‘സങ്കീർത്തന ധ്യാനം’ – 40
പാ. കെ. സി. തോമസ്
എതിർക്കുന്നവർക്ക് മീതെ ഉയർത്തുന്ന ദൈവം, സങ്കീ : 18:48
സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുതൽ ലഭിച്ച ദാവീദിന്റെ വാക്കുകളാണ് നമ്മുടെ ചിന്താ വിഷയം. തന്നോട് എതിർത്ത് നിന്നവരെ ഒക്കെ നശിച്ചു പോകുന്നത് കാണുവാൻ ദാവീദിന് ഇടയായ സന്ദർഭങ്ങൾ വളരെയാണ്. തന്നോട് എതിർത്ത് നിന്ന ഗോല്യാത്തിന്റെ നാമത്തിന്റെ മീതെ ദാവീദിനെയും അവന്റെ നാമത്തെയും ദൈവം ഉയർത്തി. തന്നോട് എതിർത്ത് നിന്ന ശൗൽ ഗ്രഹത്തിന്റെ മീതെ ദൈവം തന്നെ രാജാവായി ഉയർത്തി. ഉയർത്തുകയിലെന്ന് ശത്രുഗണം വാദിച്ച സമയങ്ങൾ ഉണ്ട്. ഭീഷണിപ്പെടുത്തിയ സമയങ്ങൾ ഉണ്ട്. അവൻ കിടപ്പിലായി ഒരു ദുർവ്യാധി അവന് പിടിച്ചിരിക്കുന്നു. അവൻ ഇനി എഴുന്നേൽക്കയില്ല. മരിച്ചു പോകയുള്ളൂ എന്ന് എതിർത്തവർ അവനെക്കുറിച്ചു പ്രചരിപ്പിച്ച സമയങ്ങൾ ഉണ്ട്. ദാവീദും ഞാൻ ഒരിക്കൽ ശൗലിന്റെ കയ്യാൽ മരിക്കുകയുള്ളൂ എന്ന് ചിന്തിച്ചു പോയ സമയങ്ങൾ ഉണ്ട്. എന്നാൽ ദൈവം വിശ്വസ്തൻ. തന്നോട് എതിർത്ത് നിന്നവരുടെ മീതെ ദൈവം ഒരു ദിവസം അവനെ ഉയർത്തി. അവനെ നിന്ദിച്ചവർ അവനെ വന്ദിക്കത്തക്കവണം ദൈവം അവനെ ഉയർത്തി. യോസേഫിനെ എതിർത്ത സഹോദരന്മാരുടെ മീതെ ദൈവം യോസേഫിനെ ഉയർത്തി. തങ്ങൾ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ പോകുന്നില്ലായെന്ന് കണ്ടപ്പോൾ അവർക്ക് ചില കഷ്ടങ്ങളും നഷ്ടങ്ങളും ഉണ്ടായപ്പോൾ ദാവീദിനെ കല്ലെറിഞ്ഞ് കൊല്ലുവാൻ തക്കവണ്ണം എതിർത്ത് നിന്നവരുണ്ട്. അവരുടെ മീതെയും ദൈവം അവനെ ഉയർത്തി. യേശുവിനോട് എതിർത്ത് നിന്നത് യഹൂദന്മാരും ഹന്നാവും കയ്യാഫാവും ഹെരോദാവും പീലാത്തോസും റോമൻ പടയാളികളും മാത്രമല്ല ലൂസിഫറും അവന്റെ സർവ്വ സൈന്യവും യേശുവിനോട് എതിർത്ത് നിന്ന് പോരാടി. എന്നാൽ യേശു അവരെ കാൽവരിയിൽ പരാജയപ്പെടുത്തി. അവരെ ആയുധവർഗ്ഗം വയ്പ്പിച്ചു അവരുടെ മേൽ ജയോത്സവം കൊണ്ടാടി. വാഴ്ച്ചകളെയും അധികാരങ്ങളെയും പരസ്യമായ കാഴ്ചയാക്കി. യേശുവിനെ എതിർത്തവരുടെ നടുവിൽ ദൈവം യേശുവിനെ ഉയർപ്പിച്ച് ഏറ്റവും അധികം ഉയർത്തി.