‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (116)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
നമ്മുടെ വീണ്ടെടുപ്പ് പൂർത്തീകരിക്കുന്നതിന് ദൈവം പ്രവർത്തിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തുവാൻ ഒരു ശക്തിക്കും സാധ്യമല്ല. ഈ ഖണ്ഡികയിൽ നാല് വെല്ലുവിളികൾ തുടരെ കാണാം.
1) നമുക്ക് പ്രതികൂലം ആര് ? (വാ. 31)
2) ദൈവം തിരഞ്ഞെടുത്തവരെ ആര് കുറ്റം ചുമത്തും ? (വാ. 33)
3) ശിക്ഷ വിധിക്കുന്നവൻ ആര് ? (വാ. 34)
4) ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് വേർപിരിക്കുന്നതാര് ? (വാ. 35)
ദൈവം നമുക്ക് വേണ്ടി എങ്കിൽ നമുക്ക് വിരോധി ആര് ? എല്ലാ സന്ദേഹികളെയും പൗലോസ് വെല്ലുവിളിക്കുകയാണിവിടെ ? “ദൈവം നമുക്ക് വേണ്ടി എങ്കിൽ നമ്മുടെ സകല ശത്രുക്കളെയും അവഗണിക്കയുന്നതെയുള്ളൂ”
8:29,30 ൽ ദൈവം നമുക്ക് അനുകൂലമായി തന്നെ തന്നെ വെളിപ്പെടുത്തി അഞ്ചു കാര്യങ്ങൾ പറഞ്ഞു.
മുന്നറിവ്, മുൻനിയമനം, വിളി, നീതീകരണം, തേജസ്കരണം. ഭൂതകാല നിത്യത മുതൽ ഭാവികാല നിത്യതവരെ ദൈവം നമുക്ക് വേണ്ടിയാണ് യേശുവിന്റെ മരണം ദൈവം നമുക്ക് വേണ്ടിയാണെന്നുള്ളതിന്റെ തെളിവാണ്. ദൈവം നമ്മുടെ പ്രതിപുരുഷൻ എങ്കിൽ നമുക്കെതിര് നില്ക്കാൻ ആർക്കും കഴിയുകയില്ല. മരിക്കുന്ന ക്രിസ്തുവിന്റെ പകരമായ ശുശ്രുഷ തന്റെ പ്രായശ്ചിത്തമാണ്. (വാ. 34) ജീവിക്കുന്ന ക്രിസ്തുവിന്റെ പകരമായ ശുശ്രുഷ തന്റെ മദ്ധ്യസ്ഥതയാണ്. (വാ. 34) മരണത്തിൽ അവൻ നമ്മുടെ പകരക്കാരൻ ആയിരുന്നു എന്ന് മാത്രമല്ല, നിത്യതയിലും അങ്ങനെയായിരിക്കും നാം അവന്റെ പ്രാതിനിധ്യം വഴി രക്ഷിക്കപ്പെട്ടിരിക്കുന്നു. ആർക്കും നമുക്കെതിര് നില്ക്കാൻ കഴിയാത്തതിന്റെ കാരണം നമുക്ക് ഒരു പ്രതിപുരുഷൻ (ജാമ്യക്കാരൻ) ഉണ്ട് എന്നതാണ്.
8:32 ‘സ്വന്തപുത്രനെ ആദരിക്കാതെ’ ആദരിക്കാതെ എന്ന പദം ഇത് കൂടാതെ, പുതിയ നിയമത്തിൽ മൂന്ന് പ്രാവശ്യം കാണുന്നു.
1) ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത ചെന്നായ്ക്കൾ (അപ്പൊ : 20:29)
2) പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിച്ചില്ല (2 പത്രോസ് :2:4)
3) പുരാതന ലോകത്തെ ദൈവം ആദരിച്ചില്ല (2 പത്രോസ് : 2:5)
പൗലോസ് പറയുകയാണ്, “ഈ സ്വന്ത പുത്രൻ ഏകജാതനായ പുത്രനും പ്രിയ പുത്രനുമാണ്. ദൈവം നമുക്ക് വേണ്ടി സ്വന്തപുത്രനെ ആദരിച്ചില്ല. നമ്മുടെ എല്ലാ ആവശ്യങ്ങളും നിർവഹിച്ചു തരത്തക്കവണ്ണം അവൻ നമ്മെ സ്നേഹിച്ചു എന്നതിന്, അതാണ് എട്ടാം വലിയ ഉറപ്പ് (മത്തായി : 6:33). “ദൈവത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് സ്വന്തമകൻ യിസഹാക്കിനെ യാഗമായി നൽകി സ്വാമിഭക്തി വെളിപ്പെടുത്തിയ അബ്രഹാമിനെകുറിച്ച് ദൈവം പറഞ്ഞ വാക്കുകളാണ് ദൈവത്തെ പറ്റി പൗലോസ് പറഞ്ഞിരിക്കുന്നത്.