ തന്നിലും ബലവാന്മാരായിരുന്നു. ദാവീദിന്റെ ദൈവം അവരെക്കാൾ ബലവാനായിരുന്നു. അവൻ സർവ്വശക്തിയുള്ള ദൈവമായ കർത്താവാണ്. യെശയ്യാവ് ദൈവത്തെക്കുറിച്ച് എഴുതി : ‘യഹോവ നിത്യ ദൈവം, ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ. അവൻ ക്ഷീണിക്കുന്നില്ല. തളർന്ന് പോകുന്നില്ല. അവൻ ക്ഷീണിച്ചിരിക്കുന്നവന് ശക്തി നൽകുന്നു. ബലമില്ലാത്തവന് ബലം വർധിപ്പിക്കുന്നു. അവന്റെ ഭുജത്തിന്റെ ബലം വലുതാണ്. അത് അനുഭവിച്ചറിഞ്ഞവൻ പറഞ്ഞു : ‘യഹോവയായ കർത്താവെ നിന്റെ മഹാശക്തി കൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. നിനക്ക് അസാദ്ധ്യമായത് ഒന്നുമില്ല. ദൈവം കരം നീട്ടിയാൽ അത് മടക്കാവുന്ന ഒരു ബലശാലിയും ഇല്ല. ബലം ദൈവത്തിലുള്ള മനുഷ്യൻ ഭാഗ്യവാനാണ്. ചില മനുഷ്യരെ തങ്ങളുടെ ബലമായി ചിന്തിക്കുന്നവരുണ്ട്. ചിലർക്ക് ലോകത്തിലെ ഉന്നതന്മാരാണ് തങ്ങളുടെ ബലം. മറ്റ് ചിലർക്ക് രഥങ്ങളും കുതിരകളുമാണ് ബലം. അവർ ഒക്കെ കുനിജ്ജ് കുനിഞ്ഞ് വീണ് പോകും. ദൈവത്തിൽ ബലം കണ്ടെത്തിയവർ നിവർന്ന് നില്കും. ഫെലിസ്ത്യ മല്ലനായ ഗോല്യാത്ത് തന്റെ ബലത്തിലും ആയുധത്തിലും സൈന്യത്തിലും ബലം കണ്ടെത്തി. യിസ്രായേൽ നിരകളെയും ദാവീദിനെയും വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നിഷ്പ്രയാസം ദാവീദിനെ കൊന്നു കളയാമെന്ന് അവർ ചിന്തിച്ചു. എന്നാൽ ദാവീദ് ദൈവത്തിൽ ബലം കണ്ടെത്തിയവനായിരുന്നു.
ഒരിക്കൽ ഒരു സിംഹവും, മറ്റൊരിക്കൽ ഒരു കരടിയും തന്റെ നേരെ ചാടി വീണെങ്കിലും കയ്യിൽ ആയുധം ഒന്നും ഇല്ലാതിരിക്കെ ദൈവം നൽകിയ ബലം കൊണ്ട് അതിനെ കൊല്ലാൻ കഴിഞ്ഞവനായിരുന്നു ദാവീദ്. ദൈവം തനിക്ക് ബലമായുള്ളതിനാൽ ഫെലിസ്ത്യ മല്ലനും അവരിൽ ഒന്നിനെ പോലെ ആകുമെന്ന ഉറപ്പ് തനിക്കുണ്ടായിരുന്നു. യിസ്രായേൽ നിരകളുടെ ദൈവമായ യഹോവയുടെ നാമത്തിൽ അവന്റെ നേരെ ദാവീദ് ചെന്നു. ബാലവാനെന്ന് ചിന്തിച്ചവൻ നിലംപരിശയായി. ജീവനുള്ള സർവ്വശക്തനായ ദൈവത്തിന്റെ ബലത്തിന്റെ മുമ്പിൽ ഏത് ബലവാനും ബലഹീനനാണ്. മന്ത്രവാദിയായാലും, ആഭിചാരകനായാലും, ദുഷ്ടപിശാച് ആയാലും ദൈവത്തിന്റെ മുൻപിൽ ബലഹീനരാണ്. നമ്മുടെ ദൈവത്തെ പോലെ ബലമുള്ള ഒരു ദൈവവുമില്ല. ഒരു ദേവനുമില്ല. അവൻ ആർക്കും വഴിമാറി കൊടുക്കാത്ത യഹൂദ ഗോത്രത്തിലെ സിംഹമാണ്. നാം എത്ര ബലഹീനരാണെങ്കിലും ബലമുള്ള ഒരുവൻ നമ്മോട് കൂടെ ഉള്ളതിനാൽ നാം ബലവാന്മാരാണ്. ദാവീദിന് ഈ ദൈവം ശൈലവും, കോട്ടയും, രക്ഷകനും, ശരണമാകുന്ന പാറയും, പരിചയും രക്ഷയായ കൊമ്പും ഗോപുരവുമായിരുന്നു. അത് കൊണ്ട് തനിക്ക് ജയം ലഭിച്ചു. കോരഹ് പുത്രന്മാരും ദൈവത്തിന്റെ ബലത്തെക്കുറിച്ച് എഴുതി. ‘തങ്ങളുടെ വാള് കൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയത്. സ്വന്തം ഭുജം കൊണ്ടല്ല ജയം നേടിയത്. ദൈവത്തിന്റെ വലംകൈയ്യും ഭുജവും ദൈവത്തിന്റെ മുഖപ്രസാദവും കൊണ്ടത്രേ അവർ ജയം പ്രാപിച്ചത്. ദൈവത്തെ ബലമായി കണ്ട് ആസാ രാജാവിനെതിരെ രഥങ്ങളും കുതിരകളുമായി പത്ത് ലക്ഷം സൈന്യങ്ങൾ യുദ്ധത്തിന് അണി നിരന്നപ്പോൾ ആസാ പ്രാർത്ഥിച്ചു. ‘യഹോവേ ബലവാനും ബലഹീനനും തമ്മിൽ കാര്യമുണ്ടായാൽ സഹായിക്കുവാൻ നീയല്ലാതെ ആരുമില്ല.’ ക്രൂരനായ സേരഹ് ആസായുടെ മുൻപിൽ നിന്നും തോറ്റ് ഓടി. ബലവാനായ ഒരു ദൈവം നമ്മോട് കൂടെയുള്ളതിനാൽ നമ്മുടെ നേരെ ഒരു വഴിയായി വരുന്ന ശത്രു ഏഴ് വഴിയായി തോറ്റ് ഓടും. ഈ ദൈവം നമ്മുടെ ബലം ആകയാൽ നമുക്കും അവനെ സ്നേഹിക്കാം.