സകല നാമത്തിനും മേലായ നാമം നൽകി യേശുവിനെ ഉയർത്തി. യേശുവിന്റെ നാമത്തിങ്കൽ സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവ് എന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഏറ്റു പറയുകയും ചെയ്യും. (ഫിലി : 2:9-11). യേശുവിനെ മരിച്ചവരുടെയിടയിൽ നിന്നും ഉയർപ്പിച്ച് സ്വർഗ്ഗത്തിൽ തന്റെ വലത്ത് ഭാഗത്ത് എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർതൃത്വത്തിനും ഈ ലോകത്തിൽ മാത്രമല്ല, വരുവാനുള്ള ലോകത്തിലും വിളിക്കപ്പെടുന്ന സകലനാമത്തിനും അത്യന്തം മീതെ ഇരുത്തുകയും, സർവ്വവും അവന്റെ കാൽകീഴാക്കിവച്ച് അവനെ സർവ്വത്തിനും മീതെ തലയാക്കി (എഫെ : 2:21-22). യേശുവിനെ ആരെല്ലാം എതിർത്ത് കൊന്ന് കളയുവാൻ നിന്നോ അവരുടെ എല്ലാം മീതെ യേശുവിനെ ദൈവം ഉയർത്തി. ഇന്ന് അവനെ എതിർക്കുന്നവരുടെ മീതെയും ദൈവം അവനെ ഉയർത്തുമെന്ന് വചനം വ്യക്തമായി പറയുന്നു. കർത്താധികർത്താവും രാജാധിരാജാവുമായി യെരുശലേമിൽ സിംഹാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ആധിപത്യത്തിലെ സകല മനുഷ്യരുടെയും മീതെ അവനെ ഉയർത്തപ്പെടും. വെള്ള സിംഹാസനത്തിൽ യേശു ഇരിക്കുമ്പോൾ ഇന്ന് യേശുവിനെ എതിർക്കുന്ന സകലരും അവന്റെ മുൻപിൽ വിസ്താരത്തിന് നിൽക്കേണ്ടി വരും. അന്ന് അവരുടെ മുട്ട് അവന്റെ മുൻപിൽ വണങ്ങും. അവൻ ഏറ്റവും ഉയർത്തപ്പെട്ടിരിക്കുന്ന കാഴ്ച ഹെരോദാവും, പീലാത്തോസും, ഹന്നാവും, കയ്യഫാവും ഒക്കെ കണ്ട് അവന്റെ മുൻപിൽ മുട്ട് കുത്തും. ഇന്നും ദൈവത്തെ ദൈവവചനപ്രകാരം സേവിക്കുന്നവരെ എതിർക്കുന്നവരും അവർക്കെതിരെ നിൽക്കുന്നവരും അവർക്ക് ദോഷം ചെയ്യുന്നവരും വളരെയുണ്ട്. അത് മനുഷ്യർ മാത്രമല്ല, അന്ധകാര ശക്തികളും അവർക്ക് എതിരാണ്. അലറുന്ന സിംഹം എന്ന പോലെ പ്രതിയോഗിയായ പിശാച് അവരോട് എതിർത്ത് നിൽക്കുന്നുണ്ട്. എന്നാൽ ദൈവാത്മാവ് ഉള്ള ഒരു ദൈവപൈതലിനെ തന്നോട് എതിർക്കുന്നവരുടെ മീതെ ദൈവം ഉയർത്തുന്ന ദൈവമാണ്. പുനരുത്ഥാന ശക്തി വ്യാപാരിച്ച് കൊണ്ടിരിക്കുന്നവരെ ദൈവം എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർതൃത്വത്തിനും മീതെ ഉയർത്തി ഇരുത്തിയിരിക്കുകയാണ്. നമ്മെ ഇന്ന് എതിർക്കുന്നവർ ഒരുപ്പാട് പേരുണ്ട്. അവരുടെ നാമങ്ങളുടെ മീതെ യേശുവിന്റെ നാമത്തെ ദൈവം ഉയർത്തിയിരിക്കുന്നത് പോലെ നമ്മെയും ഉയർത്തിയിരിക്കുകയാണ്. ആ നാമങ്ങൾ എല്ലാം യേശുവിന്റെ നാമത്തിന്റെ ശക്തിയാൽ നമ്മുടെയും കാൽകീഴിലാണ്.
സമാധാനത്തിന്റെ ദൈവം വേഗം സാത്താനെ നമ്മുടെ കാൽകീഴാക്കും. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ നമുക്ക് അധികാരം തന്നിരിക്കുന്നു. എതിർക്കുന്നവരുടെ എല്ലാവരുടെയും മീതെ ദൈവം നമ്മെ ഉയർത്തുന്ന സമയം ഉണ്ട്. ക്ഷമയോടും സഹിഷ്ണതയോടും കാത്തിരിക്കാം. എതിർക്കുന്നവർ അത് കണ്ട് ലജ്ജിക്കും.